പീഡന പരാതി: ലിംഗായത്ത് സന്യാസിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് കർണാടക സർക്കാർ
ബെംഗളൂരു: ഹൈസ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിനെതിരെ കർണാടക പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് നോട്ടീസ് നൽകിയത്. രാജ്യം വിടാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടായണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യാന്തര വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങി എല്ലാ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകളിലും ലിംഗായത്ത് സന്യാസിക്കെതിരെ നോട്ടീസ് നൽകിയിട്ടുണ്ട്.
കർണാടകയിലെ ചിത്രദുർഗയിലെ ഒരു പ്രമുഖ ലിംഗായത്ത് മഠത്തിന്റെ മുഖ്യ മഠാധിപതിയാണ് ശിവമൂർത്തി മുരുഘ ശരണരു. സന്യാസിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ, ലൈംഗികാതിക്രമക്കേസിൽ മഠം നടത്തുന്ന സ്കൂൾ ഹോസ്റ്റലിലെ ചീഫ് വാർഡനെ കർണാടക പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കുന്ന ആദ്യ നടപടിയാണിത്.

പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികള്‍ നൽകിയ പരാതിയെത്തുടർന്ന് മൈസൂരു സിറ്റി പോലീസാണ് ശിവമൂർത്തി മുരുഘ ശരണാരുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മഠം നടത്തുന്ന സ്‌കൂളിൽ പഠിക്കുന്ന 15ഉം 16ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ മൂന്നര വർഷത്തിലേറെയായി സന്യാസി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
ജൂലൈ 24 ന് ഹോസ്റ്റൽ വിട്ടിറങ്ങിയ പെണ്‍കുട്ടികളെ ജൂലൈ 25 ന് കോട്ടൺപേട്ട് പോലീസ് സ്റ്റേഷനിൽ കണ്ടെത്തി. ഓഗസ്റ്റ് 26 ന് മൈസൂരിലെ നസർബാദ് പോലീസ് സ്റ്റേഷനിൽ ലിംഗായത്ത് സന്യാസിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതേസമയം, ആരോപണങ്ങൾ തനിക്കെതിരെയുള്ള ദീർഘകാല ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സന്യാസിയുടെ അവകാശവാദം. മഠത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും മുൻ എം എൽ എയുമായ എസ്.കെ. ബസവരാജനാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് മുരുകമഠം ഉപദേശക സമിതി അംഗം എൻ.ബി.വിശ്വനാഥ് നേരത്തെ ആരോപിച്ചിരുന്നു.
ലിംഗായത്ത് മഠത്തിലെ ജീവനക്കാരിയെന്ന് പറയപ്പെടുന്ന സ്ത്രീയുടെ പരാതിയിൽ ചിത്രദുർഗയിലെ ബസവരാജനെതിരെ ലൈംഗികാതിക്രമത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തിരുന്നു. അതേസമയം, അൽപമെങ്കിലും നാണമുണ്ടെങ്കിൽ കുറ്റാരോപിതനായ മഠാധിപതിക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര തയ്യാറാകണമെന്ന് ബി ജെ പി നേതാവും എം എല്‍ എയുമായ വിശ്വനാഥ് അഭിപ്രായപ്പെട്ടു.
ചിത്രദുർഗ ജില്ലാ കളക്ടറേയും പോലീസ് സൂപ്രണ്ടിനേയും ഉടൻ സസ്പെന്റ് ചെയ്യണമെന്നും വിശ്വനാഥ് ആവശ്യപ്പെട്ടു. മഠാധിപതിക്കെതിരെ ഇതുവരെ നടപടിയെടുക്കാത്ത ചിത്രദുർഗ എസ്പിയെ സസ്പെന്റ് ചെയ്യണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി വിശദമായ കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications