രാജ്യത്തേയും സംസ്ഥാനങ്ങളേയും തകര്‍ക്കും; 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ആശയത്തിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തിനെതിരെ രാഹുല്‍ ഗാന്ധി. ഇന്ത്യ എന്ന യൂണിയനിനും എല്ലാം സംസ്ഥാനങ്ങള്‍ക്കും എതിരായ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ എന്നത് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് എന്ന് രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു.
ലോക്സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്രം വെള്ളിയാഴ്ച ഒരു സമിതിയെ പ്രഖ്യാപിച്ചിരുന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു.

15-ാം ധനകാര്യ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ എന്‍ കെ സിംഗ്, ലോക്സഭാ മുന്‍ ജനറല്‍ സെക്രട്ടറി സുബാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരും ഉള്‍പ്പെടുന്ന പാനലില്‍ പ്രത്യേക ക്ഷണിതാവായി അര്‍ജുന്‍ റാം മേഘ്വാള്‍, നിയമമന്ത്രി എന്നിവരും പങ്കെടുക്കും എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
ലോക്സഭ, സംസ്ഥാന നിയമസഭകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ എന്നിവ ഒരേസമയം നടത്താന്‍ പാനല്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്യും എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരി പാനലില്‍ അംഗമാകാനില്ല എന്ന് അറിയിച്ചിട്ടുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സമിതിയില്‍ നിന്ന് ഒഴിവാക്കിയതിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
ഖാര്‍ഗെക്ക് പകരം കോണ്‍ഗ്രസ് വിട്ട മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെയാണ് കേന്ദ്ര സര്‍ക്കാര്‍ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. വിവിധ തലങ്ങളിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാര്‍ശകള്‍ നല്‍കണം എന്നാണ് എട്ടംഗ സമിതിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനയിലെ ഭേദഗതികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണെങ്കില്‍ അത് പരിശോധിച്ച് ശുപാര്‍ശ ചെയ്യും.
നേരത്തെ പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യാ ബ്ലോക്കും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയേയും വൈവിധ്യത്തേയും തകര്‍ക്കുന്നതാണ് നീക്കം എന്നായിരുന്നു പ്രതിപക്ഷം അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications