കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഡുപ്പി കോളജില്‍ പറഞ്ഞു തീര്‍ക്കാമായിരുന്ന സംഭവം... ഒടുവില്‍ കോടതി കയറി, എന്താണ് ഹിജാബ് കേസ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഉഡുപ്പിയിലുള്ള കോളജില്‍ തുടങ്ങിയ ഹിജാബ് നിരോധനം ദേശീയ തലത്തില്‍ വിവാദമാകുകയും ഇപ്പോള്‍ സുപ്രീംകോടതിക്ക് പോലും വ്യക്തമായ തീരുമാനം എടുക്കാനാകാത്ത കേസായി മാറുകയും ചെയ്തിരിക്കുന്നു. സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ച് കേസില്‍ വാദം കേട്ടെങ്കിലും ഭിന്ന വിധികളാണ് രണ്ടു ജഡ്ജിമാരും പുറപ്പെടുവിച്ചത്.

ഒരാള്‍ കര്‍ണാടക ഹൈക്കോടതി വിധി ശരിവച്ചപ്പോള്‍ മറ്റൊരു ജഡ്ജി ഹൈക്കോടതി വിധി റദ്ദാക്കി. ഭിന്ന വിധി വന്ന സാഹചര്യത്തില്‍ കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിലേക്ക് മാറ്റപ്പെട്ടു. ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ച് രൂപീകരിച്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കുകയാകും ഇനിയുള്ള നടപടി. ഒരു കോളജില്‍ മാത്രം ഒതുങ്ങേണ്ടിയിരുന്ന ചെറിയ സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായി മാറിയതാണ് ഹിജാബ് വിവാദം....

1

2021 ഡിസംബറിലാണ് ഹിജാബ് വിവാദത്തിന് തുടക്കം. മുസ്ലിം പെണ്‍കുട്ടികള്‍ തലമറച്ച് ക്ലാസിലെത്തുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തുവരികയായിരുന്നു. മാത്രമല്ല, അവര്‍ കാവി ഷാള്‍ ധരിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ തലമറച്ച് ക്ലാസില്‍ കയറേണ്ടെന്ന് ഉഡുപ്പിയിലെ പ്രീ യുണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനികളെ അറിയിച്ചു. വര്‍ഷങ്ങളായി തങ്ങള്‍ ഇങ്ങനെയാണ് വരുന്നതെന്നും ഇപ്പോള്‍ എന്താണ് മാറ്റം വരുത്തുന്നതെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ ചോദ്യം. അവര്‍ പ്രതിഷേധവും ആരംഭിച്ചു.

2022 ജനുവരി ഒന്നിനാണ് ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കുന്നത് വിലക്കി കോളജ് അധികൃതര്‍ തീരുമാനമെടുത്തത്. വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങി. അടുത്തിടെ നിരോധിച്ച ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കൂടാതെ ചില മുസ്ലിംസംഘടനകളും വിദ്യാര്‍ഥികളെ പിന്തുണച്ച് രംഗത്തുവന്നു. ഹിജാബിനെതിരെ എബിവിപി വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കി. ഇതോടെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചു.

2

ജനുവരി 31ന് വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹിജാബ് നിരോധനം നീക്കണമെന്നായിരുന്നു അവരുടെ ആവശ്യം. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ഫെബ്രുവരി അഞ്ചിന് വിദ്യാഭ്യാസ വകുപ്പ് കലാലയങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും യൂണിഫോം പിന്തുടരണം എന്നായിരുന്നു സര്‍ക്കുലര്‍. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റ് നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.

ഇതോടെ ഹിജാബിനെ അനുകൂലിച്ചും എതിര്‍ത്തും ഇരുവിഭാഗങ്ങള്‍ തെരുവിലിറങ്ങി. ഫെബ്രുവരി എട്ടിന് പ്രതിഷേധം ശക്തമായി. ശിവമോഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ പോലിസിനെ സര്‍ക്കാര്‍ വിന്യസിച്ചു. സ്‌കൂളുകള്‍ അടച്ചിട്ടു. ഫെബ്രുവരി ഒമ്പതിന് കര്‍ണാടക ഹൈക്കോടിയുടെ സിംഗിള്‍ ബെഞ്ച് കേസ് വിശാല ബെഞ്ചിന് കൈമാറി. ഫെബ്രുവരി പത്തിന് മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കാന്‍ തുടങ്ങി. ചീഫ് ജസ്റ്റിസ് റുതി രാജ് അശ്വതി, ജസ്റ്റിസുമാരായ ദിക്ഷിത്, ജെഎം ഖാസി എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.

3

ഫെബ്രുവരി 11ന് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മതപരമായ ഒരു വസ്ത്രവും വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ധരിക്കരുത് എന്നും കോടതി ഉത്തരവിട്ടു. ഇതോടെ ഹിജാബ് ധരിച്ചുവരുന്ന കുട്ടികളെ സ്‌കൂള്‍ കവാടത്തിന് മുമ്പില്‍ അധ്യാപകര്‍ തടയുന്ന സാഹചര്യമായി. ഹിജാബ് നിരോധിക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമില്ല എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഫെബ്രുവരി 25ന് കര്‍ണാടക ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. 11 ദിവസത്തിനകം വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. മാര്‍ച്ച് 15നാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഹിജാബ് നിരോധനം ശരിവെക്കുകയായിരുന്നു കോടതി. സര്‍ക്കാരിന്റെ വാദം അംഗീകരിച്ചായിരുന്നു വിധി. മാര്‍ച്ച് 16ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചു.

4

വേനലവധിക്ക് ശേഷം സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ശു ധുലിയ എന്നിവരാണ് വാദം കേട്ടത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 25 ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. കേരളത്തിലെയും കര്‍ണാടകയിലെയും മുസ്ലിം സംഘടനകള്‍, വിദ്യാര്‍ഥിനികള്‍, സിഖ് വനിത തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി പ്രമുഖ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ഹാജരായി.

സെപ്തംബര്‍ 22ന് വാദം പൂര്‍ത്തിയാകുകയും വിധി ഒക്ടോബര്‍ 13ലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ രണ്ടു വിധിയാണ് പ്രസ്താവിച്ചത്. ഗുപ്ത ഹൈക്കോടതി വിധി ശരിവച്ചപ്പോള്‍ ധുലിയ ഹൈക്കോടതി വിധി റദ്ദാക്കി. ഭിന്ന വിധി വന്ന സാഹചര്യത്തില്‍ കേസ് ചീഫ് ജസ്റ്റിസിന് മുമ്പിലെത്തും. വിശാല ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപീകരിക്കുകയും വാദം കേള്‍ക്കുകയും ചെയ്യും. അതുവരെ ഹിജാബ് വിഷയത്തില്‍ നിലവിലുള്ള സ്ഥിതി തുടരും.

English summary
Hijab Case in Karnataka Time line; Controversy Starts From Udupi Collage to Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X