മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തിയ നുപുർ ശർമ്മക്ക് തോക്ക് ലൈസന്‍സ്: അനുവദിച്ചത് ദില്ലി പൊലീസ്
ദില്ലി: സ്വയം രക്ഷയ്ക്കായി തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കി ബി ജെ പി മുന്‍ വക്താവ് നുപുർ ശർമ്മ. 2022 മെയ് 26-ന് ഒരു ടിവി ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചെന്നാരോപിച്ച് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകളില്‍ നിന്ന് നൂപുർ ശർമ്മയ്ക്ക് വധഭീഷണിയുണ്ടായിരുന്നു. വ്യാപകമായ രോഷത്തെ തുടർന്ന് ബി ജെ പി നേരത്തെ നുപുർ ശർമ്മയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. നൂപുർ ശർമ്മയ്‌ക്കെതിരെ പല സംസ്ഥാനങ്ങളിലും കേസുകൾ ഫയൽ ചെയ്യുകുയം ചെയ്തിട്ടുണ്ട്.
വധഭീഷണി നിലനിൽക്കുന്നതിനാൽ നൂപുർ ശർമ്മ തോക്ക് ലൈസൻസിന് അപേക്ഷിച്ചതായി ഡൽഹി പോലീസ് നേരത്തെ അറിയിച്ചിരുന്നു. അപേക്ഷ പരിഗണിച്ച പൊലീസ് തോക്ക് കൈവശം വയ്ക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. ടിവി സംവാദത്തിൽ പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ ആയിഷയെയും കുറിച്ചായിരുന്നു നുപുറിന്റെ വിവാദ പരാമർശം. ഇതിന് പിന്നാലെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെ വിമർശനവുമായി രംഗത്ത് എത്തുകയും ചെയ്തു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പല സംസ്ഥാനങ്ങളിലും നൂപുർ ശർമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ, നൂപുർ ശർമ്മയുടെ പരാമർശത്തെ അനുകൂലിച്ച വ്യക്തിയെ കൊലപ്പെടുത്തിയ സംഭവവുമുണ്ടായി. ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അജ്മീർ ദർഗയിലെ ഒരു ജീവനക്കാരി നുപുറിന്റെ കഴുത്തറുക്കുമെന്ന് വീഡിയോയിൽ ഭീഷണിപ്പെടുത്തുകയും മറ്റൊരു യുപി സ്വദേശി അവളെ അധിക്ഷേപിക്കുകയും തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിരുന്നു.
സംഭവം വിവാദമായതോടെ നൂപൂർ മാപ്പ് അപേക്ഷയുമായി രംഗത്തെത്തി. എട്ട് സംസ്ഥാനങ്ങളിലായി പത്തിലധികം കേസുകൾ നുപുറിനെതിരെ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും സുപ്രീം കോടതി അവയെല്ലാം ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. അതോടൊപ്പം തന്നെ അറസ്റ്റിന് സ്റ്റേ പുറപ്പെടുവിക്കുകയും ചെയ്തു.












Click it and Unblock the Notifications