വനിതാ സംവരണ നിയമം: ഉടൻ നടപ്പാക്കാൻ ഉത്തരവിടാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: വനിതാ സംവരണം ഉടനടി നടപ്പാക്കണമെന്ന് ഉത്തരവ് ഇടാൻ പറ്റില്ലെന്ന് സുപ്രീംകോടതി. സംവരണം നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അടുത്ത സെൻസസിനെ തുടർന്നുള്ള മണ്ഡല പുനർനിർണയം നടത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. ലോക്സഭയിലും നിയമസഭയിലും മൂന്നിലൊന്ന് സീറ്റ് വനിതകൾക്കായി സംവരണം ചെയ്ത് പാസാക്കിയ നിയമം അടുത്ത തിരഞ്ഞെടുപ്പിൽ പ്രാവർത്തികം ആക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

പാർലമെന്റ്, സംസ്ഥാന നിയമസഭകൾ, ഡൽഹി നിയമസഭ എന്നിവിടങ്ങളിലെ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി നീക്കിവച്ച ഭരണഘടനാ ഭേദഗതിയെ രാഷ്ട്രീയത്തിൽ ലിംഗസമത്വം കൈവരിക്കുന്നതിനുള്ള "വളരെ നല്ല ചുവടുവയ്പ്പ്" എന്ന് സുപ്രീം കോടതി .
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്താൻ നിയമം നിർദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതിയിൽ സെപ്റ്റംബറിൽ രാഷ്ട്രപതി ഒപ്പുവെച്ചെങ്കിലും നടപ്പിലായിട്ടില്ല.
നിങ്ങളുടെ വാദം ഞങ്ങൾക്ക് മനസ്സിലാകും. വനിതാ സംവരണം നടപ്പാക്കുന്നതിന് സെൻസസ് നടത്തേണ്ടതില്ലെന്ന് ആണ് നിങ്ങൾ പറയുന്നത്. എന്നാൽ നിരവധി പ്രശ്നങ്ങൾ ഉണ്ട്. സീറ്റ് സംവരണം ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ട് എന്നും കോടതി പറഞ്ഞു. ഇതേ വിഷയത്തിൽ വേറെയും ഹർജി ഹൈക്കോടതിയുടെ മുമ്പിൽ ഉണ്ടെന്നും നവംബർ 22 ന് ആ ഹർജികൾക്കൊപ്പം ഠാക്കൂറിന്റെ ഹർജിയും പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
ഠാക്കൂറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ഹാജരായി. പിന്നോക്ക വിഭാഗക്കാർക്ക് വേണ്ടിയാണ് സംവരണം നടപ്പാക്കുന്നതെങ്കിൽ സെൻസസ് നടത്തേണ്ടത് ആവശ്യമാണെന്ന് മനസ്സിലാക്കാം. എന്നാൽ വനിതാ സംവരണത്തിന് സെൻസസ് നടത്തണമെന്ന് പറയുന്നത് ആശ്ചര്യപ്പെടുത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications