ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വെ നടത്താന്‍ ഹൈക്കോടതിയുടെ അനുമതി: പള്ളി കമ്മിറ്റിയുടെ ആവശ്യം തള്ളി
കാണ്‍പൂർ: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വെ നടത്താന്‍ അനുമതി. അലഹാബാദ് ഹൈക്കോടതിയാണ് ആർക്കിയോളിക്കല്‍ സർവേ ഓഫ് ഇന്ത്യ നടത്തുന്ന സർവ്വെയ്ക്ക് അനുമതി നല്‍കിയത്. സർവേ മസ്ജിദ് ഘടനയ്ക്ക് കേടുപാടുകൾ വരുത്തുമെന്നും ഇതിനാല്‍ സർവ്വെ നടപടികള്‍ നിർത്തിവെക്കണമെന്നായിരുന്നു പള്ളി കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഹൈക്കോടതി തയ്യാറായില്ല.
എഎസ്‌ഐയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ നടക്കുകയെന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധിക്ക് ശേഷം ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനും അറിയിച്ചു. ജൂലായ് 21 നാണ് ക്ഷേത്രത്തിന്റെ സ്ഥാനത്താണോ യഥാർത്ഥത്തിൽ മസ്ജിദ് നിർമ്മിച്ചതെന്ന് നിർണ്ണയിക്കാൻ ഒരു സർവേ നടത്താൻ എഎസ്ഐയോട് വാരണാസി കോടതി നിർദ്ദേശിക്കുന്നത്.

ജൂലൈ 24 ന് സർവേ ആരംഭിച്ചെങ്കിലും ജില്ലാ കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പള്ളിക്കമ്മിറ്റിക്ക് സുപ്രീംകോടതി സമയം അനുവദിച്ചതിനെ തുടർന്ന് നടപടികള്‍ താല്‍ക്കാലികമായി നിർത്തിവെക്കുകയായിരുന്നു. മുമ്പ് ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്താണ് പള്ളി നിർമ്മിച്ചതെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം സ്ത്രീകൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് ആരംഭിക്കുന്നത്.
16ാം നൂറ്റാണ്ടില്‍ ഔറംഗസേബിന്റെ ഭരണകാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്ത് ഔറംഗസേബിന്റെ കല്‍പ്പന പ്രകാരം മസ്ജിദ് നിര്‍മ്മിച്ചു എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. വാരണാസി ആസ്ഥാനമായുള്ള അഭിഭാഷകനായ വിജയ് ശങ്കര്‍ റസ്തോഗിയാണ് ആദ്യമായി കീഴ്ക്കോടതിയില്‍ ഗ്യാന്‍വാപി മസ്ജിദിന്റെ നിര്‍മ്മാണം നിയമവിരുദ്ധമാണെന്ന് അവകാശപ്പെടുകയും പള്ളിയുടെ പുരാവസ്തു സര്‍വേ ആവശ്യപ്പെടുകയും ചെയ്യുന്നത്.
2021 ഏപ്രിലില്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ എസ് ഐയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ഗ്യാന്‍വാപി മസ്ജിദ് നടത്തുന്ന അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയും റസ്‌തോഗിയുടെ ഹര്‍ജിയെ എതിര്‍ത്ത് രംഗത്തെത്തി. സർവ്വേയ്ക്ക് ഹൈക്കോടതി സ്റ്റേയും നല്‍കി. കേസ് സുപ്രീംകോടതിയില്‍ എത്തിയതോടെ 2021 മാര്‍ച്ചില്‍, അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച്, ആരാധനാലയ നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ സമ്മതിച്ചു.
ഇതിനിടെയാണ് സ്ത്രീകളുടെ ഹർജിയില്‍ വാരണാസി ജില്ലാ കോടതിയുടെ നിര്‍ദേശ പ്രകാരം പുരാവസ്തു വകുപ്പ് ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വെ നടത്താന്‍ തീരുമാനിക്കുന്നത്. ഇതിനെതിരെ കോടതിയില്‍ നിന്നും പള്ളിക്കമ്മിറ്റി അനുകൂല ഉത്തരവ് നേടിയെടുത്തു. ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് വരെ സർവ്വെ പാടില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം.












Click it and Unblock the Notifications