ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സർക്കാറിന്റെ ഹർജി: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
ഡല്‍ഹി: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഹർജിയില്‍ കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. നിയമസഭകൾ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകാൻ വൈകുന്നതിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. കേന്ദ്ര സർക്കാറിന് പുറമെ ഗവർണറുടെ അഡീഷണല്‍ സെക്രട്ടറിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ ഹർജി വെള്ളിയാഴ്ച് വീണ്ടും പരിഗണിക്കും. ഈ സമയത്ത് കേന്ദ്ര സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറലും അഡീഷണല്‍ സോളിസിറ്റർ ജനറലും ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കുന്നത് ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നാണ് കേരള സർക്കാറിന്റെ വാദം. സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവർണർ പിടിച്ച് വെച്ചിരിക്കുന്നത്. . മൂന്ന് ബില്ലുകൾ രണ്ട് വർഷത്തിലേറെയായി ഗവർണറുടെ കൈയിലുണ്ട്. മൂന്നെണ്ണം ഗവർണർക്ക് കൈമാറിയിട്ട് ഒരു വർഷത്തിലേറെയായി.
ഗവര്‍ണര്‍ സര്‍വകലാശാല ബില്ലില്‍ ഒപ്പുവെയ്ക്കാത്തതിനാല്‍ വിവിധ സര്‍വകലാശാലകളിലെ വിസി നിയമനം സ്തംഭിച്ച അവസ്ഥയിലാണ്. കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ലും ലോകായുക്ത ബില്ലും അടക്കമാണ് ഒപ്പിടാനുള്ളത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നുവെന്ന തീരുമാനത്തെ സ്വാഗതംചെയ്യുന്നുവെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.
കേരളത്തിന് പുറമെ തമിഴ്നാട്, പഞ്ചാബ് ഗവർണ്ണർക്കെതിരെ അതത് സർക്കാരുകളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബില്ലുകളില്‍ ഒപ്പിടാത്ത തമിഴ്നാട് ഗവർണ്ണർക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയ സുപ്രീംകോടതി ഇന്നും അത് ആവർത്തിച്ചു. ഗവർണർ കഴിഞ്ഞ 3 വർഷം എന്താണ് ചെയ്യുന്നതെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.
ഗവര്‍ണര്‍മാര്‍ സര്‍ക്കാറുകളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി ബില്ലുകളും ഫയലുകളും ക്ലിയര്‍ ചെയ്യാത്തത് ഗുരുതരമായ ആശങ്കയാണ് ഉണര്‍ത്തുന്നത്.
നിയമസഭ പാസാക്കിയ നിരവധി ബില്ലുകളിലും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലുകളിലും തമിഴ്നാട് ഗവര്‍ണര്‍ ഒപ്പുവെക്കാത്തതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബില്ലുകള്‍ ഗവർണ്ണർ സംസ്ഥാന സർക്കാറിലേക്ക് തിരിച്ച് അയച്ചു. ഇതേ ബില്ലുകള്‍ യാതൊരു മാറ്റവും വരുത്താതെ സംസ്ഥാന സർക്കാർ വീണ്ടും ഗവർണ്ണറുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ് ഇപ്പോള്‍.












Click it and Unblock the Notifications