പഴയ കഥകള്‍ക്ക് വിട, ഇന്ന് യുപി പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും ഉറവിടമായി മാറി: നരേന്ദ്ര മോദി
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ വലിയ രീതിയിലുള്ള നിക്ഷേപമാണ് യുപി പ്രതീക്ഷിക്കുന്നത്

ദില്ലി: ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 5-6 വര്‍ഷത്തിനുള്ളില്‍ ഉത്തര്‍ പ്രദേശ് ഒരു പുതിയ സ്വത്വം സ്ഥാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ മികച്ച ഭരണത്തിനും മെച്ചപ്പെട്ട ക്രമസമാധാന നിലയ്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും പേരുകേട്ടതാണ് ഉത്തര്‍പ്രദേശ്. ''സമ്പത്ത് സൃഷ്ടിക്കുന്നവര്‍ക്കായി പുതിയ അവസരങ്ങള്‍ ഇവിടെ ഉണ്ടാകുന്നു'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
യു.പിയില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള സംരംഭങ്ങള്‍ ഫലം കാണുന്നുവെന്നും പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി ഉടന്‍ തന്നെ യു.പി അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചരക്ക് ഇടനാഴി മഹാരാഷ്ട്രയിലെ കടല്‍ത്തീരവുമായി സംസ്ഥാനത്തെ നേരിട്ട് ബന്ധിപ്പിക്കും. വ്യാപാരം സുഗമമാക്കുന്നതിന് യു.പിയിലെ ഗവണ്‍മെന്റിന്റെ ചിന്തകളിലുണ്ടായ അര്‍ത്ഥവത്തായ മാറ്റവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഇന്ന് യു.പി പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും ഉറവിടമായി മാറിയിരിക്കുന്നു'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആഗോളവേദിയില്‍ ഒരു തിളക്കമുള്ള സ്ഥലമായി ഇന്ത്യ മാറിയതുപോലെ യു.പി രാജ്യത്തിലെ തിളക്കമുള്ള സ്ഥലമായി മാറിയെന്നതിനും അദ്ദേഹം അടിവരയിട്ടു.
മഹാമാരിയിലും യുദ്ധത്തിലും പ്രതിരോധം കാണിക്കുക മാത്രമല്ല, ദ്രുതഗതിയിലുള്ള വീണ്ടെടുക്കല്‍ പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍, ലോകത്തിലെ വിശ്വസനീയമായ എല്ലാ ശബ്ദങ്ങളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ചയിലേക്കുള്ള ഗതിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഓരോ പൗരനും വികസനത്തിന്റെ പാതയിലൂടെ അടിവയ്ക്കാനും വരുംകാലങ്ങളില്‍ ഒരു 'വികസിത് ഭാരത'ത്തിന് സാക്ഷ്യം വഹിക്കാനും ആഗ്രഹിക്കുന്നുവെന്നതിനും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരുന്ന ഗവണ്‍മെന്റിന് പ്രേരകശക്തിയായി മാറിയത് ഇന്ത്യന്‍ സമൂഹത്തിന്റെ അഭിലാഷങ്ങളാണ്. ഇന്ത്യയെപ്പോലെ യു.പിയിലും അഭിലാഷമുള്ള ഒരു സമൂഹം നിങ്ങളെ കാത്തിരിക്കുന്നുവെന്ന് ഉത്തര്‍പ്രദേശിന്റെ വലിപ്പവും ജനസംഖ്യയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നിക്ഷേപകരോടായി പറഞ്ഞു. ഇന്നത്തെ ഇന്ത്യ, യഥാര്‍ത്ഥത്തില്‍, വേഗതയുടെയും തോതിന്റെയും പാതയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഒരു വലിയ വിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുകയും അവര്‍ മുന്നോട്ട് ചിന്തിക്കുകയും ചെയ്യുന്നു. ഇതാണ് ഇന്ത്യയിലെ വിശ്വാസത്തിന്റെ ഏറ്റവും വലിയ കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബജറ്റിനെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി അടിസ്ഥാന സൗകര്യത്തിനുള്ള വിഹിതത്തിലെ വര്‍ദ്ധനയ്ക്ക് അടിവരയിടുകയും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ നിക്ഷേപകര്‍ക്കുള്ള അവസരങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. അതുപോലെ, ഇന്ത്യ പുല്‍കിയ ഹരിത വളര്‍ച്ചാ പാതയിലെ അവസരങ്ങളിലേക്ക് അദ്ദേഹം നിക്ഷേപകരെ ക്ഷണിച്ചു. ഊര്‍ജ പരിവര്‍ത്തനത്തിനായി മാത്രം ഈ വര്‍ഷത്തെ ബജറ്റില്‍ 35,000 കോടി രൂപ വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു. ക്ഷീരോല്‍പ്പാദനം, കൃഷി, മത്സ്യബന്ധനം, ഭക്ഷ്യ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലുള്ള അവസരങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇപ്പോഴും പരിമിതമായിട്ടുള്ള ഒരു മേഖലയാണിതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിലെ ഉല്‍പ്പാദന ബന്ധിത ആനുകൂല്യ പ്രോത്സാഹനത്തെ (പി.എല്‍.ഐ)ക്കുറിച്ച് അദ്ദേഹം നിക്ഷേപകരോട് പറഞ്ഞു. കര്‍ഷകര്‍ക്ക് കൃഷിക്ക് ആവശ്യമുള്ള സാമഗ്രികൾ മുതല്‍ വിളവെടുപ്പിന് ശേഷമുള്ള പരിപാലനം വരെ തടസ്സങ്ങളില്ലാത്ത ആധുനിക സംവിധാനം ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ചെറുകിട നിക്ഷേപകര്‍ക്ക് അഗ്രി ഇന്‍ഫ്രാ ഫണ്ടുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ സുപ്രധാന നിക്ഷേപ ഉച്ചകോടിയാണ് ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപ ഉച്ചകോടി 2023. വ്യാപാര അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, ആശയരൂപീകരണത്തിനുള്ള വിദഗ്ധസംഘങ്ങള്‍, നേതാക്കള്‍ എന്നിവർ പരിപാടിയില്‍ പങ്കെടുക്കും.












Click it and Unblock the Notifications