വെറുപ്പിന്റെ പ്രതീകമല്ലേ... അവരോട് എന്ത് പറയാന്‍; തസ്ലീമ നസ്രിനെതിരെ ഒവൈസി
ഹൈദരാബാദ്: ബംഗ്‌ളാദേശ്-സ്വീഡിഷ് എഴുത്തുകാരി തസ്ലീമ നസ്റീനിനെതിരെ എ ഐ എം ഐ എം നേതാവും എം പിയുമായ അസദുദ്ദീന്‍ ഒവൈസി. ഹിജാബ് വിവാദത്തിലെ തസ്ലീമ നസ്രീന്റെ പ്രതികരണത്തിനെതിരെയാണ് ഒവൈസി രംഗത്തെത്തിയത്. തസ്ലീമ നസ്രിന്‍ വെറുപ്പിന്റെ പ്രതീകമാണെന്ന് ഒവൈസി പ്രതികരിച്ചു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാനിവിടെ വന്നിരിക്കുന്നത് വെറുപ്പിന്റെ പ്രതീകത്തോട് മറുപടി പറയാനല്ല. സ്വന്തം രാജ്യത്ത് ജീവന്‍ സംരക്ഷിക്കാന്‍ കഴിയാതെ അഭയം പ്രാപിച്ച, ഇന്ത്യയുടെ നുറുങ്ങുകളില്‍ കിടക്കുന്ന ഒരു വ്യക്തിയോട് ഞാന്‍ ഇവിടെ ഇരുന്നു ഉത്തരം നല്‍കില്ല' ഒവൈസി പറഞ്ഞു. 'ലിബറലുകള്‍ അവരുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ സന്തുഷ്ടരായിരിക്കും. ഓരോ മുസ്ലീമും അവരെപ്പോലെ പെരുമാറണമെന്നാണ് ലിബറലുകള്‍ ആഗ്രഹിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മതപരമായ സ്വത്വം നമ്മള്‍ ഉപേക്ഷിക്കണമെന്നാണ് വലതുപക്ഷ മതമൗലികവാദികള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എനിക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് ഞാന്‍ ഇവിടെ ഇരുന്ന് സംസാരിക്കും, അത് എന്റെ മതപരമായ സ്വത്വവുമായി മുന്നോട്ട് പോകാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു,' അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും തന്നോട് മതം ഉപേക്ഷിക്കാന്‍ പറയാന്‍ ആര്‍ക്കും കഴിയില്ലെന്നും ഒവൈസി പറഞ്ഞു. ഇന്ത്യ ഒരു ബഹു-സംസ്‌കാരമുള്ള, ബഹുമത രാജ്യമാണ്. എന്നാല്‍ എങ്ങനെ പെരുമാറണമെന്ന് ആര്‍ക്കും എന്നോട് പറയാനാവില്ല, ഒവൈസി വ്യക്തമാക്കി. കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തസ്ലീമ നസ്രീന്റെ പരാമര്‍ശം. ഹിജാബ്, ബുര്‍ഖ, നിഖാബ് തുടങ്ങിയ വസ്ത്രങ്ങള്‍ അടിച്ചമര്‍ത്തലിന്റെ പ്രതീകങ്ങളാണെന്നാണ് തസ്ലീമ പറഞ്ഞത്.

ഇതിനെതിരെയായിരുന്നു ഒവൈസിയുടെ വിമര്‍ശനം. 'ചില മുസ്ലീങ്ങള്‍ ഹിജാബ് അനിവാര്യമാണെന്ന് കരുതുന്നു, ചിലര്‍ ഹിജാബ് അത്യന്താപേക്ഷിതമല്ലെന്ന് കരുതുന്നു. എന്നാല്‍, ഏഴാം നൂറ്റാണ്ടില്‍ ചില സ്ത്രീവിരുദ്ധരാണ് ഹിജാബ് കൊണ്ടുവന്നത് എന്നായിരുന്നു തസ്ലീമ പറഞ്ഞത്. കാരണം അക്കാലത്ത് സ്ത്രീകളെ ലൈംഗിക വസ്തുവായി കണക്കാക്കിയിരുന്നു. പുരുഷന്മാര്‍ നോക്കുകയാണെങ്കില്‍ സ്ത്രീകളില്‍, പുരുഷന്മാര്‍ക്ക് ലൈംഗികാഭിലാഷം ഉണ്ടാകും, അതിനാല്‍ സ്ത്രീകള്‍ ഹിജാബ് അല്ലെങ്കില്‍ ബുര്‍ഖ ധരിക്കണം, അവര്‍ പുരുഷന്മാരില്‍ നിന്ന് സ്വയം മറയ്ക്കണം, തസ്ലീമ പറഞ്ഞു. എന്നാല്‍ നമ്മുടെ ആധുനിക സമൂഹത്തില്‍ സ്ത്രീകള്‍ തുല്യരായ മനുഷ്യരാണെന്ന് തങ്ങള്‍ പഠിച്ചു, അതിനാല്‍ ഹിജാബ്, നിഖാബ്, ബുര്‍ഖ തുടങ്ങിയവ അടിച്ചമര്‍ത്തലിന്റെ പ്രതീകങ്ങളാണ്.

മതത്തേക്കാള്‍ വിദ്യാഭ്യാസമാണ് പ്രധാനമെന്ന് തസ്ലീമ നസ്രീന്‍ പഞ്ഞു. മതേതര സമൂഹത്തില്‍ നമുക്ക് മതേതര വസ്ത്രധാരണരീതി വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിനായുള്ള അവകാശം എന്നത് ഏത് മതവും സ്വീകരിക്കുന്നതിനുള്ള അവകാശം കൂടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും തസ്ലീമ വ്യക്തമാക്കി. ഹിജാബ്, ബുര്‍ഖ എന്നിവ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപമാനമാണെന്നും അവര്‍ പറഞ്ഞിരുന്നു. മതത്തെക്കാളും പ്രധാനമാണ് വിദ്യാഭ്യാസം. മതവിശ്വാസങ്ങള്‍ ആചരിക്കേണ്ടത് വീട്ടിലോ മറ്റ് സ്വകാര്യ ഇടങ്ങളിലോ ആയിരിക്കണമെന്നും മറിച്ച് മതേതര സ്ഥാപനത്തില്‍ അല്ലെന്നും തസ്ലീമ നസ്റീന്‍ പറഞ്ഞിരുന്നു. മതവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് മതേതരത്വം എന്നതിന്റെ ഏറ്റവും അര്‍ത്ഥവത്തായ വ്യാഖ്യാനം.

ഭരണകൂടം മതത്തില്‍ നിന്നും വേര്‍പെട്ടു നില്‍ക്കണമെന്നും അവര്‍ പറഞ്ഞു. നിയമം മതത്തിലല്ല മറിച്ച് സമത്വത്തിലാണ് അധിഷ്ഠിതമാകേണ്ടത്. ഒരാളുടെ വ്യക്തിത്വം മതപരമായ വ്യക്തിത്വം ആകരുതെന്നും തസ്ലീമ വ്യക്തമാക്കി. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു കൂട്ടം മുസ്ലീം വിദ്യാര്‍ത്ഥിനികളെ ഉഡുപ്പിയിലെ കോളേജില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്നാണ് ഹിജാബ് വിവാദം ആരംഭിക്കുന്നത്. കൂടുതല്‍ കോളേജുകളും സ്‌കൂളുകളും സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചതോടെ സ്ഥിതി വഷളായി. വിഷയം നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.












Click it and Unblock the Notifications