ചെറുപാര്‍ട്ടികളുടെ അസ്തമനം? ഹരിയാനയില്‍ ജെജെപിയും ഐഎന്‍എല്‍ഡിയും തകരുമെന്ന് എക്‌സിറ്റ് പോളുകള്‍
ന്യൂഡല്‍ഹി: ഹരിയാനയില്‍ പ്രാദേശിക ചെറുപാര്‍ട്ടികള്‍ തകര്‍ന്നടിയുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. ഹരിയാനയില്‍ ഭരണചക്രം തന്നെ നിയന്ത്രിച്ചിരുന്ന ചൗത്താല കുടുംബമാണ് ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. 2019ല്‍ ഹരിയാനയിലെ കിംഗ് മേക്കറായിരുന്നു ദുഷ്യന്ത് ചൗത്താലയും അദ്ദേഹത്തിന്റെ ജെജെപിയും. ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോളില്‍ ജെജെപിക്ക് പരമാവധി 1 സീറ്റ് ലഭിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. ചിലപ്പോള്‍ സീറ്റില്ലാതിരിക്കാനും സാധ്യതയുണ്ട്.
ഐഎന്‍എല്‍ഡിക്ക് പരമാവധി അഞ്ച് സീറ്റുകളാണ് നേടാന്‍ സാധ്യതയുള്ളതായി പ്രവചിക്കുന്നത്. ചിലപ്പോള്‍ ഒരു സീറ്റില്‍ ഒതുങ്ങാനും സാധ്യതയുണ്ട്. ഓംപ്രകാശ് ചൗത്താലയും, ദുഷ്യന്തും ഒരേസമയം ഹരിയാന രാഷ്ട്രീയത്തില്‍ ഇതോടെ അപ്രസക്തരാവും.

ദുഷ്യന്തിന്റെ ജനനായക് ജനത പാര്‍ട്ടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിക്കുന്നത്. 10 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. 14.80 ശതമാനം വോട്ടും അവര്‍ സ്വന്തമാക്കി. ദുഷ്യന്ത് ഇതോടെ കിംഗ് മേക്കറായിരുന്നു. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ തകര്‍ന്നടിഞ്ഞു. ഒരു സീറ്റാണ് അവരാകെ നേടിയത്.
പതിനെട്ടോളം സീറ്റുകളാണ് അവര്‍ക്ക് കഴിഞ്ഞ തവണ നഷ്ടമായത്. ദുഷ്യന്ത് പാര്‍ട്ടി പിളര്‍ത്തി മറ്റൊരു പാര്‍ട്ടി രൂപീകരിച്ചത് ഐഎന്‍എല്‍ഡിയെ കാര്യമായി ബാധിക്കുകയും ചെയ്തു. ബിജെപി ഭൂരിപക്ഷമില്ലാതെ നട്ടം തിരിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനെ അമ്പരപ്പിച്ച് കൊണ്ട് ജെജെപി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ദുഷ്യന്ത് ഹരിയാനയില്‍ ഉപമുഖ്യമന്ത്രിയാവുകയുമായിരുന്നു.
റിപബ്ലിക്ക്-മേട്രിസ് സര്‍വേയില്‍ ജെജെപിക്ക് പരമാവധി മൂന്ന് സീറ്റാണ് പ്രവചിക്കുന്നത്. ഇത് ചിലപ്പോള്‍ പൂജ്യമാവാനും സാധ്യതയുണ്ട്. ജെജെപിക്ക് ഏഴ് സീറ്റുകള്‍ അപ്പോഴും നഷ്ടമാകും. അതുപോലെ ലോക്ദളിന് മൂന്ന് മുതല്‍ പരമാവധി ആറ് സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. 2019നെ അപേക്ഷിച്ച് നേരിയ പുരോഗതിയാണ് ഐഎന്‍എല്‍ഡിക്കുണ്ടാവുക. പക്ഷേ ഹരിയാന രാഷ്ട്രീയത്തിലെ സ്വാധീന ശക്തിയെന്ന പേര് ഇതോടെ ലോക്ദളിന് നഷ്ടപ്പെടും.
കര്‍ഷക രോഷം ചൗത്താല കുടുംബത്തിനെതിരെ ആഞ്ഞുവീശിയെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. കര്‍ഷക പാര്‍ട്ടിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജെജെപി കേന്ദ്ര സര്‍ക്കാരിന്റെ പിന്‍വലിക്കപ്പെട്ട കാര്‍ഷിക നിയമത്തെ പിന്തുണച്ചവരായിരുന്നു. ഇത് വലിയ തിരിച്ചടിയായി മാറുകയായിരുന്നു.
അതേസമയം ധ്രുവ് എക്‌സിറ്റ് പോളില്‍ പൂജ്യം സീറ്റുകളാണ് ജെജെപിക്കും ഐഎന്‍എല്‍ഡിക്കും പ്രവചിക്കുന്നത്. ഈ എക്‌സിറ്റ് പോളാണ് ഏറ്റവും വലിയ തകര്‍ച്ച ഇരുപാര്‍ട്ടികള്‍ക്കും പ്രവചിച്ചിരിക്കുന്നത്. മേട്രിക്‌സ് സര്‍വേയില്‍ ജെജെപി മൂന്ന് സീറ്റുകള്‍ പരാമവധി നേടുമെന്നാണ് പറയുന്നത്. ലോക്ദളിന് രണ്ട് മുതല്‍ അഞ്ച് സീറ്റുകള്‍ വരെയും ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ഇത് രണ്ട് സര്‍വേ യാഥാര്‍ത്ഥ്യമായാലും ഇരുപാര്‍ട്ടികളും തിരിച്ചടിയാണ് നേരിടുന്നത്.
ഹരിയാനയില്‍ പൊതുവേ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വലിയ ആധിപത്യമുണ്ടാവാറുണ്ട്. ഇതുമാറി ദേശീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ആധിപത്യം ലഭിക്കുന്ന കാഴ്ച്ചയാണ് ഇത്തവണ കാണാന്‍ സാധിക്കുകയെന്നാണ് എക്‌സിറ്റ് പോള്‍ ഫലം നല്‍കുന്ന സൂചന.












Click it and Unblock the Notifications