സ്വർണ്ണം കുമിഞ്ഞ് കൂടിയ ഒരു ജില്ല: ബൻസ്വാരയിലെ കങ്കരിയിലും സ്വർണ്ണ ഖനനം ആരംഭിക്കുന്നു
ജയ്പൂരിലെ സ്വർണ ഖനന നീക്കങ്ങള്‍ വീണ്ടും സജീവമാക്കി സർക്കാർ. ബൻസ്വാര ജില്ലയിലെ കങ്കരിയ ഗാര ബ്ലോക്കിൽ സ്വർണം ഖനനം ചെയ്യുന്നതിനുള്ള സംയോജിത ലൈസൻസിനായി ഖനന-ഭൂഗർഭ ശാസ്ത്ര വകുപ്പ് വീണ്ടും ലേലത്തിന് അപേക്ഷ ക്ഷണിച്ചു. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ നടന്ന ലേല പ്രക്രിയയിൽ റദ്ദാക്കിയതിനെ തുടർന്നാണ് വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഘട്ടോൾ തെഹ്സിലിലെ ദേൽവാര രവാന, ഗർജിയ മഗ്ര, ദേൽവാര ലോകിയ, രുഘ്നാഥ്ജി ഗാര, ലംബിപാട്ടിയ ഗ്രാമങ്ങളിലായി 205 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ ബ്ലോക്കിൽ ഏകദേശം 12.4 ലക്ഷം ടൺ സ്വർണ അയിര് ശേഖരമുണ്ടന്നാണ് കണക്കാക്കപ്പെടുന്നത്. ബ്ലോക്കിന്റെ ലേലം ഇലക്ട്രോണിക് രീതിയിലായിരിക്കും നടക്കുകയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

"എം എസ് ടി സി പ്ലാറ്റ്ഫോമിൽ ടെൻഡർ ഡോക്യുമെന്റിന്റെ വിൽപ്പന സെപ്റ്റംബർ 29-ന് ആരംഭിച്ചു, 2025 ഒക്ടോബർ 14 വരെ തുടരും. ലേലം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 3 ആണ്. യോഗ്യതയുള്ള കമ്പനികള്‍ നിഷ്കർഷിച്ച മാർഗനിർദേശങ്ങളും സമയക്രമവും അനുസരിച്ച് ഡിജിറ്റൽ രൂപത്തിൽ മാത്രമേ പങ്കെടുക്കാവൂ." ഖനന-ഭൂഗർഭ ശാസ്ത്ര വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
നേരത്തെ, ഭൂകിയ-ജഗ്പുര ബ്ലോക്കിനൊപ്പം ഗാര ബ്ലോക്കിന്റെ ലേലവും ഖനന വകുപ്പ് നടത്തിയിരുന്നു. 2024 ജൂണിൽ, കർണാടക, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം സ്വർണ ഖനന ലേലം നടത്തുന്ന നാലാമത്തെ സംസ്ഥാനമായി രാജസ്ഥാൻ മാറി. എന്നാൽ, വിജയിച്ച കമ്പനിയുടെ രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആ ലേലം റദ്ദാക്കുകയായിരുന്നു.
"റാത്‌ലാം ആസ്ഥാനമായുള്ള സയ്യിദ് ഒവൈസ് അലിയുടെ ഓവൈസ് മെറ്റൽ ആൻഡ് മിനറൽ പ്രോസസിംഗ് ലിമിറ്റഡിന് നൽകിയ ലൈസൻസ്, കമ്പനിയുടെ മൊത്തം ആസ്തിയിലും ആദായനികുതി റിട്ടേണുകളിലും കണ്ടെത്തിയ ക്രമക്കേടുകൾക്ക് ശേഷം റദ്ദാക്കുകയായിരുന്നു." ഒരു മുതിർന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പുതിയ ലേലത്തിലൂടെ, സുതാര്യവും കർശനവുമായ മാനദണ്ഡങ്ങൾ പാലിച്ച് ഖനന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു ബിഡ്ഡറെ കണ്ടെത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഘണ്ടോളിലെ ജഗ്‍പുരയ്ക്കും ഭുകിയയ്ക്കും പിന്നാലെയാണ് കാങ്കാരിയയിലും സ്വർണ ഖനനം ആരംഭിക്കാന്‍ പോകുന്നത്. പ്രാഥമിക സർവ്വേകളിൽ പ്രദേശത്തെ ഏകദേശം 3 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് സ്വർണ അയിരിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 1990-91-ൽ നടന്ന സർവേയിലാണ് ബൻസ്‌വാര ജില്ലയിൽ സ്വർണ നിക്ഷേപം ഉണ്ടെന്ന് ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ജഗ്‍പുര-ഭുകിയ മേഖലയിൽ സ്വർണ ഖനനത്തിനുള്ള ലൈസൻസും കേന്ദ്രസർക്കാർ നൽകിയിരുന്നു.
അതേസമയം, ബൻസ്വാര ജില്ലയിലെ തന്നെ മറ്റൊരു സ്വർണ ശേഖരവും അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതോടെ മേഖയിലെ മൂന്നാമത്തെ ഖനിയായി പുതിയ കണ്ടെത്തല്‍ മാറി. പുതിയ ശേഖരത്തിലെ ഖനനത്തിനായി ഉടൻ ടെൻഡറുകൾ പുറപ്പെടുവിക്കുന്നും ഇതിലൂടെ സംസ്ഥാനത്തിന് വൻ വരുമാനം സൃഷ്ടിക്കാന്‍ കഴിയുമെന്നുമാണ് രാജസ്ഥാന്‍ സർക്കാർ പ്രതീക്ഷിക്കുന്നത്.
പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരുന്നു ജയ്പൂരിലെ ഭൂമിക്കടിയിലെ സ്വർണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയത്.












Click it and Unblock the Notifications