കുമാരി സെല്‍ജ ഹരിയാന മുഖ്യമന്ത്രി, കോണ്‍ഗ്രസില്‍ സമവായമായോ? ഭൂപീന്ദര്‍ ഹൂഡയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: ഹരിയാനയില്‍ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം പ്രവചിച്ചതോടെ ചര്‍ച്ചകള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍. കോണ്‍ഗ്രസില്‍ നിന്ന് ആരായിരിക്കും മുഖ്യമന്ത്രിയെന്ന ചര്‍ച്ചയാണ് ശക്തമായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയായ ഭൂപീന്ദര്‍ സിംഗ് ഹൂഡ ഇതില്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ്.
അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുക പാര്‍ട്ടി ഹൈക്കമാന്‍ഡാണെന്ന് ഹൂഡ വ്യക്തമാക്കി. കുമാരി സെല്‍ജയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഹരിയാനയില്‍ ആധിപത്യം ഹൂഡ കുടുംബത്തിനാണ്. കൂടുതല്‍ എംഎല്‍എമാരും അദ്ദേഹത്തിനൊപ്പമാണ്.

അടുത്ത മുഖ്യമന്ത്രിയായി ഹൂഡ തന്നെ വരുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. കഴിഞ്ഞ തവണ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയതും ഹൂഡയായിരുന്നു. എന്നാല്‍ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 90 സീറ്റാണ് ഹരിയാന നിയമസഭയിലുള്ളത്. 46 സീറ്റ് ലഭിച്ചാല്‍ ഭൂരിപക്ഷം ലഭിക്കും. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് 44നും 61 സീറ്റിനും ഇടയില്‍ ലഭിക്കുമെന്നാണ്.
കുമാരി സെല്‍ജയ്ക്ക് പുറമേ രണ്‍ദീപ് സുര്‍ജേവാലയും മുഖ്യമന്ത്രി സ്ഥാനത്തിനായി ലക്ഷ്യമിടുന്നുണ്ട്. ഇരുവരും രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും വിശ്വസ്തരാണ്. ഹൈക്കമാന്‍ഡിന്റെ നിലപാട് നിര്‍ണായകമായാല്‍ ഇരുവര്‍ക്കും മുഖ്യമന്ത്രി പദത്തിലെത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകമാകും.
എക്‌സിറ്റ് പോളുകളില്‍ പ്രവചിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി ഭരണത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നു. അഴിമതി ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. കായിക മേഖലയെ പോലും അവര്‍ വെറുതെ വിട്ടില്ലെന്നും ഹൂഡ എന്‍ഡിവിയോട് പറഞ്ഞു.
മന്ത്രിസഭ ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളെ അദ്ദേഹം പൂര്‍ണമായും തള്ളി. ഹൈക്കമാന്‍ഡാണ് ഇക്കാര്യം തീരുമാനിക്കുക. അല്ലാതെയുള്ള ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്നും ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു. ഇത്തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൂഡയുണ്ടാവുമെന്നാണ് സൂചനയകള്‍. മകന്‍ ദീപേന്ദറിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൂഡ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കുമാരി സെല്‍ജയും രണ്‍ദീപ് സുര്‍ജേവാലയും നേരത്തെ തന്നെ തന്നെ മുഖ്യമന്ത്രിയാവാനുള്ള മോഹം പരസ്യമായി പ്രകടിപ്പിച്ചവരാണ്. ഇതൊരു ജനാധിപത്യമാണ്, മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിക്കാം. അതിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അന്തിമ തീരുമാനം എംഎല്‍എമാരും ഹൈക്കമാന്‍ഡും എടുക്കുമെന്ന് സെല്‍ജ പറഞ്ഞു.
സെപ്റ്റംബര്‍ 27ന് നടന്ന റാലിയില്‍ കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷം ഹരിയാനയില്‍ നേടുമെന്ന് ഹൂഡ പ്രവചിച്ചിരുന്നു. പാര്‍ട്ടിയില്‍ തമ്മിലടിയും വിഭാഗീയതയും ഉണ്ടെന്ന ആരോപണങ്ങളെയും അദ്ദേഹം തള്ളിയിരുന്നു. പാര്‍ട്ടിക്ക് കരുത്ത് വര്‍ധിച്ചതാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം പേര്‍ മത്സരിക്കാനുണ്ടാവുമെന്നും ഹൂഡ പറഞ്ഞു.












Click it and Unblock the Notifications