ഹിജാബ് വിവാദം കത്തുന്നു; കര്‍ണാടകയില്‍ മൂന്ന് ദിവസം കോളജുകള്‍ അടച്ചിടും
ബെംഗളൂരു: ഹിജാബ് വിവാദം ശക്തിപ്പെട്ട സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം. അടുത്ത മൂന്ന് ദിവസം കലാലയങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. എല്ലാവരും സഹകരിക്കണമെന്നും ക്രമസമാധാനം കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് അഞ്ച് വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ന് ഹര്‍ജകളില്‍ വാദം കേട്ട കോടതി ക്രമസമാധാനം പാലിക്കണമെന്ന് വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും അഭ്യര്‍ഥിച്ചു. ഹര്‍ജികളില്‍ വാദം നാളെയും തുടരും. നാളെ ഉച്ചയ്ക്ക് 2.30ന് വാദം പുനരാരംഭിക്കും.

ഉഡുപ്പിയിലാണ് ആദ്യം സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. ഇന്ന് ശിവമോഗയിലേക്കും പ്രതിഷേധം വ്യാപിച്ചു. ഹിജാബിനെ എതിര്‍ത്ത് വലതുപക്ഷ വിദ്യാര്‍ഥികള്‍ രംഗത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് ഹിജാബ് ധരിച്ച് എത്തരുതെന്ന് ചില കോളജുകള്‍ അറിയിച്ചു. ഹിജാബ് ഒഴിവാക്കില്ലെന്ന് മുസ്ലിം വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കി. ആറ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചു. അതിനിടെ കൂടുതല്‍ കലാലയങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഹിജാബിനെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരുമായി രണ്ട് ചേരി രൂപപ്പെട്ടു. ദളിത് വിദ്യാര്‍ഥികള്‍ ഹിജാബിനെ അനുകൂലിച്ച് രംഗത്തുവന്നു.
ഹിജാബിനെ എതിര്‍ക്കുന്ന വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞും ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിക്കുന്നത്. ഹരിഹര, ദേവന്‍ഗര എന്നിവടങ്ങളില്‍ പൊതുജനങ്ങള്‍ പ്രതിഷേധവുമായി തടിച്ചുകൂടി. പരസ്പരം കല്ലേറ് നടത്തി. പോലീസ് ലാത്തി വീശി. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചരിക്കുകയാണ്. മാണ്ഡ്യയിലെ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ പിന്നാലെ നടന്ന് ഒരുകൂട്ടം ആണ്‍കുട്ടികള്‍ ജയ് ശ്രീറാം വിളിച്ചു. പെണ്‍കുട്ടി അല്ലാഹു അക്ബര്‍ എന്ന് തിരിച്ചുവിളിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ഒരു കോളജില്‍ കാവി കൊടി നാട്ടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഹിജാബിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറും ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയും കുറ്റപ്പെടുത്തി. അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്നും ഇതുവരെ ഹിജാബ് ധരിച്ചാണ് വന്നിരുന്നതെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഉഡുപ്പിയിലെ ചില കോളജുകളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പ്രവേശിപ്പിച്ചെങ്കിലും ക്ലാസില്‍ കയറ്റിയില്ല. അവര്‍ക്ക് പ്രത്യേക മുറി നല്‍കി ഇരുത്തി. അവരെ പഠിപ്പിക്കില്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.
ഉഡുപ്പിയിലെ എംജിഎം കോളജില്‍ ഇന്ന് രാവിലെ മുതല്‍ പ്രതിഷേധം നടക്കുകയാണ്. ഹിജാബ് ധരിച്ചവരും കാവി ഷാള്‍ ധരിച്ചവരും നേര്‍ക്കുനേര്‍ നില്‍ക്കുകയായിരുന്നു. ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാന്‍ പോലീസെത്തി. അതേസമയം, ഹിജാബിനെതിരായ സമരത്തിന് ആണ്‍കുട്ടികളെ ചിലര്‍ പ്രോല്‍സാഹിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹിജാബിനെ പിന്തുണച്ച് നടക്കുന്ന സമരത്തിന് പിന്നിലും ചില ശക്തികളുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.












Click it and Unblock the Notifications