എഎപിക്ക് വോട്ട് ചെയ്താല്‍ ബിജെപി ജയിക്കും; മുസ്ലിങ്ങളോട് കോണ്‍ഗ്രസ്... ലക്ഷ്യം 60 സീറ്റുകള്‍
ന്യൂഡല്‍ഹി: മതേതര വോട്ടുകള്‍ ഭിന്നിച്ചതാണ് കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടാന്‍ ഇടയാക്കിയതെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. പാര്‍ട്ടിയോടൊപ്പം ഉറച്ച് നിന്നിരുന്ന വോട്ടുകള്‍ പല പാര്‍ട്ടികള്‍ക്കിടയില്‍ ചിതറിയതോടെ ഭൂരിപക്ഷം കുറയാനും പരാജയപ്പെടാനും കാരണമായി. ഇതാകട്ടെ ഗുണം ചെയ്തത് ബിജെപിക്കാണ്. ഇനിയും ഇത്തരം സാഹചര്യമുണ്ടാകരുതെന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നു.
മുസ്ലിം വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ പ്രത്യേക പദ്ധതി ഒരുക്കുകയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ്. മാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഗുജറാത്തില്‍. ഇവിടെ മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ 60 സീറ്റുകളുണ്ട്. ഈ സീറ്റുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്....

ബിജെപിയെ പരാജയപ്പെടുത്താന്‍ മുസ്ലിം വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് അഹമ്മദാബാദില്‍ നടന്ന പരിപാടിയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരായ കാദിര്‍ പിര്‍സാദ, ജിഗ്നേഷ് മേവാനി എന്നിവര്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്താണ് പ്രധാന നേതാക്കള്‍ ഇങ്ങനെ ആവശ്യപ്പെട്ടത്. ബിജെപിയുടെ അജണ്ടകള്‍ മനസിലാക്കണമെന്നും വോട്ടുകള്‍ ചിതറിപ്പോകരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

രാഷ്ട്രീയ രംഗത്ത് സജീവമായിരിക്കുന്ന പുതിയ മുഖങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം. എഎപിയും മജ്‌ലിസ് പാര്‍ട്ടിയും ബിജെപിയെ സഹായിക്കുന്നവരാണ്. എഎപി ബിജെപിയുടെ ബിടീമാണ്. ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി സി ടീമും. അതുകൊണ്ട് അവര്‍ക്ക് വോട്ട് ചെയ്യരുത്. നിങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്താല്‍ അധികാരത്തിലെത്തുന്നത് ബിജെപിയാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷം അവസാനത്തിലാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണിത്. ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസിനാണ് ഇപ്പോഴും മേല്‍ക്കൈ. നഗര മേഖലയില്‍ ബിജെപിയും. എന്നാല്‍ ഉവൈസിയുടെ പാര്‍ട്ടിയും എഎപിയും അടുത്ത കാലത്തായി ഗുജറാത്തില്‍ സജീവമായിരിക്കുകയാണ്. ഇതാണ് കോണ്‍ഗ്രസിലെ അലട്ടുന്ന പ്രശ്‌നം.

മുസ്ലിം വോട്ടര്‍മാര്‍ ജയവും പരാജയവും നിര്‍ണയിക്കുന്ന 60 നിയോജക മണ്ഡലങ്ങള്‍ ഗുജറാത്തിലുണ്ട്. ഇവിടെ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് പ്രവര്‍ത്തനം ശക്തമാക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ ആവശ്യപ്പെട്ടു. കാദിര്‍ പിര്‍സാദ ഇതിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നു.

രാജ്യത്ത് നടക്കുന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതില്‍ നിന്ന് അവര്‍ എങ്ങനെ നേട്ടം കൊയ്യുന്നുവെന്ന് നാം കണ്ടതാണ്. അതുകൊണ്ടുതന്നെ കെണിയില്‍ വീണുപോകരുത്. കോണ്‍ഗ്രസ് എക്കാലത്തും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്ന പാര്‍ട്ടിയാണ്. അധികാരത്തിന് വേണ്ടി നയം മാറ്റിയിട്ടില്ലെന്നും ജഗദീഷ് താക്കൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളെ ഐക്യത്തോടെ മുന്നോട്ട് നയിച്ച വ്യക്തിയാണ് അഹമ്മദ് പട്ടേല്‍. അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. അതുകൊണ്ട് ഐക്യത്തോടെ നിന്ന് തിരഞ്ഞെടുപ്പ് നേരിടേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ചെറുപാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത് വോട്ടുകള്‍ ഭിന്നിക്കാതെ നോക്കേണ്ടത് മുസ്ലിങ്ങളാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മുദ്‌വാദിയ പറഞ്ഞു.
Recommended Video

ബിജെപിയാണ് ഇവിടെ എ ടീം. എഎപി ബി ടീമും മജ്‌ലിസ് പാര്‍ട്ടി സി ടീമുമാണ്. മറ്റു രണ്ട് പാര്‍ട്ടികളുടെ സഹായമില്ലാതെ എ ടീമിന് ജയിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ടീസ്റ്റ സെറ്റല്‍വാദ് ഗുജറാത്തിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി പോരാടിയ വ്യക്തിയാണ്. അവരിപ്പോള്‍ ജയിലിലാണ് എന്ന കാര്യം മറക്കരുതെന്നു പുതിയ വര്‍ക്കിങ് പ്രസിഡന്റ് ജിഗ്നേഷ് മേവാനി ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications