ജുലാനയില്‍ സ്വർണ മെഡല്‍ വിനേഷ് ഫോഗട്ടിന് തന്നെ: കോണ്‍ഗ്രസ് വിജയം 23 വർഷത്തിന് ശേഷം
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമ്പോഴും കോണ്‍ഗ്രസിന് ആശ്വാസമായി ജുലാന മണ്ഡലം പിടിച്ചെടുത്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. അതിശക്തമായ മത്സരം നടന്ന മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാർത്ഥിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വിനേഷ് ഫോഗട്ടിന്റെ വിജയം. ഇരുപത് വർഷങ്ങള്‍ക്ക് ശേഷമാണ് ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വിജയിക്കുന്നുവെന്ന പ്രത്യേകതയും വിനേഷിന്റെ നേട്ടത്തിലുണ്ട്.
വോട്ടെണ്ണല്‍ ദിനത്തില്‍ രാജ്യം വളരെ പ്രധാന്യത്തോടെ നോക്കിക്കണ്ട മണ്ഡലമായിരുന്നു ജുലാന. ഗുസ്തി ഫെഡറഷേന്‍ അധ്യക്ഷനെതിരെയാ സമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്സിലെ അപ്രതീക്ഷിത മെഡല്‍ നഷ്ടത്തിന് പിന്നാലെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. കോണ്‍ഗ്രസ് അംഗത്വം നേടിയ അവർക്ക് പാർട്ടി ജുലാന സീറ്റ് നല്‍കുകയും ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പാർട്ടിക്ക് സ്വാധീനം നഷ്ടമായ ജുലാന മണ്ഡലത്തില്‍ വിനേഷ് ഫോഗട്ടിലൂടെ നേട്ടമുണ്ടാക്കാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആ വിശ്വാസം വിനേഷ് ഫോഗട്ട് കാത്തിരിക്കുകയാണ്. 6015 വോട്ടിനാണ് വിനേഷ് ഫോഗട്ട് ബി ജെ പി സ്ഥാനാർത്ഥി യോഗഷ് കുമാറിനെ പരാജയപ്പെടുത്തിയത്.
വിനേഷ് ഫോഗട്ടിന് 65080 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യോഗേഷ് കുമാർ നേടിയത് 59065 വോട്ടുകളാണ്. ഐ എന്‍ എല്‍ ഡി, ജെ ജെ പി, എ എ പി തുടങ്ങിയ പാർട്ടികളും ജുലാനയില്‍ മത്സര രംഗത്തുണ്ടായിരുന്നു. ഇതില്‍ ഐ എന്‍ എല്‍ ഡി 10158 വോട്ടുകള്‍ നേടിയപ്പോള്‍ ജെ ജെ പിയുടെ സിറ്റിങ് എം എല്‍ എയായ അമർജീത് ദണ്ഡയ്ക്ക് ലഭിച്ചത് 2477 വോട്ടുകള്‍ മാത്രമാണ്.
ജുലാനയില്‍ നിന്നും അവസാനമായി ഒരു കോണ്‍ഗ്രസ് സ്ഥാനാർത്ഥി വിജയിക്കുന്നത് 2005 ലാണ്. ഷേർ സിങ് ആയിരുന്നു അന്നത്തെ വിജയി. അതിന് ശേഷം നിരവധി തിരഞ്ഞെടുപ്പുകള്‍ നടന്നെങ്കിലും ഒരു കോണ്‍ഗ്രസ് സ്ഥാനാർത്ഥി പോലും വിജയിച്ചില്ല. 2019 ല്‍ ജെ ജെ പിയുടെ അമർജീത് 61942 വോട്ടുകള്‍ നേടിയപ്പോള്‍ ബി ജെ പിയുടെ പർമീന്ദർ സിങായിരുന്നു 37749 വോട്ടുകളുമായി രണ്ടാമത് എത്തി. കോണ്‍ഗ്രസിന്റെ ധർമേന്ദ്രർ സിങിന് 12440 വോട്ടുകളുമായി മൂന്നാമത് എത്താന്‍ മാത്രമേ സാധിച്ചിരുന്നുള്ളു.

എന്നാല്‍ ജുലാനയില്‍ ഇത്തവണ തുടക്കം മുതല്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. സ്ത്രീ വോട്ടർമാർക്ക് ഇടയില്‍ അടക്കം മികച്ച സ്വാധീനം ഉണ്ടാക്കാന്‍ വിനേഷ് ഫോഗട്ടിന് സാധിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയപ്പോള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഒടുവില്‍ അത് വിജയത്തിലേക്ക് എത്തുകയും ചെയ്തു.
ഒരു സെലിബ്രിറ്റി സ്ഥാനാർത്ഥി എന്ന നിലയില്‍ നിന്നും തികഞ്ഞ രാഷ്ട്രീയം പറഞ്ഞുകൊണ്ടായിരുന്നു ജുലാനയില്‍ വിനേഷ് ഫോഗട്ട് തിരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ സജീവമായത്. സംസ്ഥാന സർക്കാറിനും കേന്ദ്ര സർക്കാറിനുമെതിരെയൊക്കെ വിനേഷ് ഫോഗട്ട് നിരവധി തവണ രൂക്ഷമായ വിമർശനം അഴിച്ചു വിട്ടു.

വണ്‍ഇന്ത്യ മലയാളം സംഘം വിനേഷ് ഫോഗട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചരണം നേരിട്ട് കണ്ട രാംജ്പുര, രാംരായ ഗ്രാമങ്ങളില്‍ ജനങ്ങളെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളെയും കോണ്‍ഗ്രസ് സ്ഥാനാർത്ഥി പരാമർശിച്ചു. ഒരു കായിക താരം എന്ന നിലയില്‍ ഹരിയാനയിലെ കായിക താരങ്ങളോട് സംസ്ഥാന സർക്കാർ അനാസ്ഥ കാട്ടുന്നത്, കർഷകരുടെ പ്രശ്നങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അങ്ങനെ നിരവധി പ്രശ്നങ്ങള്‍ അവർ ഉയർത്തി. ഒടുവില്‍ വിനേഷ് ഫോഗട്ടില്‍ ജുലാനയിലെ ജനങ്ങള്‍ വിശ്വാസം അർപ്പിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്ത് അധികാരം നേടാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുകയും ചെയ്തു.












Click it and Unblock the Notifications