'ഇന്ത്യ'യെന്ന പേര് നൽകിയത് യുപിഎ കാലത്തെ ചെയ്തികൾ മറയ്ക്കാൻ'; പ്രതിപക്ഷ സഖ്യത്തിനെതിരെ വീണ്ടും മോദി
ജയ്പൂർ: പ്രതിപക്ഷ സഖ്യത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻകാലത്തെ തെറ്റുകൾ മറച്ച് വെക്കാനാണ് യു പി എ എന്ന പേരിന് പകരം പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നൽകിയതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജസ്ഥാനിലെ സിക്കാറിൽ ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'മുൻ തട്ടിപ്പ് കമ്പനികൾ ചെയ്തത് പോലെയാണ് കോൺഗ്രസും അവരുടെ സഖ്യകക്ഷികളും അവരുടെ പേര് മാറ്റിയത്. തീവ്രവാദത്തിനു മുന്നിൽ കീഴടങ്ങിയതിന്റെ കറ മറക്കാനാണ് അവർ പേര് മാറ്റിയത്. അവരുടെ വഴി രാജ്യത്തിന്റെ ശത്രുക്കളുടെ അതേ വഴിയാണ്. 'ഇന്ത്യ' എന്ന പേര് അവരുടെ രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല, മറിച്ച് രാജ്യത്തെ കൊള്ളയടിക്കാനാണ്', പ്രധാനമന്ത്രി പറഞ്ഞു.

'ദിശാബോധമിലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. ഇന്ത്യ എന്ന ലേബൽ ഉപയോഗിച്ച് യുപിഎ അവരുടെ പഴയ ചെയ്തികൾ മറയ്ക്കാൻ ആഗ്രഹിക്കുകയാണ്. അവർക്ക് ഇന്ത്യയെക്കുറിച്ച് ശരിക്കും ചിന്തയുണ്ടായിരുന്നുവെങ്കിൽ വിദേശികളോട് ഇന്ത്യയിൽ ഇടപെടാൻ ആവശ്യപ്പെടുമായിരുന്നോ? 'ഇന്ദിരയാണ് ഇന്ത്യ', 'ഇന്ത്യയാണ് ഇന്ദിര' എന്ന് അവർ ഒരിക്കൽ മുദ്രാവാക്യം വിളിച്ചു. അന്ന് അവരെ ജനം വേരോടെ പിഴുതെറിഞ്ഞു. അഹങ്കാരികൾ അത് വീണ്ടും ആവർത്തിക്കുകയാണ്. അവർ പറയുന്നു 'യു പി എ' ഇന്ത്യയാണ് എന്ന്. 'ഇന്ത്യ'യാണ് യു പി എയെന്ന്. ജനം അവർക്ക് അതിനുള്ള മറുപടി നൽകും', മോദി പറഞ്ഞു.
'ക്വിറ്റ് ഇന്ത്യ - എന്ന് ഒരിക്കൽ മഹാത്മാ ഗാന്ധി മുദ്രാവാക്യം വിളിച്ചിരുന്നു. ബ്രിട്ടീഷുകാരോട് രാജ്യം വിടാൻ അദ്ദേഹം ആവശ്യപ്പെട്ടു. മികച്ചൊരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.മഹാത്മാഗാന്ധി 'ക്വിറ്റ് ഇന്ത്യ' എന്ന് പറഞ്ഞത് പോലെ ഇന്നത്തെ മന്ത്രം 'അഴിമതി ക്വിറ്റ് ഇന്ത്യ', കുടുംബ വാഴ്ച ക്വിറ്റ് ഇന്ത്യ', പ്രീതിപ്പെടുത്തൽ ക്വിറ്റ് ഇന്ത്യ എന്നിങ്ങനെയാണ്', ക്വിറ്റ് ഇന്ത്യ മാത്രമേ രാജ്യത്തെ രക്ഷിക്കുകയുള്ളൂ', വെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനേയും പ്രധാനമന്ത്രി വിമർശിച്ചു. 'മുന്‍മന്ത്രി രാജേന്ദ്ര സിങ് ഗുഠയുടെ റെഡ് ഡയറിയിൽ ഉള്ള കാര്യങ്ങൾ അശോക് ഗെഹ്ലോട്ട് സർക്കാരിനെ തകർക്കും. അവർ തിരഞ്ഞെടുപ്പിൽ പരാജയപ്പെടും. കേന്ദ്ര സർക്കാർ യുവാക്കളുടെ വികസനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ രാജസ്ഥാനിൽ എന്താണ് സംഭവിക്കുന്നത്. സർക്കാർ യുവാക്കളുടെ ഭാവി വെച്ച് കളിക്കുകയാണ്', പ്രധാനമന്ത്രി കുറ്റപ്പെടുത്തി.












Click it and Unblock the Notifications