ഹിമാചലില്‍ കോണ്‍ഗ്രസിന് ഞെട്ടിച്ച തോല്‍വി: ഭരണം പോകും?, ഒപ്പം നിന്നവർ മാറ്റിക്കുത്തിയെന്ന് സിങ്‌വി
ഷിംല: രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി തോറ്റു. ഇതോടെ സംസ്ഥാന സർക്കാറിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായി. സംസ്ഥാനത്ത് നിന്നുള്ള ഏകരാജ്യസഭ സീറ്റില്‍ ബി ജെ പി സ്ഥാനാർത്ഥി ഹർഷ് മഹാജനാണ് വിജയിച്ചത്.
ആറ് കോണ്‍ഗ്രസ് എം എല്‍ എമാർ വിപ്പ് ലംഘിച്ച് ബി ജെ പി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതാണ് നിർണായകമായത്. 3 സ്വതന്ത്ര എം എല്‍ എമാരും ബി ജെ പിക്ക് അനുകൂലമായി വോട്ട് ചെയ്തു. തുല്യവോട്ട് വന്നതിനിടെ തുടർന്ന് നറുക്കെടുത്ത് വിജയിയെ തീരുമാനിക്കുകയായിരുന്നു. 34- 34 വോട്ടുകള്‍ ഇരു പാർട്ടിക്കും ലഭിച്ചു. ഈ സാഹചര്യത്തിലായിരുന്നു നടുക്കെടുപ്പ്.

സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 35 വോട്ടാണ് വേണ്ടത്. ഇതിലും ഒരു വോട്ടിന്റെ കുറവാണ് ഇന്നത്തെ തിരഞ്ഞെടുപ്പിലുണ്ടായത്. ഈ സാഹചര്യത്തില്‍ സുഖു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് ബി ജെ പിയുടെ നീക്കം. മന്ത്രിസഭ രാജിവെയ്ക്കണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയർന്ന് കഴിഞ്ഞു. ഒറ്റ വർഷം കൊണ്ട് എംഎല്‍എമാർ മുഖ്യമന്ത്രിയെ കയ്യൊഴിഞ്ഞു. ഹിമാചലിലേത് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും വിജയമാണെന്നും പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ പറഞ്ഞു.
തന്നില്‍ വിശ്വാസം അർപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദിയെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിങ്‍വിയുടെ പ്രതികരണം. ചില കോണ്‍ഗ്രസ് എംഎല്‍എമാർ ഇവിടെ ഇല്ല. ഒപ്പം ഭക്ഷണം കഴിച്ചവരില്‍ ചിലരാണ് ബിജെപിക്ക് വോട്ട് ചെയ്തത്. തനി നിറം കാണിച്ച 9 എംഎല്‍എമാർക്ക് നന്ദി. നറുക്കെടുത്താണ് വിജയിയെ തീരുമാനിച്ചത്. ഇന്നലെ അർധരാത്രിവരെ കൂറുമാറിയവരടക്കം തന്നോട് ഒപ്പമുണ്ടായിരുന്നു. ക്രോസ് വോട്ട് ചെയ്ത രണ്ട് പേര്‍ തന്നോടൊപ്പം പ്രഭാത ഭക്ഷണത്തിന് പോലും ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥി പറഞ്ഞു.
ഹിമാചൽ പ്രദേശിലെ ഒറ്റ സീറ്റില്‍ കോൺഗ്രസിൻ്റെ അഭിഷേക് മനു സിങ്‌വിയ്‌ക്കെതിരെ വിജയിക്കാൻ മതിയായ എംഎൽഎമാരില്ലെങ്കിലും ഹർഷ് മഹാജനെ ബി ജെ പി രംഗത്ത് ഇറക്കുകയായിരുന്നു. ഹിമാചൽ പ്രദേശ് നിയമസഭയിൽ 68 അംഗങ്ങളാണുള്ളത്. ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 35 ഒന്നാം മുൻഗണന വോട്ടുകൾ ആവശ്യമാണ്. 40 എം എല്‍ എ മാരുള്ള കോണ്‍ഗ്രസിന് എളുപ്പത്തില്‍ വിജയിക്കമെന്നായിരുന്നു പ്രതീക്ഷ.












Click it and Unblock the Notifications