ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസുമായി കൈകോർത്ത് സിപിഎം, ഒരു സീറ്റിൽ മത്സരിക്കും
ഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കാൻ കോൺഗ്രസും സി പി എമ്മും ധാരണയായി. ഒരു സീറ്റിലാണ് സി പി എം മത്സരിക്കുക. ബാക്കി 89 സീറ്റിലും കോൺഗ്രസ് മത്സരിക്കും. പാർട്ടിയുടെ ശക്തി കേന്ദ്രം കൂടിയായ ഭിവാനി മണ്ഡലമാണ് സി പി എമ്മിന് നൽകിയത്. മുതിർന്ന നേതാവ് ഓംപ്രകാശാണ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത്. ഭിവാനി ജില്ലാ സെക്രട്ടറി കൂടിയാണ് ഓംപ്രകാശ്.
ഹരിയാനയിൽ 35 വർഷം മുൻപാണ് ആദ്യമായും അവസാനമായും സി പി എം വിജയിച്ചത്. 1987 ൽ ഹർപാൽ സിങ് ആയിരുന്നു ടോഹാന മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ജനപ്രീതിയുടെ കൊടുമുടിയിൽ നിന്നിരുന്ന ദേവിലാൽ രൂപീകരിച്ച ലോക്ദൾ (ബി) യുമായി സഖ്യത്തിലാണ് ഇടതുപക്ഷ പാർട്ടികൾ മത്സരിച്ചിരുന്നത്. സി പി എമ്മിനും സി പി ഐക്കും ഓരോ സീറ്റാണ് മത്സരിക്കാൻ ലഭിച്ചത്. സി പി ഐയും അന്ന് ആദ്യമായി വിജയിച്ച. ഷഹബാദ് മണ്ഡലത്തിൽ നിന്നും ഹർണം സിങ് ആയിരുന്നു ജയിച്ചത്.

1991 ൽ ഹരിയാന വികാസ് പാർട്ടിയുമായി സഖ്യത്തിൽ സി പി എം നാല് സീറ്റുകളിൽ മത്സരിച്ചിരുന്നു. എന്നാൽ ഒരിടത്ത് പോലും വിജയിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ എല്ലാം ഇടതുപാർട്ടികൾ തനിച്ച് മത്സരിച്ചെങ്കിലും ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. എന്നാൽ ഇക്കുറി സി പി എം പ്രതീക്ഷയിലാണ്. കർഷക സമരം അടക്കം കൊടുമ്പിരി കൊണ്ടുനിന്നുരുന്ന സംസ്ഥാനത്ത് മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഓംപ്രകാശിന് മണ്ഡലത്തിൽ മികച്ച പിന്തുണയുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ബാങ്ക് ജീവനക്കാരനായിരുന്നു പ്രകാശ്. 2014- യുസിഒ ബാങ്കിൻ്റെ ചീഫ് മാനേജരായിരിക്കെ കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി പ്രവർത്തിക്കാൻ ജോലിയിൽ നിന്നും സ്വയം വിരമിച്ചു. രാഷ്ട്രീയേതര സംഘടനയായ ജൻ സംഘർഷ് സമിതിയുടെ നേതാവ് കൂടിയായ ഓംപ്രകാശിന് സമൂഹത്തിൽ വലിയ പിന്തുണയുണ്ട്. 2018 ൽ കർഷക സമരത്തിനിടെ ഓംപ്രകാശ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
അതേസമയം സി പി ഐയുമായി കോൺഗ്രസിന് സഖ്യമില്ല. സി പി ഐയുമായും കോൺഗ്രസ് ചർച്ച നടത്തിയിരുന്നു. സോഹ്ന സീറ്റ് സി പി ഐക്ക് വാഗ്ദാനം ചെയ്തെങ്കിലും അത് അംഗീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് ചർച്ചകൾ അവസാനിച്ചത്. ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ സഖ്യചർച്ചകളും നേരത്തേ അവസാനിച്ചിരുന്നു. ആം ആദ്മിയുമായി സഖ്യം വേണമെന്ന നിലപാടിലായിരുന്നു തുടക്കം മുതൽ ദേശീയ നേതൃത്വം. എന്നാൽ സീറ്റ് വിഭജനം കല്ലുകടിയായി. 20 സീറ്റുകളോളമായിരുന്നു ആം ആദ്മി ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. 6 സീറ്റുകൾ വരെ നൽകാം എന്നായിരുന്നു കോൺഗ്രസ് അറിയിച്ചത്. ഇതോടെ ആം ആദ്മി ചർച്ചകളിൽ നിന്നും പിൻമാറുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഇരുപാർട്ടികളും സഖ്യമുണ്ടാക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications