ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: ഉത്തരാഖണ്ഡ് സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
ദില്ലി: ഹരിദ്വാറിലെ വിദ്വേഷ പ്രസംഗ കേസിൽ ഉത്തരാഖണ്ഡ് സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഹരിദ്വാറിലെ ധര്‍മസന്‍സദ് സന്യാസി സമ്മേളനത്തില്‍ രാജ്യത്തെ മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന പ്രസംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പൊതുതാല്പര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി നടപടി. ഉത്തരാഘണ്ഡ് സർക്കാറിനെ പുറമെ സന്‍സദില്‍ പങ്കെടുക്കുകയും പരിപാടി സംഘടിപ്പിച്ച ചെയ്ത സംഘടനകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഇത്തരം ഒത്തുചേരലുകൾക്കെതിരെ നടപടിയെടുക്കാൻ നോഡൽ ഓഫീസർമാരെ നിയമിക്കാൻ മുൻ വിധികളിൽ ഉത്തരവിട്ടിരുന്നതായി കേസിലെ ഹരജിക്കാർ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ കേസില്‍ അത്തരമൊരു നടപടിയുണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കപ്പെടുന്നില്ലെന്നും ഹർജിയില്‍ വ്യക്തമാക്കിയിരുന്നു.

ഇത്തരത്തില്‍ കൂടുതൽ ധരം സൻസദുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടുത്ത സൻസദിന് മുമ്പ് എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി. ഡിസംബർ 17 മുതൽ ഡിസംബർ 19 വരെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന മൂന്ന് ദിവസത്തെ "ധരം സൻസദ്" സമ്മേളനത്തിലാണ് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ പ്രകോപനപരവും വർഗീയവുമായ പ്രസംഗങ്ങൾ നടത്തിയത്. സമ്മേളനത്തെ അഭിസംബോധന ചെയ്ത നിരവധി ഹിന്ദു മത നേതാക്കൾ മുസ്ലിങ്ങള്‍ക്കെതിരെ ആയുധമെടുക്കാൻ സമുദായത്തോട് ആഹ്വാനം ചെയ്യുകയായിരുന്നു.
"ഈ വിഷയം അടിയന്തിരമായി കേൾക്കേണ്ടതുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഉന, ദസ്‌ന, അലിഗഡ് എന്നിവിടങ്ങളിൽ കൂടുതൽ ധരം സൻസദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സമാധാന അന്തരീക്ഷത്തെ തകിടം മറിക്കും. ഇത് പ്രകോപനമാണ്''- കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. അത്തരമൊരു കാര്യം കൃത്യമായി തടയാൻ പ്രിവന്റീവ് തടങ്കൽ നിയമം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിനായി നേരത്തെ സർക്കാർ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു.
ഹരിദ്വാർ ധരം സൻസദിൽ മുസ്‌ലിംകളെ ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയില്‍ ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വാദം കേട്ടു. ഡൽഹിയിലും ഹരിദ്വാറിലും അടുത്തിടെ നടന്ന ചടങ്ങുകളിലെ വിദ്വേഷ പ്രസംഗത്തില്‍ നടപടി ആവശ്യപ്പെട്ട് സുപ്രിം കോടതിയിലെ 76 അഭിഭാഷകർ നേരത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
ബ്രോ ഡാഡി ലുക്കില്‍ നടി കനിഹ: ചിത്രം ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications