ആം ആദ്മിക്ക് കളമൊരുക്കുന്നു; ഹൈക്കമാന്റിനെതിരെ പരാതിയുമായി ഗുജറാത്ത് കോൺഗ്രസ് നേതാക്കൾ
അഹമ്മദാബാദ്; അടുത്ത വർഷമാണ് ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. ബിജെപിയുടെ കോട്ടയായ സംസ്ഥാനത്ത് ഇത്തവണ ശക്തമായ പ്രവർത്തനങ്ങൾ നടത്തിയാൽ വലിയ അത്ഭുദങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.എന്നാൽ സംസ്ഥാനത്ത് ഹൈക്കമാന്റ് കാണിക്കുന്ന അവഗണനയിൽ നേതാക്കൾ കടുത്ത അതൃപ്തിയിലാണ്.
ഹോട്ട് ആന്റ് സോ കൂൾ... വാമിഖയുടെ പുതിയ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

2017 ൽ ബിജെപിയെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കോൺഗ്രസ് പുറത്തെടുത്തത്. 77 സീറ്റുകളിലായിരുന്നു പാർട്ടി വിജയം. 8 ഓളം സീറ്റിലാകട്ടെ പരാജയം രുചിച്ചത് വെറും 1000 ത്തിൽ താഴെ മാത്രം വോട്ടുകൾ. ബിജെപിയുടെ പല കോട്ടകളും ഇളക്കിമറിച്ചുള്ള പ്രകടനമായിരുന്നു കോൺഗ്രസ് പുറത്തെടുത്തത്. ഇത്തവണ ശക്തമായ മത്സരം പുറത്തെടുത്താൻ വലിയ ബിജെപിയെ വീഴ്ത്താനാകുമെന്ന് വരെ കോൺഗ്രസ് സംസ്ഥാന നേതൃത്വം കരുതുന്നു.

ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. മാത്രമല്ല കൊവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള വിഷയത്തിൽ സംസ്ഥാനത്ത പ്രബല സമുദായമായ പട്ടേൽ വിഭാഗങ്ങൾ ഉൾപ്പെടെ ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയംമികച്ച നേതൃത്വത്തിന്റെ അഭാവം സംസ്ഥാനത്ത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ ഇടപെടാൻ ഹൈക്കമാന്റ് തയ്യാറാകുന്നില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്ന ആക്ഷേപം.

നിലവിൽ സംസ്ഥാന അധ്യക്ഷ പദവിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പദവും ഒഴിഞ്ഞ് കിടക്കുകയാണ്. നേരത്തേ മാർച്ചിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന അമിത് ചാവ്ദയും നിയമസഭ കക്ഷി നേതാവായിരുന്ന പരേഷ് ദനാനിയും രാജിവെച്ചിരുന്നു.എന്നാൽ ഇതുവരേയും പുതിയ നേതാക്കളെ ഹൈക്കമാന്റ് നിയമിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിട്ട് നേതൃത്വം തിരിഞ്ഞ് നോക്കുന്നില്ലെന്ന ആക്ഷേപമാണ് നേതാക്കൾ ഉയർത്തുന്നത്. ഗുജറാത്തിൽ കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു അവഗണന ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. പുതിയ നിയമനം ഉണ്ടാകുമെന്നതിനാൽ ഇപ്പോഴത്തെ നേതാക്കൾ സംഘടന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നില്ലെന്നും അദ്ദേഹം ആരേപിച്ചു.

പ്രവർത്തകർ എല്ലാവരും കടുത്ത നിരാശയിലാണ് പുനസംഘടനയെന്ന ആവശ്യം ശക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്ന രാജീവ് സതവ് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും ഇതിനിടയിൽ അദ്ദേഹം കൊവിഡ് ബാധിച്ച് മരിച്ചു. ആ ഒഴിവ് പോലും നികത്താൻ നേതൃത്വം തയ്യാറായില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.

ഇതെല്ലാം സംസ്ഥാനത്ത് ബിജെപിക്ക് കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കുകയാണ്. മാത്രമല്ല നേതൃത്വത്തിന്റെ അലംഭാവം ആംആദ്മിക്ക് വളരാൻ നിലമൊരുക്കുകയാണെന്നും സംസ്ഥാന നേതാക്കൾ കുറ്റപെടുത്തി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം സംസ്ഥാനത്ത് പുറത്തെടുക്കാൻ ആം ആദ്മിക്ക് സാധിച്ചിരന്നു. കോൺഗ്രസ് കേന്ദ്രങ്ങളിൽ ഉൾപ്പെടെ ആം ആദ്മി കടന്നുകയറിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാർട്ടി. അതേസമയം ബിജെപി ഇതിനോടകം തന്നെ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങള് ആരംഭിച്ച് കഴിഞ്ഞു, എന്നാൽ കോൺഗ്രസ് ആകട്ടെ ഇപ്പോഴും കാത്തിരിക്കേണ്ട അവസ്ഥിയിലാണെന്നും നേതാക്കൾ പരാതിപ്പെടുന്നു.

സംസ്ഥാന കോൺഗ്രസിന്റെ നിലവിലെ ദുരവസ്ഥയ്ക്ക് കാരണം മുതിർന്ന നേതാവായ അഹമ്മദ് പട്ടേലിന്റെ അസാന്നിധ്യം ആണെന്ന് നേതാക്കൾ പറയുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ നികത്താൻ പറ്റാത്ത വിടവാണ് കോൺഗ്രസിൽ ഉണ്ടായിരിക്കുന്നത്. ഗുജറാത്ത് കോൺഗ്രസിന്റെ ആവശ്യങ്ങൾ ഹൈക്കമാന്റിനെ അറിയിക്കാൻ മികച്ചൊരു നേതാവ് പോലും ഇപ്പോൾ തങ്ങൾക്കില്ല. ഇത് വലിയ തിരിച്ചടിയാണ് തങ്ങൾക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും നേതാക്കൾ പരാതി പറയുന്നു.












Click it and Unblock the Notifications