ദില്ലിയില്‍ സര്‍ക്കാര്‍;തീരുമാനം തിങ്കളാഴ്ച
ദില്ലി: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചേക്കും. ഡിസംബര്‍ 23 ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് അറിയുന്നത്.
കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതില്‍ തെറ്റില്ലെന്നാണ് കഴിഞ്ഞ ദിവസം എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. പാര്‍ട്ടി നടത്തുന്ന അഭിപ്രായസര്‍വ്വേകളിലും ഭൂരിപക്ഷം പേരും സര്‍ക്കാര്‍ ഉണ്ടാക്കണം എന്ന് തന്നെയാണ് ആവശ്യപ്പെടുന്നത്. പാര്‍ട്ടിയിലെ എംഎല്‍മാരില്‍ ഭൂരിപക്ഷത്തിനും സര്‍ക്കാര്‍ ഉണ്ടാക്കണം എന്ന് തന്നെയാണ് ആഗ്രഹം.

ഇതിനിടെ കോണ്‍ഗ്രസ് സമ്മര്‍ദ്ദ തന്ത്രങ്ങളും ഉപയോഗിച്ച് തുടങ്ങി. ഇനിയും തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നാണ് പുതിയ പിസിസി അധ്യക്ഷന്‍ അര്‍വീന്ദര്‍ സിങ് ലൗലി പറഞ്ഞത്. കോണ്‍ഗ്രസിനെ ചീത്ത പറഞ്ഞും മോഹന വാഗ്ദാനങ്ങള്‍ നടത്തിയും ആണ് ആം ആദ്മി തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ആ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതെ അരവിന്ദ് കെജ്രിവാള്‍ ഓടിപ്പോകരുതെന്നും അര്‍വീന്ദര്‍ സിങ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കാനാകുമെങ്കില്‍ അത് ജനങ്ങള്‍ക്ക് ഉപകാരമാകട്ടെ എന്ന് കരുതിയാണ് പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിരുപാധിക പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയെ ഇങ്ങോട്ട് അറിയിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ മുന്നോട്ട് വക്കുന്ന 18 ആവശ്യങ്ങള്‍ അടങ്ങിയ കത്ത് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ദേശീയ പ്രസിഡന്റുമാര്‍ക്ക് അയക്കുകയാണ് അരവിന്ദ് കെജ്രിവാള്‍ ചെയ്തത്.
എഎപി ഉന്നയിക്കുന്ന 18 ആവശ്യങ്ങളില്‍ 16 എണ്ണവും അവര്‍ സര്‍ക്കാര്‍ രൂപീകരിച്ച് കഴിഞ്ഞാല്‍ ചെയ്യാവുന്നതേ ഉള്ളൂ എന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. ബാക്കിയുള്ള കാര്യങ്ങള്‍ ദില്ലി സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്നതല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications