
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം; സൂറത്തിൽ 'ആപ്പ്' ഏറ്റില്ല; ബിജെപിയുടെ വൻ കുതിപ്പ്, 16 ൽ 14 ലും മുന്നിൽ
അഹമ്മദാബാദ്:ഗുജറാത്തിൽ ആം ആദ്മി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തിയ ജില്ലയായിരുന്നു സൂറത്ത്. 2021 ലെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഇവിടെ ആം ആദ്മി കാഴ്ചവെച്ചത്. തിരഞ്ഞെടുപ്പിൽ 27 സീറ്റ് നേടി മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനെ ആം ആദ്മി അട്ടിമറിക്കുകയായിരുന്നു.
ഈ വിജയം കൈമുതലാക്കിയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ സൂറത്തിൽ ആം ആദ്മി ഇറങ്ങിയത്. ഇവിടെ കൂറ്റൻ ലീഡ് നേടാൻ സാധിക്കുമെന്നായിരുന്നു ആം ആദ്മി അവകാശവാദം. എന്നാൽ ഗുജറാത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ആദ്യ മണിക്കൂറിൽ ആം ആദ്മിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വൻ കുതിപ്പാണ് മേഖലയിൽ ബി ജെ പി കാഴ്ച വെച്ചിരിക്കുന്നത്.

ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനമാണ് സൂറത്ത്. പരമ്പരാഗതമായി ബി ജെ പിയ്ക്കാണ് ഇവിടെ സ്വാധീനം. കോർപറേഷൻ തിരഞ്ഞെടുപ്പിൽ അധികാരികളുടെ അഴിമതി ചോദ്യം ചെയ്ത് കൊണ്ടായിരിന്നു 2021 ൽ ഇവിടെ ആം ആദ്മി പോരാടിയത്. ഇത് വിജയിക്കുകയും ചെയ്തു. സമാന തന്ത്രങ്ങൾ തന്നെയായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിലും ആം ആദ്മി പുറത്തെടുത്തത്. അതിശക്തമായ പ്രചരണമായിരുന്നു ഇവിടെ ആം ആദ്മി കാഴ്ചവെച്ചത്.
ഗുജറാത്തിൽ ചടുല നീക്കത്തിന് കോൺഗ്രസ്; എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റും, ആം ആദ്മിയുമായി സഖ്യം?

സൂറത്തിൽ 16 ജില്ലകളാണ് ഉള്ളത്. കുറഞ്ഞത് 8 മുതൽ 10 സീറ്റ് വരെ നേടാൻ സാധിക്കുമെന്നായിരുന്നു ആം ആദ്മി അവകാശവാദം. മത്സരം കടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശക്തമായ മത്സരാർത്ഥികളെയായിരുന്നു ആം ആദ്മി ഇവിടെ രംഗത്തിറക്കിയത്. പട്ടേൽ വിഭാഗത്തിന് സ്വാധീനമുള്ള മേഖലകൂടിയായ ഇവിടെ മുൻ പട്ടേൽ പ്രക്ഷോഭ നേതാക്കളായ അൽപേഷ് കതിരിയ ഉൾപ്പെടെയുള്ളവരെയാണ് പാർട്ടി മത്സരിപ്പിച്ചത്. കൂടാതെ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ (കതർഗാം), സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് സൊറത്തിയ (കരഞ്ച്), ധാർമിക് മാളവ്യ (ഓൾപാഡ്) തുടങ്ങിയ പ്രമുഖരേയും ആം ആദ്മി ഇവിടെ രംഗത്തിറക്കി.
ഹിമാചലിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ലീഡ് ബിജെപിക്ക്, ചരിത്രം തിരുത്തുമോ?

എന്നാൽ തീവ്രപ്രചരണം നടത്തിയിട്ടും പ്രമുഖരെ ഇറക്കിയിട്ടും യാതൊരു മുന്നേറ്റവും ആം ആദ്മിക്ക് ഇവിടെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. പുറത്തുവരുന്ന ഫലങ്ങളിൽ 16 ൽ 14 ഇടത്തും ബി ജെ പി തന്നെയാണ് മുന്നേറുന്നത്. സൂറത്തിൽ മാത്രമല്ല ഗുജറാത്തിൽ എവിടേയും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ആം ആദ്മിക്ക് സാധിച്ചിട്ടില്ല. നിലവിൽ വെറും 3 സീറ്റുകളിൽ മാത്രമാണ് ആം ആദ്മി ലീഡ് ചെയ്യുന്നത്.
ഗുജറാത്ത് ഉറപ്പിച്ച് ബിജെപി; കോണ്ഗ്രസ് പ്രതീക്ഷ മുഴുവന് ഹിമാചലില്, വോട്ടെണ്ണല് 8 ന് ആരംഭിക്കും