ഹിജാബ് ഹര്‍ജികള്‍ വേഗം പരിഗണിക്കില്ല; ഹോളിക്ക് ശേഷം നോക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹിജാബ് ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹോളി അവധിക്ക് ശേഷം വിഷയം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയുടെ ആവശ്യം. ഇക്കാര്യം ചീഫ് ജസ്റ്റിസ് രമണ തള്ളി. വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് ഉഡുപ്പിയിലെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്നാണ് ഹിജാബ് നിരോധനത്തിനെതിരെ ഹര്‍ജി നല്‍കിയ വിദ്യാര്‍ഥിനികള്‍ പറയുന്നത്. ഉഡുപ്പി കോളജിലെ അഞ്ച് പെണ്‍കുട്ടികളാണ് ഹിജാബ് നിരോധനം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതി ഹര്‍ജി തള്ളുകയും നിരോധനം ശരിവെക്കുകയും ചെയ്തു. മൗലിക അവകാശം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. പ്രാദേശികമായി പരിഹരിക്കാവുന്ന ഒരു വിഷയമായിരുന്നു അത്. ഇപ്പോള്‍ രാഷ്ട്രീയ, മതപരമായ ഇടപെടലുണ്ടായി. കോടതിയില്‍ തിരിച്ചടിയേറ്റെങ്കിലും കോളജ് പഠനം നിര്‍ത്തില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് ഉഡുപ്പിയിലെ കോളജില്‍ തലമറച്ച് പെണ്‍കുട്ടികള്‍ എത്തുന്നതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നത്. പ്രതിഷേധം വ്യാപിച്ചതോടെ ഹിജാബ് കലാലയങ്ങളില്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാണ് ഹിജാബ് എന്ന് വിദ്യാര്‍ഥിനികള്‍ ബോധിപ്പിച്ചു. എന്നാല്‍ തലമറയ്ക്കല്‍ ഇസ്ലാമിക വിശ്വാസത്തിന്റെ അഭിവാജ്യഘടകമല്ല എന്ന് ഹൈക്കോടതി പ്രസ്താവിച്ചു.
ഞങ്ങള്‍ ഹിജാബ് ധരിക്കും. ഹിജാബില്ലാതെ കോളജില്‍ പോകില്ല. വിശ്വാസത്തിന്റെ ഭാഗമാണ് ഹിജാബ്. ഖുര്‍ആനില്‍ നിര്‍ദേശിക്കുന്ന കാര്യമാണിത്- വിധി വന്ന ശേഷം മാധ്യമങ്ങളെ കണ്ട വിദ്യാര്‍ഥിനികള്‍ പ്രതികരിച്ചു. വിധി വന്ന പിന്നാലെ വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. സുരപുര താലൂക്ക് കെംബവി സര്‍ക്കാര്‍ കോളജിലാണ് സംഭവം. വിധി വന്നതോടെ ഹിജാബ് മാറ്റാന്‍ അധ്യാപകര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഹിജാബ് മാറ്റില്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ഥിനികള്‍ പരീക്ഷ പൂര്‍ത്തിയാക്കാതെ മടങ്ങിയത്. 35 വിദ്യാര്‍ഥിനികള്‍ ഇറങ്ങിപ്പോയി.
ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയതും ഹിജാബ് നിരോധനം ശരിവച്ചതും. ജസ്റ്റിസ് കൃഷ്ണ എസ് ദീഷിത്, ജസ്‌റ്ിസ് ജെഎം ഖാസി എന്നിവരും ഡിവിഷന്‍ ബെഞ്ചില്‍ അംഗങ്ങളായിരുന്നു. ഹിജാബ് നിരോധനത്തെ സ്വാഗതം ചെയ്താണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും വിധിയെ സ്വാഗതം ചെയ്തു. ബിജെപി നേതാക്കളും വിധിയെ സ്വാഗതം ചെയ്തു. വിധി നിരാശാജനകമാണെന്ന് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ പ്രതികരിച്ചു.












Click it and Unblock the Notifications