
പൊല്ലാപ്പായി വിമതർ; ഗുജറാത്തിൽ സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കുന്നതിൽ ബിജെപിയിൽ ആശങ്ക
ദില്ലി: സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ഹിമാചൽ പ്രദേശിൽ വിമത ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ബി ജെ പി. സീറ്റ് ലഭിക്കാത്ത മുതിർന്ന നേതാക്കളായ പ്രമുഖർ ഉൾപ്പെടെയുള്ളവർ നേതൃത്വത്തിനെതിരെ രംഗത്തെത്തുകയും സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തു. നേതാക്കളെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോൾ നേതൃത്വം.
അതേസമയം ഹിമാചലിലെ പൊട്ടിത്തെറിയോടെ ഗുജറാത്തിലും ആശങ്കയിലായിരിക്കുകയാണ് ബി ജെ പി നേതൃത്വം. ഭരണ വിരുദ്ധ വികാരം മറികടക്കുകയെന്ന ലക്ഷ്യത്തോടെ പല മുതിർന്ന നേതാക്കളായ സിറ്റിംഗ് എംഎൽഎമാരേയും മാറ്റി നിർത്താനായിരുന്നു ഗുജറാത്തിലെ ബി ജെ പി തന്ത്രം. എന്നാൽ പുതിയ സാഹചര്യത്തോടെ മറ്റ് വഴികൾ തേടുകയാണത്രേ നേതൃത്വം.

കുറഞ്ഞത് 30 ശതമാനം എം എൽ എമാരേയും ഒഴിവാക്കി യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകാനായിരുന്നു ബി ജെ പിയുടെ പദ്ധതി. എന്നാൽ അത്തരത്തിലൊരു പ്രഖ്യാപനം നേതൃത്വം നടത്തിയാൽ മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ആം ആദ്മിയിലേക്കോ കോൺഗ്രസിലേക്കോ ചേക്കാറാനുള്ള സാധ്യത കൂടുതലാണെന്നാണ് നേതൃത്വം ഭയക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി സര്‍വെ; പഞ്ചാബിലെ തന്ത്രം ഗുജറാത്തിലും പയറ്റി കെജ്രിവാള്‍

'ഹിമാചലിൽ 11 സിറ്റിംഗ് എം എൽ എമാരെയാണ് ഒഴിവാക്കിയത്. നേതൃത്വത്തിന്റെ അനുനയ നീക്കം തള്ളി പലരും സ്വതന്ത്ര്യ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. അവർ വിജയിക്കില്ലെങ്കിലും ബി ജെ പിക്ക് വലിയ വെല്ലുവിളി തീർക്കും, വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തും. അത്തരമൊരു സാഹചര്യം ഗുജറാത്തിൽ ഉണ്ടാകരുതെന്ന് നേതൃത്വത്തിന് നിർബന്ധമുണ്ട്', സംസ്ഥാന ബി ജെ പി നേതാവ് പറഞ്ഞു.

ജാതി മത സമവാക്യങ്ങൾ വിജയ സാധ്യത, ജനകീയത തുടങ്ങി നിരവധി വിഷയങ്ങൾ പരിഗണിച്ചിട്ടാകും സ്ഥാനാർത്ഥികളെ തീരുമാനിക്കുക. ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വത്തിന്റേതാകും അന്തിമ തീരുമാനമെന്നും നേതാക്കൾ പറഞ്ഞു. അതേസമയം മറ്റ് പാർട്ടികളിൽ നിന്നും എത്തിയ നേതാക്കൾക്ക് സീറ്റ് ലഭിക്കുമെന്ന് നേതൃത്വം ഉറപ്പാക്കുമെന്നും ബി ജെ പി നേതാവ് പറഞ്ഞു. കഴിഞ്ഞ തവണ കോൺഗ്രസിൽ നിന്ന് എത്തിയ നേതാക്കളിൽ 7 പേർക്ക് ബി ജെ പി സീറ്റ് നൽകിയിരുന്നുവെങ്കിലും 2 പേർ മാത്രമാണ് വിജയിച്ചത്. അതുകൊണ്ട് തന്നെ വിമതരെ പരിഗണിക്കുന്നത് മറ്റൊരു പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

വൻ വിജയം ഉറപ്പാക്കുകയെന്നതാണ് നേതൃത്വത്തിന്റെ ലക്ഷ്യം. ഇതിനായി ശക്തമായ പ്രവർത്തനങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇതിനോടകം തന്നെ മപഖ്യമന്ത്രിയുമായും പാർട്ടി അധ്യക്ഷനുമായും സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായെല്ലാം അദ്ദേഹം നിരവധി ചർച്ചകൾ അമിത് ഷായുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം ഇത്തവണ ആം ആദ്മിയെ നേരിടാൻ ബി ജെ പി പതിവ് തന്ത്രങ്ങളെല്ലാം പൊളിച്ചെഴുതേണ്ടി വരുമെന്ന മുന്നറിയിപ്പാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.