ഗ്യാന്‍വാപി മസ്ജിദില്‍ ശാസ്ത്രീയ സര്‍വേ നടത്തണം; നിര്‍ദേശവുമായി കോടതി
ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് പരിസരം മുഴുവന്‍ ശാസ്ത്രീയ സര്‍വേ നടത്തണമെന്ന് വാരാണസി ജില്ലാ കോടതി. വുദുഖാനയുടെ ജലധാര ഒഴികെയുള്ള സ്ഥലത്താണ് സര്‍വേ നടക്കുക. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടാണ് സര്‍വേ നടത്താന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഓഗസ്റ്റ് നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി ആവശ്യപ്പെട്ടു. നേരത്തെ സുപ്രീം കോടതി നിര്‍ദേശ പ്രകാരം വുദുഖാനയുടെ ജലധാര ഉള്ള സ്ഥലം സീല്‍ ചെയ്തിരുന്നു.
സുപ്രീം കോടതി നിര്‍ദേശമുള്ളതിനാലാണ് ഇവിടെ സര്‍വേ നടത്താത്തത്. ഈ ജലധാരയുള്ള സ്ഥലത്ത് ശിവലിംഗമുണ്ട് എന്നാണ് ഹിന്ദു വിഭാഗക്കാര്‍ അവകാശപ്പെടുന്നത്. മസ്ജിദില്‍ ശാസ്ത്രീയ പരിശോധന വേണം എന്ന് ഹിന്ദുവിഭാഗക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. വിഷ്ണു ശങ്കര്‍ ജെയിന്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ അപേക്ഷ കോടതി അംഗീകരിച്ചതായി വിഷ്ണു ശങ്കര്‍ പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പുരാതന ഹൈന്ദവ ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് അവകാശപ്പെട്ട് ഈ വര്‍ഷം മേയില്‍ നാല് സ്ത്രീകള്‍ കോടതിയെ സമീപിച്ചിരുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഈ സ്ഥലത്ത് സ്വയംഭൂ ജ്യോതിര്‍ലിംഗം നിലനിന്നിരുന്നു എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
എഡി 1017-ല്‍ മഹ്‌മൂദ് ഗസ്‌നിയുടെ ആക്രമണത്തോടെ വിഗ്രഹാരാധകരോട് വിദ്വേഷം പുലര്‍ത്തിയ മുസ്ലീം ആക്രമണകാരികള്‍ ഇത് നശിപ്പിച്ചു എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഒരാളായ ഔറംഗസേബ് 1669-ല്‍ ആദിവിശ്വേശ്വരന്റെ ക്ഷേത്രം പൊളിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍ ക്ഷേത്രം തകര്‍ത്തുകൊണ്ട് ഉത്തരവ് നടപ്പാക്കിയെന്നുമാണ് ഹര്‍ജിയില്‍ അപേക്ഷയില്‍ പറയുന്നത്.
അതേസമയം കാശി വിശ്വനാഥ ക്ഷേത്രം - ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം മുഴുവന്‍ പള്ളി സമുച്ചയത്തിന്റെയും പുരാവസ്തു ഗവേഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന് താന്‍ വാദിച്ചിരുന്നതായി വിഷ്ണു ശങ്കര്‍ ജെയിന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എഎസ്ഐ സര്‍വേ സമുച്ചയത്തിന് കേടുപാടുകള്‍ വരുത്തുമെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി ഹര്‍ജിയെ എതിര്‍ത്തിരുന്നു.
കഴിഞ്ഞ വര്‍ഷം വീഡിയോഗ്രാഫിക് സര്‍വേയ്ക്കിടെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിന്ന് കണ്ടെത്തിയതായി പറയപ്പെടുന്ന ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെയുള്ള 'ശാസ്ത്രീയ സര്‍വേ' സുപ്രീം കോടതി മാറ്റിവച്ചിരുന്നു. അതിനിടെ കേസ് റദ്ദാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications