ഹിജാബ് തെരഞ്ഞെടുപ്പല്ല, ദൈവത്തോടുള്ള ഒരു കടമയാണ്; പ്രതികരിച്ച് സൈറ വസീം
മുംബൈ: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ദംഗല്‍ ഫെയിം സൈറ വസീം. കര്‍ണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ചതിനെ സൈറ വസീം അപലപിച്ചു. ഹിജാബ് ദൈവത്തോടുള്ള കടപ്പാടാണെന്നും ഒരു തിരഞ്ഞെടുപ്പല്ലെന്നും സൈറ പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍, മതപരമായ പ്രതിബദ്ധതയുടെ പേരില്‍ സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഈ മുഴുവന്‍ വ്യവസ്ഥിതിയോടും വിനയത്തോടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായി സൈറ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തെയും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെയും വിമര്‍ശിച്ച സൈറ ദീര്‍ഘവും വിശദവുമായ കുറിപ്പാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ഹിജാബ് ഒരു തിരഞ്ഞെടുപ്പാണെന്ന പരമ്പരാഗത സങ്കല്‍പ്പം വിവരമില്ലാത്ത ഒന്നാണ്. അത് പലപ്പോഴും സൗകര്യത്തിന്റെയോ അറിവില്ലായ്മയുടെയോ നിര്‍മ്മിതിയാണ്. ഹിജാബ് ഒരു തിരഞ്ഞെടുപ്പല്ല, ഇസ്ലാമില്‍ ഒരു ബാധ്യതയാണ്. അതുപോലെ, ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ അവള്‍ സ്‌നേഹിക്കുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്ത ദൈവത്തോട് ഒരു കടമ നിറവേറ്റുകയാണെന്നും സൈറ പറഞ്ഞു. മുസ്ലീം സ്ത്രീകളെ വിദ്യാഭ്യാസവും ഹിജാബും തിരഞ്ഞെടുക്കുന്നതില്‍ വിലക്കുന്നത് അനീതിയാണെന്നും അവര്‍ പറഞ്ഞു.

'മുസ്ലിം സ്ത്രീകള്‍ക്കെതിരായ ഈ പക്ഷപാതം അവസാനിപ്പിക്കണം. നിങ്ങള്‍ നിങ്ങളുടെ അജണ്ടയെ പരിപോഷിപ്പിക്കുന്ന ഒരു പ്രത്യേക തിരഞ്ഞെടുപ്പ് നടത്താന്‍ അവരെ നിര്‍ബന്ധിക്കുന്നു. 'ശാക്തീകരണത്തിന്റെ പേരില്‍' ഇതെല്ലാം ചെയ്യുന്നത് സങ്കടകരമാണെന്നും സൈറ വസീം കൂട്ടിച്ചേര്‍ത്തു. ഉഡുപ്പിയിലെ ഗവണ്‍മെന്റ് പിയു കോളേജിലെ ആറ് മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് കോളേജ് വളപ്പില്‍ പ്രവേശിക്കാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയതോടെയാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്തിന്റെ മറ്റ് പലഭാഗങ്ങളിലും ഹിജാബ് വിലക്കാന്‍ തുടങ്ങി.

മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ വരുകയും ഹിന്ദു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സൂചകമായി കാവി ഷാള്‍ ധരിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ സംഘര്‍ഷത്തിന്റെ വക്കോളമെത്തിയിരുന്നു കാര്യങ്ങള്‍. ഹിജാബ് ധരിക്കുന്നത് മൗലികാവകാശമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയില്‍ നിന്നുള്ള ഒരു മുസ്ലീം വിദ്യാര്‍ത്ഥിനി കര്‍ണാടക ഹൈക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. വിഷയം ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കാനിരിക്കെ ഹൈക്കോടതി ഇടക്കാല ഉത്തരവില്‍, ക്ലാസ് മുറിക്കുള്ളില്‍ കാവി ഷാളുകള്‍, സ്‌കാര്‍ഫുകള്‍, ഹിജാബ്, മതപരമായ വസ്ത്രങ്ങള്‍ എന്നിവ ധരിക്കുന്നതില്‍ നിന്ന് എല്ലാ വിദ്യാര്‍ത്ഥികളെയും കഴിഞ്ഞ ആഴ്ച വിലക്കിയിരുന്നു.

അതേസമയം ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമല്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഹിജാബിന്റെ ഉപയോഗം തടയുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം തടയല്‍ അല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗിയാണ് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായത്. സമത്വത്തെയും രാജ്യത്തിന്റെ അഖണ്ഡതയേയും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ച ഫെബ്രുവരി 5 ലെ സര്‍ക്കാര്‍ ഉത്തരവില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് എജി കോടതിയില്‍ അവകാശപ്പെട്ടു.

ക്ലാസ് മുറിയില്‍ ഹിജാബ് അനുവദിക്കണമോയെന്ന് കോളേജുകള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ആചാരങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ താത്പര്യമില്ല. ഹിജാബ് മതേതരമല്ലെന്ന് ചൂണ്ടിക്കാട്ടി അനുവദിക്കാനാകില്ലെന്ന് സര്‍ക്കാരിന് നിലപാട് എടുക്കാമായിരുന്നു. എന്നാല്‍ അത്തരമൊരു നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും എജി പറഞ്ഞു. വിഷയത്തില്‍ ഇടപടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications