ഹരിയാനയിൽ ഫല പ്രഖ്യാപനം നാളെ; മുഖ്യമന്ത്രിക്കസേരയ്ക്കായി ബിജെപിയിലും കോൺഗ്രസിലും പിടിവലി
ഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസിലും ബി ജെ പിയിലും മുഖ്യമന്ത്രി കേസരയ്ക്കായി പിടിവലി ശക്തം. മുതിർന്ന നേതാവ് ഭൂപീന്ദർ ഹൂഡയ്ക്കാണ് കോൺഗ്രസിൽ സാധ്യത കൽപ്പിക്കുന്നത്. 2005 ലും 2014 ലും കോൺഗ്രസിൻറെ മുഖ്യമന്ത്രിയായിരുന്നു ഹൂഡ. ഇത്തവണയും ഹൂഡയ്ക്കാണ് പാർട്ടിയിൽ പിന്തുണ കൂടുതൽ. അഭിപ്രായ സർവ്വേകളിലും ഹൂഡയ്ക്കാണ് മുൻതൂക്കം.
അതേസമയം മുതിർന്ന നേതാവും എംപിയുമായ കുമാരി സെൽജയും മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ചുള്ള കരുനീക്കങ്ങൾ നടത്തുന്നുണ്ട്. തന്നെ നേതൃത്വത്തിന് അവഗണിക്കാൻ സാധിക്കില്ലെന്നായിരുന്നു നേരത്തേ മാധ്യമങ്ങളോട് സെൽജ പറഞ്ഞത്. കോൺഗ്രസിലെ മുതിർന്ന ദളിത് നേതാവ് കൂടിയാണ് സെൽജ. തിരഞ്ഞെടുപ്പിന് മുൻപ് സെൽജയെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി നടത്തിയിരുന്നു. തനിക്കും അനുയായികൾക്കും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് അനുവദിക്കാത്തതിൽ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയിലായിരുന്നു സെൽജ. ഇത് മുതലെടുക്കാനുള്ള ശ്രമമായിരുന്നു ബി ജെ പി നടത്തിയത്.

മുഖ്യമന്ത്രിക്കസേരയ്ക്ക് തനിക്കും താത്പര്യം ഉണ്ടെന്ന് അവർ പരസ്യമാക്കിയിരുന്നു. പ്രവർത്തനവും അനുഭവസമ്പത്തും അടക്കമുള്ള കാര്യങ്ങൾ ഹൈക്കമാന്റ് പരിശോധിക്കും , നേതൃത്വത്തിന് തന്നെ ഒഴിവാക്കാൻ സാധിക്കില്ല എന്നായിരുന്നു സെൽജ തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. അധികാരം നേടാൻ ബി ജെ പി എന്തിനും ശ്രമിക്കും എന്നിരിക്കെ പാർട്ടിയിൽ നിന്നും നേതാക്കൾ ബി ജെ പിയിലേക്ക് പോകാനുള്ള ശ്രമങ്ങളും നേതൃത്വം നടത്തണമെന്ന സൂചനയും അവർ നൽകിയിരുന്നു. അതേസമയം നയാബ് സിങ് സൈനിയെ മുൻനിർത്തിയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ മുതിർന്ന നേതാവും 6 തവണ എം എൽ എയുമായ അനിൽ വിജ് മുഖ്യമന്ത്രിക്കസേരയ്ക്കായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇത്തവണ കോൺഗ്ര് അധികരാത്തിലേറുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. കോൺഗ്രസിന് 64 വരെ സീറ്റുകൾ ചില സർവ്വെകൾ പ്രവചിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 47 സീറ്റുകളാണ് ആവശ്യം. ബി ജെ പി ഇക്കുറി തകർന്നടിയുമെന്നാണ് സർവ്വെ പ്രവചനങ്ങൾ. പാർട്ടി 25 സീറ്റിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് ചില സർവ്വെകൾ ചൂണ്ടിക്കാട്ടിയത്. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി വെറും 1 സീറ്റിലേക്ക് ഒതുങ്ങുമെന്നും സർവ്വെകൾ പറയുന്നു.












Click it and Unblock the Notifications