ഹിജാബ് പ്രതിക്ഷേധം; പരീക്ഷ ബഹിഷ്ക്കരിച്ച കുട്ടികൾക്ക് വീണ്ടും അവസരം നൽകിയേക്കും
ബംഗലൂരു; കർണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് മുമ്പ്. ഹിജാബ് പ്രതിഷേധത്തിനിടെ പരീക്ഷ എഴുതാൻ സാധിക്കാതെ പോയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ വീണ്ടും അവസരം ലഭിച്ചേക്കും. നിരപരാധിത്വമോ അറിവില്ലായ്മയോ കാരണം പരീക്ഷ ബഹിഷ്‌കരിച്ചിരിക്കാമെന്നതിനാൽ വീണ്ടും ഹാജരാകാൻ ഇവർക്ക് അവസരം ലഭിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.
മാർച്ച് 17 വ്യാഴാഴ്ച കർണാടക നിയമസഭയിൽ വിഷയം ചർച്ച ചെയ്തിരുന്നു. പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ രണ്ടാമതൊരു അവസരം നൽകണമെന്ന് കോൺഗ്രസ് എംഎൽഎ കൃഷ്ണ ബൈരെ ഗൗഡ സർക്കാരിനോട് ആവശ്യപ്പെട്ടു. പരീക്ഷകൾ ക്രമരഹിതമായി ഷെഡ്യൂൾ ചെയ്യാൻ കഴിയാത്തതിനാൽ അവർ ഇത് പരിഗണിക്കാൻ സാധ്യതയില്ല എന്നാണ് അന്ന് സർക്കാർ നൽകിയ മറുപടി. ഇടക്കാല ഉത്തരവിന് ശേഷവും കുട്ടികൾ കോളേജ് പരീക്ഷ ബഹിഷ്‌കരിച്ചാൽ ഇനിയൊരു അവസരം ഉണ്ടാകില്ലെന്ന് കർണാടക നിയമമന്ത്രി മധുസ്വാമി പറഞ്ഞു.

"എല്ലാവരുടെയും ഇഷ്ടത്തിന് അനുസരിച്ച് പരീക്ഷ നടത്താനാവില്ല. അതിന് ഒരു മാതൃകയുണ്ട്. ചോദ്യപേപ്പർ പാറ്റേൺ, മൂല്യനിർണ്ണയം മുതലായവ ശ്രമകരമായ പ്രക്രിയയാണ്, അത് ക്രമരഹിതമായ രീതിയിലും സമയത്തിലും ചെയ്യാൻ കഴിയില്ല," കർണാടക നിയമമന്ത്രി പറഞ്ഞു. ഇടക്കാല ഹിജാബ് ഉത്തരവിന് മുമ്പും ശേഷവും എത്ര വിദ്യാർത്ഥികൾ സ്‌കൂളുകളിലും കോളേജുകളിലും പരീക്ഷകൾ ബഹിഷ്‌കരിച്ചു എന്നതിന്റെ വിവരങ്ങൾ സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 10ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കർണാടകയിലെ കോളേജുകൾ വീണ്ടും തുറക്കാമെന്നും എന്നാൽ വിഷയം കോടതിയുടെ പരിഗണനയിലാകുന്നതുവരെ ഒരു വിദ്യാർത്ഥിക്കും മതപരമായ വസ്ത്രം ധരിക്കരുതെന്നും ആയിരുന്നു ഇടക്കാല ഉത്തരവിൽ പറഞ്ഞത്.
അതേ സമയം ഹിജാബ് വിഷയത്തിൽ വ്യാഴാഴ്ച കർണ്ണാടകയിൽ മുസ്ലിം സംഘടനകൾ ആഹ്വാനം ചെയ്ത ബന്ത് നടത്തിയിരുന്നു. പലയിടങ്ങളിലും കടകൾ അടഞ്ഞു കിടന്നു. വളരെക്കുറച്ച് വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ബിദാർ, ഹുബാലി, തുമാകുരു, ചിക്കമംഗലൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ബന്ത് ജനജീവിതത്തെ സാരമായി ബാധിച്ചു. ബംഗളൂരുവിലെ ചില പ്രദേശങ്ങളിലും ഹർത്താൽ ശക്തമായിരുന്നു.












Click it and Unblock the Notifications