24 കാരറ്റ് സ്വർണം വാങ്ങിയാണോ ദുബായിൽ നിന്നും വരുന്നത്? പണികിട്ടുമോ? നിർണായകമായി കോടതി വിധി
വിദേശത്തുനിന്ന് സ്വർണവുമായി മടങ്ങിയെത്തുന്ന യാത്രക്കാർക്ക് ആശ്വാസം നൽകുന്ന സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി. 2023-ൽ സൗദി അറേബ്യയിൽ നിന്ന് ഡൽഹിയിലെത്തിയ ആഷിയ എന്ന ഇന്ത്യൻ വനിതയുമായി ബന്ധപ്പെട്ട കേസിലാണ് വിധി. 50 ഗ്രാം തൂക്കമുള്ളതും 24 കാരറ്റ് (998 പരിശുദ്ധി) നിലവാരമുള്ളതുമായ നാല് സ്വർണ്ണ വളകളായിരുന്നു അവർ നാട്ടിലേക്ക് കൊണ്ടുവന്നത്. എന്നാൽ സ്വർണക്കടത്ത് സംശയിച്ച് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ വളകൾ പിടിച്ചെടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച നിയമപോരാട്ടത്തിലാണ് ഇപ്പോൾ കോടതി ആഷിയക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്.
ഉയർന്ന ശുദ്ധിയുള്ള സ്വർണ്ണം ആഭരണങ്ങളിൽ സാധാരണയായി കാണാറില്ലെന്നും, ഇത് സ്വർണ്ണക്കട്ടിയായി കണക്കാക്കണമെന്നുമായിരുന്നു കസ്റ്റംസ് വാദം. അതിനാൽ പിഴയും മറ്റ് നിയമനടപടികളും ആവശ്യമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എന്നാൽ ആഷിയ സ്ഥിരം കുറ്റവാളിയല്ലെന്നും പിടിച്ചെടുത്ത സ്വർണ്ണം വാണിജ്യപരമായ പ്രാധാന്യമുള്ള അളവിലായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ആഭരണങ്ങൾ ഉയർന്ന പരിശുദ്ധിയുള്ളതാണെങ്കിൽ പോലും അതിനെ സ്വർണക്കട്ടിയായി കണക്കാക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ആഭരണങ്ങളെ നിർവചിക്കുമ്പോൾ 22 കാരറ്റ് സ്വർണ്ണവും 24 കാരറ്റ് സ്വർണ്ണവും തമ്മിൽ നിയമങ്ങൾ വേർതിരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഒരു യാത്രക്കാരൻ ആഭരണം ധരിച്ചിട്ടുണ്ടെങ്കിൽ, അത് ഒളിപ്പിച്ചതല്ലെങ്കിൽ, അത് വ്യക്തിഗത ആഭരണമായിത്തന്നെ പരിഗണിക്കണമെന്ന് കോടതി കൂട്ടിച്ചേർത്തു .വ്യക്തിഗത ആവശ്യങ്ങൾക്ക് സ്വർണം കൊണ്ടുവരുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് വിധി.
എന്താണ് നിയമം?
ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കുള്ള 2016 ലെ ലഗേജ് നിയമങ്ങൾ പ്രകാരം സ്വർണം കൊണ്ടുവരുന്നതിന് ചില പരിധികൾ ഉണ്ട്. പുരുഷന്മാർക്ക് 20 ഗ്രാം സ്വർണാഭരണങ്ങൾ വരെ കൊണ്ടുവരാം. ഇതിന്റെ പരമാവധി മൂല്യം 50,000 രൂപയാണ്. സ്ത്രീകൾക്ക് ഇത് 40 ഗ്രാം വരെയാണ്, പരമാവധി 1,00,000 രൂപ മൂല്യമുള്ള ആഭരണങ്ങൾ കൊണ്ടുവരാം. ഈ പരിധിക്കുള്ളിൽ വരുന്ന ആഭരണങ്ങൾക്ക് ഡ്യൂട്ടി രഹിതമായി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. അതായത് അതായത്, 50000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരുന്നവര്‍ നികുതി അടയ്‌ക്കേണ്ടി വരുമെന്ന് സാരം. നിലവിലെ വിലയിൽ 50,000 രൂപയ്ക്ക് അഞ്ച് ഗ്രാം പോലും വാങ്ങാൻ സാധിക്കില്ലെന്നിരിക്കെ ചട്ടം മാറ്റണമെന്ന ആവശ്യം പ്രവാസികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. നിയമപരമായ രീതിയിൽ സ്വർണം കൊണ്ടുവരുമ്പോൾ പോലും തങ്ങളെ കുറ്റക്കാരെപ്പോലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കാണുന്നതെന്ന് ഇവർ പറയുന്നു.
24 കാരറ്റ് സ്വർണം നാട്ടിലേക്ക് കൊണ്ടുവരാൻ പ്രത്യേക പരിഗണനയുണ്ടോ?
ഇല്ല. 1962-ലെ കസ്റ്റംസ് നിയമത്തിലോ 2016-ലെ ബാഗേജ് നിയമത്തിലോ ഉയർന്ന പരിശുദ്ധിയുള്ള സ്വർണത്തിന് പ്രത്യേക പരിഗണനയൊന്നും നൽകുന്നില്ല. അധികാരികൾ പരിശുദ്ധിയെ മാത്രം ആശ്രയിക്കാതെ, വസ്തുവിന്റെ രൂപം, ഉപയോഗം, സാഹചര്യം എന്നിവയാണ് പരിഗണിക്കുന്നത്.
സ്വർണം കൊണ്ടുവരുമ്പോൾ യാത്രക്കാർ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?
ഡ്യൂട്ടി ഫ്രീ പരിധികളടക്കം 2016-ലെ ബാഗേജ് നിയമങ്ങൾ മനസ്സിലാക്കുക.
ബില്ലുകൾ, ഇൻവോയിസുകൾ, തുടങ്ങിയ ഉടമസ്ഥാവകാശത്തിനുള്ള തെളിവുകൾ കൈവശം വെക്കുക.
ഹോൾമാർക്കുകളോ പരിശുദ്ധി സർട്ടിഫിക്കേഷനുകളോ സൂക്ഷിക്കുക.
പുതിയതോ, പാക്കറ്റിലാക്കിയതോ, ടാഗോടുകൂടിയതോ ആയ ആഭരണങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കാനും കസ്റ്റംസ് ആക്ടിന്റെ 112(എ), 112(ബി) വകുപ്പുകൾ പ്രകാരം വലിയ പിഴ ചുമത്തുന്നതിനും കാരണമായേക്കാം. അതുകൊണ്ട്, വിദേശത്തുനിന്ന് മടങ്ങിവരുമ്പോൾ ലഗേജിലുള്ള സാധനങ്ങൾ വെളിപ്പെടുത്തുന്നതാണ് ഉചിതം. അനാവശ്യ നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ സാധ്യമെങ്കിൽ ബില്ലുകളോ മുൻപ് ഉപയോഗിച്ചതിന്റെ തെളിവുകളോ കൈവശം വെക്കുന്നതും നല്ലതാണ്. സ്വർണം പിടിച്ചെടുത്താൽ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് നോട്ടീസ് നൽകണം. നിയപരമായി കൊണ്ടുവന്ന സ്വർണമാണെങ്കിൽ ഇതിനെ നിയമപരമായി തന്നെ ചോദ്യം ചെയ്യാം.












Click it and Unblock the Notifications