ഹിമാചല്‍ പ്രദേശ് ഫലം: കോണ്‍ഗ്രസിനെ ചുമ്മാ തെരഞ്ഞെടുത്തതല്ല; ബിജെപിക്ക് തിരിച്ചടിയായത് ഈ അഞ്ച് കാരണങ്ങള്‍
ഷിംല: ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ്. സമീപകാലത്ത് രാജ്യത്ത് ആദ്യമായാണ് ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ് ഭരണം പിടിക്കുന്നത്. അതിനാല്‍ തന്നെ ഗുജറാത്തിലെ തിരിച്ചടിക്കിടയിലും ഹിമാചല്‍ പ്രദേശിലെ ജയം കോണ്‍ഗ്രസിന് ജീവവായു നല്‍കും എന്നുറപ്പാണ്.
അന്തിമഫലം ഇനിയും വരാനുണ്ടെങ്കിലും 68 അംഗ നിയമസഭയില്‍ 40 സീറ്റിലെങ്കിലും കോണ്‍ഗ്രസ് വിജയിക്കും എന്നാണ് സൂചന. അങ്ങനെ വന്നാല്‍ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ചാഞ്ചാട്ടത്തില്‍ നിന്ന് കോണ്‍ഗ്രസിന് നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടാകും. ബി ജെ പി ഒരു സീറ്റില്‍ വിജയിക്കുകയും 24 ഇടത്ത് ലീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്.

1985 മുതല്‍ സംസ്ഥാനത്ത് ബി ജെ പിയും കോണ്‍ഗ്രസുമാണ് മാറി മാറി ഭരിക്കുന്നത്. ആ ട്രെന്‍ഡ് ഇത്തവണയും വോട്ടര്‍മാര്‍ കാത്തുസൂക്ഷിച്ചു എന്ന് പറയാമെങ്കിലും ഇത് കൂടാതെ വേറെയും ചില കാരണങ്ങള്‍ കോണ്‍ഗ്രസിന്റെ ജയത്തെ സ്വാധീനിച്ചു എന്ന് മനസിലാക്കാനാകും. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഉണ്ടായിരുന്നു എന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. കഴിഞ്ഞ 37 വര്‍ഷമായി, ഹിമാചല്‍ ജനത സിറ്റിംഗ് സര്‍ക്കാരിന് വോട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള രണ്ട് മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസിലെ വീര്‍ഭദ്ര സിങ്ങും ബി ജെ പിയുടെ പ്രേംകുമാര്‍ ധുമാലും പോലും വോട്ടര്‍മാരുടെ ഈ രാഷ്ട്രീയ സംസ്‌കാരം മാറ്റുന്നതില്‍ പരാജയപ്പെട്ടു. അതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് പ്രചരണം നയിച്ചിട്ടും ബി ജെ പി ദേശീയ അധ്യക്ഷന്റെ സംസഥാനത്ത് പരാജയം രുചിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പിന്തുണയും പഴയ പെന്‍ഷന്‍ പദ്ധതിയും കോണ്‍ഗ്രസ് വോട്ട് വിഹിതത്തില്‍ കൃത്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഹിമാചല്‍ പ്രദേശിലെ ആകെ വോട്ടര്‍മാരുടെ അഞ്ച് ശതമാനമാണ്. ഈ ലോബി വളരെക്കാലമായി പഴയ പെന്‍ഷന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ പ്രക്ഷോഭം നടത്തുകയായിരുന്നു, കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ബി ജെ പി ചെയ്തത്. ഭരണത്തില്‍ മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിനോട് വിരോധമില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനുയായി കൂട്ടം സംസ്ഥാനത്ത് പലപ്പോഴും സര്‍ക്കാരില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. പൊലീസ് റിക്രൂട്ട്മെന്റ് അഴിമതി, അരി നഗര്‍ പഞ്ചായത്ത് വിജ്ഞാപനം, കരട് ഷിംല വികസന പദ്ധതി തുടങ്ങിയവ വിമര്‍ശനം വരുത്തിവെച്ചു.

11 സിറ്റിംഗ് എം എല്‍ എമാര്‍ക്ക് ടിക്കറ്റ് നിഷേധിച്ച് ഭരണ വിരുദ്ധത തടയാനുള്ള ബി ജെ പിയുടെ ശ്രമം ഇവരെ വിമത സ്ഥാനാര്‍ത്ഥിയാക്കുന്നതിലേക്ക് നയിച്ചു. ബി ജെ പിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ട് വിഹിതത്തില്‍ ഇത് വിള്ളലുണ്ടാക്കി. ആപ്പിള്‍ കര്‍ഷകര്‍ ബി ജെ പിയെ കൈവിട്ടതും തിരിച്ചടിയായി. ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേറ്റ്വല്‍ക്കരിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായി രംഗത്തുവന്ന ആപ്പിള്‍ കര്‍ഷകരിലും കര്‍ഷക പ്രക്ഷോഭം പ്രതിധ്വനിച്ചിരുന്നു.

അഗ്നിപഥ് പദ്ധതി ബി ജെ പിയെ പ്രതികൂലമായി ബാധിച്ചു. ഹിമാചല്‍ പ്രദേശില്‍ ധാരാളം യുവാക്കള്‍ എല്ലാ വര്‍ഷവും സായുധ സേനയില്‍ ചേരുന്നു. നാല് വര്‍ഷത്തേക്ക് മാത്രം സൈനികരെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിവീര്‍ പദ്ധതി സംസ്ഥാനത്തെ യുവാക്കളെ സംബന്ധിച്ച് തിരിച്ചടിയായി. വിലക്കയറ്റവും സ്ത്രീ വോട്ടര്‍മാരുടെ വോട്ട് നിര്‍ണയിക്കുന്ന പ്രധാന ഘടകമായിരുന്നു എന്നും വിലയിരുത്തലുണ്ട്.












Click it and Unblock the Notifications