സ്വർണ വില കുത്തനെ താഴേക്ക്: ഇനിയും കുറയുമോ? എന്താണ് ഇടിവിന് കാരണം; വിദഗ്ധർ പറയുന്നത്
സംസ്ഥാനത്തെ സ്വർണ വിലയില്‍ ഇന്ന് വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങള്‍ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ട്രോയ് ഔണ്‍സിന്റെ വില കുറഞ്ഞിട്ടും കേരളത്തിലെ നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ അക്ഷയ തൃതീയ കഴിഞ്ഞതിന് പിന്നാലെ രണ്ടാഴ്ച്ചക്ക് ഇടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണ വില എത്തുകയായിരുന്നു.
ഇന്ന് ഒരു പവന്‍ സ്വർണത്തിന് 1640 രൂപയാണ് സംസ്ഥാനത്ത് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരുപവന്റെ വിപണി നിരക്ക് 70200 ലേക്ക് എത്തി. ഏറെ നാളുകള്‍ക്ക് ശേഷമാണ് 70000 ത്തിലേക്ക് കേരളത്തിലെ സ്വർണ വില എത്തുന്നത്. ഗ്രാമിന് 205 രൂപ കുറഞ്ഞ് 8775 ലേക്കും എത്തി. ഏപ്രില്‍ 23 ന് ആയിരുന്നു സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലേക്ക് സ്വർണ വില എത്തിയത്. 74320 രൂപയായിരുന്നു അന്നത്തെ വില. എന്നാല്‍ തൊട്ടടുത്ത ദിവസം ഒറ്റയടിക്ക് 22000 രൂപ കുറഞ്ഞത് വലിയ ആശ്വാസമായി.

ആഗോളതലത്തിൽ, സ്‌പോട്ട് ഗോൾഡ് നിരക്ക് 0.2% ഇടിഞ്ഞ് ഔൺസിന് 3308.32 ഡോളറിലെത്തി. കഴിഞ്ഞ മാസത്തെ മൊത്തം കണക്ക് പരിശോധിക്കുകയാണെങ്കില്‍ ഏപ്രിലില്‍ 6 ശതമാനം വില വർധനവാണ് ആഗോളതലത്തില്‍ ഉണ്ടായത്. അതേസമയം, യുഎസ്-ചൈന വ്യാപാര സംഘർഷം ലഘൂകരിക്കുന്നതിന്റെ സൂചനകളും ഡോളർ ശക്തിപ്പെട്ടതും സുരക്ഷിത നിക്ഷേപമായ സ്വർണത്തിലുള്ള ആകർഷണം കുറയ്ക്കുകയായിരുന്നു. ഡിമാന്‍ഡ് കുറഞ്ഞതോടെ വിലയും പതിയെ താഴേക്ക് ഇറങ്ങാന്‍ തുടങ്ങി.
വിദഗ്ധർ സ്വർണ വിലയിൽ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകൾ പ്രവചിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ നിരക്ക് അല്‍പം കൂടെ താഴേക്ക് പോയാലും അത്ഭുതപ്പെടാനില്ല. എന്നാല്‍ ദീർഘകാല ഭാവി നോക്കുകയാണെങ്കില്‍ വില ഉയരാന്‍ തന്നെയാണ് സാധ്യത. ജെപി മോർഗൻ 2025 അവസാനത്തോടെ സ്വർണ വില ഔൺസിന് 3,675 ഡോളറിലും 2026 മധ്യത്തോടെ 4,000 ഡോളറിലും എത്തുമെന്നാണ് പ്രവചനം. അതായത് സ്വർണ വില പതിയെ മുന്നോട്ട് തന്നെ പോകും. എന്നാല്‍ ഒറ്റയിടിക്കുള്ള വന്‍ വർധനവിന്റെ സാധ്യതകള്‍ കാണുന്നില്ല.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മാക്രോ ഇക്കണോമിക് ആശങ്കകള്‍ക്കും ഒപ്പം തന്നെ കേന്ദ്ര ബാങ്കുകളുടെ വാങ്ങലും സ്വർണ വിലയുടെ വർധനവിനുള്ള കാരണങ്ങളായി മാറും. യുഎസ്-ചൈന വ്യാപാര സംഘർഷം ലഘൂകരിക്കുന്നത് സ്വർണത്തിന്റെ സുരക്ഷിത ആസ്തിയെന്ന് ആകർഷണം കുറച്ചെങ്കിലും ഡോളർ ദുർബലമായത് വലിയ ഇടിവിലേക്ക് പോകാതെ പിടിച്ച് നിർത്തുകയായിരുന്നുവെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടും പറയുന്നു.
ഇന്ത്യയിൽ അക്ഷയ തൃതീയ ദിനത്തിലെ വാങ്ങലുകളും വിലയിടിവിനെ തടഞ്ഞു. ജ്വല്ലറികൾ 35% വിൽപ്പന മൂല്യ വർധനവ് ഉണ്ടായെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ വാങ്ങുന്ന അളവില്‍ കാര്യമായ വർധനവ് ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. പല ഉപഭോക്താക്കളും സ്വർണത്തെ ആഭരണമായി മാത്രം കാണാതെ വിപണി സുരക്ഷിത നിക്ഷേപമായും കാണുന്നു. ആഭരണങ്ങള്‍ക്ക് പകരം സ്വർണക്കട്ടികളും നാണയങ്ങളും കൂടുതല്‍ വാങ്ങുന്നതിനും ഇത് കാരണമാക്കി.
ഡിജിറ്റല്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഏകദേശം 15 ദശലക്ഷം ഇന്ത്യക്കാർ ഡിജിറ്റൽ സ്വർണം വാങ്ങിയെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ട്. സ്വർണം ആഭരണമായി വാങ്ങുമ്പോള്‍ വരുന്ന പ്രധാനപ്പെട്ട അധിക ചിലവാണ് പണിക്കൂലി. ഇതോടൊപ്പം തന്നെ ഹാള്‍മാർക്കിങ് ചാർജ് ഉള്‍പ്പെടേയുമുണ്ട്. എന്നാല്‍ ഡിജിറ്റല്‍ സ്വർണത്തിന് ഇത്തരം വെല്ലുവിളികള്‍ ഒന്നും തന്നേയില്ല. ഇതിന് പുറമെ സുക്ഷിച്ച് വെക്കാനുള്ള റിസ്ക്, പണിക്കുറവ്, തേയ്മാനം എന്നിവ അടക്കമുള്ള പ്രതിസന്ധികളും ഡിജിറ്റല്‍ സ്വർണത്തിന്റെ കാര്യത്തിലില്ല.












Click it and Unblock the Notifications