വിവാഹ ആഘോഷത്തിനിടെ കൊലപാതകം; വനിതാ ആള്‍ദൈവം കീഴടങ്ങി
സംഭവത്തില്‍ ഒരു സ്ത്രീ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദില്ലി: വിവാഹ ആഘോഷത്തിനിടെ വെടിവെപ്പ് നടത്തിയതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭാ നേതാവും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ സ്വാധ്വി ദേവ താക്കൂര്‍ കോടതിയില്‍ കീഴടങ്ങി. സംഭവശേഷം ഒളിവില്‍ പോയിരുന്ന ഇവര്‍ പോലീസ് അന്വേഷണം ശക്തമായതോടെയാണ് ഹരിയാണയിലെ ഒരു പ്രാദേശിക കോടതിയില്‍ കീഴടങ്ങിയത്.
ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കടുത്ത ഭക്തനായ വരന്റെ ക്ഷണപ്രകാരമായിരുന്നു ഇവര്‍ വിവാഹത്തില്‍ പങ്കുകൊള്ളാനെത്തിയത്. ഇവിടെവെച്ച് ആഘോഷ ചടങ്ങിനിടെ സാധ്വിയും ഒപ്പമുണ്ടായിരുന്നവരും ആകാശത്തേക്ക് വെടിവെയ്ക്കുകയായിരുന്നു. ഇതിനിടയില്‍ അബദ്ധത്തില്‍ വരന്റെ ബന്ധുക്കള്‍ക്ക് വെടിയേല്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ഒരു സ്ത്രീ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിനാണ് സാധ്വിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ കേസെടുത്തതെന്ന് കര്‍നാല്‍ എസ്പി പങ്കജ് നൈന്‍ പറഞ്ഞു. ആയുധ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിണ്ടുണ്ട്. സാധ്വിക്ക് ഒപ്പമുണ്ടായിരുന്നവരെല്ലാം തോക്കുധാരികളായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
സാധ്വിയും സംഘവും അപ്രതീക്ഷിതമായി ആകാശത്തേക്ക് വെടിയുതിര്‍ക്കുമ്പോള്‍ തന്നെ തങ്ങള്‍ പോലീസിനെ വിവരം അറിയിച്ചിരുന്നതായി വിവാഹ വേദിയുടെ മാനേജര്‍ പറഞ്ഞു. ഇതിനിടെ ഒരാളുടെ തോക്ക് തകരാറിലായി. ഇത് ശരിയാക്കുന്നതിനിടെ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നെന്നാണ് മാനേജരുടെ മൊഴി.












Click it and Unblock the Notifications