ഹനുമാന്‍ ദൈവമല്ല, ഭക്തനാണ്, ജനങ്ങള്‍ ദൈവമാക്കിയതാണെന്ന് ആദിപുരുഷ് തിരക്കഥാകൃത്ത്
ന്യൂഡല്‍ഹി: ആദിപുരുഷ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ മനോജ് മുന്തഷിര്‍ വീണ്ടും വിവാദത്തില്‍. ഹനുമാന്‍ ദൈവമല്ല എന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതാണ് വിവാദമായിരിക്കുന്നത്. ആദിപുരുഷില്‍ മനോജിന്റെ സംഭാഷണങ്ങള്‍ ഏറെ വിവാദമായിരുന്നു. പലതും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
അയോധ്യയിലെ പണ്ഡിത സമൂഹം അടക്കം ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഹനുമാന്‍ ദൈവമല്ല. വെറുമൊരു ഭക്തനാണ് അദ്ദേഹം. ജനങ്ങളാണ് ഹനുമാനെ ദൈവമാക്കിയത്. ഹനുമാന്റെ ഭക്തിക്ക് അത്രത്തോളം കരുത്തുണ്ടായിരുന്നുവെന്നും മനോജ് മുന്തഷിര്‍ പറഞ്ഞു.അതേസമയം ആദിപുരുഷില്‍ വളരെ ഗൗരവമില്ലാതെ നല്‍കിയ പല സംഭാഷണങ്ങളെയും മനോജ് ന്യായീകരിച്ചു.

കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ ക്ഷമ ചോദിച്ചിരുന്നു മനോജ്. നിരവധി പേരാണ് പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹനുമാനെ അധിക്ഷേപിച്ചിരിക്കുകയാണ് അദ്ദേഹമെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇതിനിടെ ചിത്രത്തിനെതിരെ സിനി വര്‍ക്കേഴ്‌സ് രംഗത്തെത്തി. ചിത്രം നിരോധിക്കണമെന്നാണ് ആവശ്യം.
ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള നെഗറ്റീവ് പ്രചാരണമാണ് നടന്നത്. സിനിമ മോശമാണെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്. മോശം വിഎഫ്എക്‌സ് അടക്കം ചിത്രത്തിന് തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം ഉടന്‍ നിര്‍ത്തണമെന്നും, തിയേറ്ററുകളിലും, ഒടിടി പ്ലാറ്റ്‌ഫോമുകളിലും നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.
സംവിധായന്‍ ഓം റാവത്ത്, തിരക്കഥാകൃത്ത് മനോജ് മുന്തഷിര്‍, എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും, ശ്രീരാമനെയും, ഹനുമാനെയും അധിക്ഷേപിക്കുന്നതാണെന്ന് കത്തില്‍ പറയുന്നു. ഹിന്ദുക്കളെയും, സനാതന്‍ ധര്‍മത്തിന്റെയും മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ആദിപുരുഷ്. ഇന്ത്യയിലെ എല്ലാവരുടെയും ദൈവമാണ് ശ്രീരാമന്‍. രാമനെ മാത്രമല്ല, രാവണനെ പോലും വീഡിയോ ഗെയിമിലെ പോലുള്ള കഥാപാത്രമാക്കി മാറ്റിയെന്നും സംഘടന ആരോപിക്കുന്നു.
ഇത്തരമൊരു മോശം ചിത്രത്തില്‍ പ്രഭാസ്, കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ അഭിനയിക്കരുതായിരുന്നു. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സിനിമയാണിത്. ശ്രീരാമനെയും രാമായണത്തെയും സംബന്ധിച്ച് ആദിപുരുഷ് സമ്പൂര്‍ണ ദുരന്തമാണെന്നും സിനി സംഘടന പറയുന്നു. അതേസമയം ചിത്രത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പലയിടത്തും ചിത്രത്തിന്റെ പോസ്റ്ററുകള്‍ അടക്കം കീറി. ഹിന്ദു മഹാസഭ ലഖ്‌നൗ പോലീസില്‍ ചിത്രത്തിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്. ചിത്രം ഹിന്ദുക്കളുടെ വിശ്വാസത്തെ ഹനിച്ചതായി സമാജ് വാദി പാര്‍ട്ടിയും ആരോപിച്ചു.












Click it and Unblock the Notifications