മെഹബൂബക്കെതിരെ പിഎസ്എ ചാര്‍ത്തിയത് വിഘടനവാദികളുമായി പ്രവര്‍ത്തിച്ചതിനെതിനെന്ന് സര്‍ക്കാര്‍ രേഖകള്‍
ദില്ലി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ പൊതുസുരക്ഷ നിയമപ്രകാരം കേസെടുത്തത് വിഘടനവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ 6 പേജുള്ള ഔദ്യോഗിക രേഖ വ്യക്തമാക്കുന്നു. ജമ്മുകശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് 5ന് ശേഷം മെഹബൂബ മുഫ്തി സ്വീകരിച്ച പരസ്യ നിലപാട് എന്താണെന്ന് രേഖകൾ പറയുന്നു. ആര്‍ട്ടിക്കിള്‍ 35 എ, ആര്‍ട്ടിക്കിള്‍ 370 എന്നിവയ്ക്ക് മേല്‍ ഏതെങ്കിലും തരത്തിലുള്ള കൈ തൊടാന്‍ ശ്രമിച്ചാല്‍ ആ കൈ മാത്രമല്ല, ശരീരം മുഴുവന്‍ കത്തിച്ചാരമാക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന മുഫ്തിയുടെ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു നീക്കം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി ജനങ്ങളോട് ഹൈവേ ഉപരോധിക്കാനായി ആഹ്വാനം ചെയ്യുന്ന മുഫ്തിയുടെ ട്വീറ്റുകളും സര്‍ക്കാര്‍ രേഖകളിലുണ്ട്. പിഡിപിയുടെ മേധാവിയായ മെഹബൂബ മുഫ്തി നേരത്തെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വെക്കാവുന്ന പിഎസ്എ ജമ്മുകശ്മീരിലെ കുപ്രസിദ്ധമായ നിയമമാണ്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലാക്കിയ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി ഉള്‍പ്പെടെ നിരവധി ഉന്നത രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് പിഎസ്എ പ്രകാരം ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പിഡിപി നേതാവ് നയീം അക്തര്‍, നാഷ്ണല്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗര്‍, മുതിര്‍ന്ന പിഡിപി നേതാവ് സര്‍താജ് മദാനി, മെഹബൂബ മുഫ്തിയുടെ അമ്മാവന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരെ കശ്മീരി യുവാക്കളെ പ്രത്യേകിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ സാഗര്‍ അണിനിരത്തിയതായി രേഖകളില്‍ പറയുന്നു. കശ്മീരില്‍ സൈന്യത്തെ വിന്യസിച്ചതിനെതിരെയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും അദ്ദേഹം പൊതുജനങ്ങളെ പ്രേരിപ്പിച്ചു. അതേസമയം, 2009ലെ ആസിയ നിലോഫര്‍ ബലാത്സംഗ കൊലപാതക കേസുകളില്‍ സര്‍താജ് മദനി പ്രധാന പങ്കുവഹിച്ചതായി പിഎസ്എ രേഖയില്‍ പറയുന്നു.
പ്രതിഷേധങ്ങളില്‍ സാമൂഹ്യവിരുദ്ധരെ അണിനിരത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. തെരുവ് പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആളുകളെ പ്രേരിപ്പിച്ചു. അഫ്‌സല്‍ ഗുരു മരിച്ചതിന് ശേഷം വിഘടനവാദികളെ സജീവമായി പിന്തുണയ്ക്കാനും യൂണിയന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ജമ്മു കശ്മീരിനെ വേര്‍പെടുത്താനും പ്രചരണം നടത്തി. എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍താജിനെതിരെ കേസെടുത്തത്.












Click it and Unblock the Notifications