ജിഗ്നേഷ് മേവാനിയെ വിടാതെ അസം പോലീസ്; വീണ്ടും അറസ്റ്റ്... ജാമ്യം ലഭിച്ച പിന്നാലെ
ഗുവാഹത്തി: ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്ന മേവാനിക്ക് ഇന്ന് കോടതി ജാമ്യം നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് പോലീസ് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മേവാനി പുറത്തിറങ്ങുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് എന്നാണ് വിമര്‍ശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തു എന്നാരോപിച്ചാണ് ആദ്യം കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. അസമിലെ ബിജെപി നേതാവ് നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മേവാനിയെ അസം പോലീസ് ഗുജറാത്തില്‍ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു. തിങ്കളാഴ്ചയാണ് മേവാനിക്ക് അസം കോടതി ഈ കേസില്‍ ജാമ്യം അനുവദിച്ചത്. തൊട്ടുപിന്നാലെ അസമിലെ ബാര്‍പേട്ട പോലീസെത്തി മറ്റൊരു കേസില്‍ മേവാനിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അദ്ദേഹത്തിന് ജയില്‍ മോചിതനാകാന്‍ സാധിക്കില്ല. ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തുവെന്നാരോപിച്ചാണ് പുതിയ കേസ്.
അസമിലെ കൊക്രാജറിലുള്ള പ്രാദേശിക ബിജെപി നേതാവിന്റെ പരാതിയിലാണ് മേവാനിയെ ആദ്യം അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് ജിഗ്നേഷ് മേവാനി. പ്രധാനമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ വിരോധം വച്ചാണ് കേസെടുക്കുന്നതെന്നായിരുന്നു മേവാനിയുടെ പ്രതികരണം. ബിജെപിയും ആര്‍എസ്എസും നടത്തുന്ന ഗൂഢാലോചനയാണിത്. എന്റെ പ്രതിഛായ ഇല്ലാതാക്കാനാണ് ശ്രമം. വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് നീക്കങ്ങള്‍. രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടും ചെയ്തത് തന്നെയാണ് എന്നോടും ചെയ്യുന്നതെന്നും മേവാനി മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റകരമായ ഗൂഢാലോചന, ആരാധനാ സ്ഥലവുമായി ബന്ധപ്പെട്ട കുറ്റം, മതവികാരം വ്രണപ്പെടുത്തല്‍, ക്രമസമാധാന ഭംഗത്തിന് കാരണമാകുന്ന രീതിയില്‍ പ്രകോപനമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ജിഗ്നേഷ് മേവാനിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒരു പ്രത്യേക സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലാണ് മേവാനിയുടെ ട്വീറ്റുകളെന്ന് പരാതിക്കാരനായ ബിജെപി പ്രാദേശിക നേതാവ് അരുപ് കുമാര്‍ ദെ ആരോപിക്കുന്നു.
മേവാനി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ ഓരോ ട്വീറ്റുകളും. മോദിയെ പോലുള്ള ഒരു വ്യക്തി പ്രധാനമന്ത്രിയായതില്‍ നാം ഭാഗ്യവാന്‍മാരാണ്. അദ്ദേഹത്തിന്റെ പേര് അടുത്തിടെ നടന്ന സംഘര്‍ഷവുമായി ചേര്‍ത്ത് വായിക്കുകയാണ് മേവാനി ചെയ്യുന്നത്. എല്ലാ സംഘര്‍ഷത്തിനും കാരണം മോദിയാണോ. മോദിയുടെ ദൈവം ഗോഡ്‌സെ ആണെന്ന് മേവാനി പറയുന്നു. അതിനൊക്കെ എന്ത് തെളിവാണുള്ളതെന്നും പരാതിക്കാരന്‍ ചോദിക്കുന്നു.
പരാതി ലഭിച്ച് 24 മണിക്കൂറിനകം ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വിമത സ്വരം ഉയര്‍ത്തുന്നവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് മേവാനി നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications