ഹിജാബ് വിവാദം; മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കരുതെന്ന് സിദ്ധരാമയ്യ
ബെംഗളൂരു; ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ. ഹിജാബ് ധരിച്ചതിന്റെ പേരിൽ മുസ്ലീം പെൺകുട്ടികൾക്ക് കോളേജിൽ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടന പ്രകാരമുള്ള വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.സർക്കാരിന്റെ സർക്കുലറിൽ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിൽ യൂണിഫോം നിർബന്ധമാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെൺകുട്ടികൾ മുൻപേ തന്നെ ഹിജാബ് ധരിക്കുന്നവരാണ്. അതവരുടെ മൗലിക അവകാശമാണെന്നും സിദ്ദരാമയ്യ പറഞ്ഞു.അതേസമയം ഹിജാബ് ധരിച്ച് മുസ്ലീം വിദ്യാർത്ഥിനികൾ എത്തിയാൽ ക്ലാസിൽ കാവി ഷാളുകൾ അണിഞ്ഞെത്തുമെന്ന ഹിന്ദു സംഘടനയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഭീഷണിക്കെതിരേയും സിദ്ധരാമയ്യ രംഗത്തെത്തി.
അവർ നേരത്തേ കോളേജിലേക്ക് വരുമ്പോൾ കാവി ഷാൾ ധരിക്കാറുണ്ടായിരുന്നു. ഇപ്പോഴത്തെ നടപടികൾ രാഷ്ട്രീയ പ്രേരിതമാണ്. സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കണം, അദ്ദേഹം പറഞ്ഞു.
പ്രാദേശിക ബി ജെ പി എം എൽ എ രഘുപതി ഭട്ടാണ് യൂണിഫോം നിർബന്ധമെന്ന തീരുമാനമെടുത്തത്. എന്നാൽ യൂണിഫോം നിർബന്ധമല്ലെന്നാണ് സർക്കാർ സർക്കുലറിൽ പറയുന്നത്. യൂണിഫോം ധരിക്കുന്നത് നിർബന്ധമാണെന്ന് പറയാൻ എം എൽ എ ആരാണെന്നും സിദ്ദരാമയ്യ ചോദിച്ചു. വിദ്യാഭ്യാസം മൗലികാവകാശമാണ്. കോളേജിൽ വരുന്നതിൽ നിന്ന് അവരെ തടഞ്ഞാൽ, അത് എന്താണ് സൂചിപ്പിക്കുന്നത്? അത് മൗലികാവകാശ ലംഘനമല്ലേ?മുസ്ലീം സമുദായത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്. കോളേജ് പ്രിൻസിപ്പിളിന്റേത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും വിവാദത്തിൽ പ്രതികരിച്ച് രംഗത്തെത്തി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന കേന്ദ്രസർക്കാർ മുദ്രാവാക്യം വെറും പൊള്ളയാണെന്നാണ് ഹിജാബ് ധരിച്ചതിന്റെ പേരിൽ മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നടപടി വ്യക്തമാക്കുന്നതെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.
'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്നത് കേന്ദ്ര സർക്കാരിന്റെ മറ്റൊരു പൊള്ളയായ മുദ്രാവാക്യമാണ്. വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. മുസ്ലീങ്ങളുടെ പാർശ്വവൽക്കരണം നിയമവിധേയമാക്കുന്നത് ഗാന്ധിയുടെ ഇന്ത്യയെ ഗോഡ്‌സെയുടെ ഇന്ത്യയാക്കി മാറ്റുന്നതിനുള്ള ഒരു ചുവടുകൂടിയാണ്' , മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുതിർന്ന ബി ജെ പി നേതാവ് ഉമാഭാരതി, ഭോപ്പാലിൽ നിന്നുള്ള ലോക്‌സഭാംഗം പ്രജ്ഞാ താക്കൂർ എന്നിവർ കാവി വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഒമർ ഒബ്ദുള്ളയുടെ പ്രതികരണം. എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ട്. അവരുടെ തിരഞ്ഞെടുപ്പ് നിങ്ങൾക്ക് ഇഷ്ടപ്പെടാം അല്ലെങ്കിൽ ഇഷ്ടപ്പെടില്ല, പക്ഷേ അത് നമുക്കെല്ലാവർക്കും ഉള്ള അവകാശമാണ്. ഈ ജനപ്രതിനിധികൾക്ക് കാവി വസ്ത്രം ധരിക്കാമെങ്കിൽ, ഈ പെൺകുട്ടികൾക്ക് ഹിജാബ് ഉപയോഗിക്കാം. മുസ്ലീങ്ങൾ രണ്ടാംകിട പൗരന്മാരല്ല, ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കുന്ദാപുരിയെ ഗവ പിയു കോളേജിൽ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നത് തടഞ്ഞത്. കോളേജ് ഗേറ്റിന് മുന്നിൽ പ്രിൻസിപ്പൽ രാമകൃഷ്ണ തന്നെ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ക്ലാസ് മുറികളിൽ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
Recommended Video
ഷിമോഗയിലെ ഒരു ഗവൺമെന്റ് കോളേജിലും ഹിജാബിനെതിരെ ബുധനാഴ്ച പ്രതിഷേധം നടന്നിരുന്നു. എം വിശ്വേശ്വരയ്യ ഗവൺമെന്റ് ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജിൽ മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് ധരിച്ചതിൽ പ്രതിഷേധിച്ച് ചില ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് ക്ലാസിൽ എത്തുകയായിരുന്നു. ഹിജാബും ബുർഖയും അനുവദനീയമാണെങ്കിൽ ക്ലാസ് മുറികളിൽ കാവി ഷാളുകളും അനുവദിക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.












Click it and Unblock the Notifications