ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; കേന്ദ്ര നിര്‍ദേശം സ്വീകരിക്കില്ലെന്ന് സുപ്രീംകോടതി; അന്വേഷണത്തിന് സ്വന്തം സമിതി
ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായതില്‍ കോടതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വീഴ്ചകള്‍ നേരിടാന്‍ സെബി തയ്യാറാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം

ന്യൂദല്‍ഹി: ശതകോടീശ്വനും വ്യവസായിയുമായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് എതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീംകോടതിയുടെ അന്വേഷണം. അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വിപണി ആഘാതവും ആണ് സുപ്രീംകോടതി അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ നല്‍കിയ നിര്‍ദേശം സുപ്രീം കോടതി തള്ളുകയും ചെയ്തു.
സമഗ്രാന്വേഷണത്തിന് സുപ്രീംകോടതി സമിതിയെ നിയോഗിക്കും എന്നും മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം അംഗീകരിച്ചാല്‍ അത് സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണെന്ന പ്രതീതി സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചത്.

സുതാര്യത വേണം
വിഷയം സുതാര്യത ആവശ്യപ്പെടുന്നുണ്ട് എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം കോടതി അംഗീകരിത്താല്‍ അത് മറുഭാഗത്തെ ഇരുട്ടില്‍ നിര്‍ത്തുന്നതിന് തുല്യമാകും എന്നും സുപ്രീംകോടതി വ്യക്തമാക്കി. അതിനാലാണ് മുദ്ര വെച്ച കവറിലെ നിര്‍ദേശം അംഗീകരിക്കാത്തത് എന്നും സുപ്രീം കോടതി പറഞ്ഞു. ഹര്‍ജിക്കാരുടെ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി വിഷയത്തില്‍ വിധി പറഞ്ഞത്.

സിറ്റിങ് ജഡ്ജിയെ നിയമിക്കില്ല
അതേസമയം വിഷയം പരിശോധിക്കാന്‍ കമ്മിറ്റിയില്‍ സിറ്റിങ് ജഡ്ജിയെ നിയമിക്കില്ല എന്നും സുപ്രീംകോടതി പറഞ്ഞു. കൂടാതെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം സ്വീകരിക്കാനും കോടതി വിസമ്മതിച്ചു. കേന്ദ്രം പറയുന്നത് വിപണിയില്‍ ആഘാതമുണ്ടായിട്ടില്ല എന്നാണ് എന്നും എന്നാല്‍ കണക്കുകള്‍ പറയുന്നത് നിക്ഷേപകര്‍ക്ക് ലക്ഷക്കണക്കിന് കോടികളുടെ നഷ്ടമുണ്ടായി എന്നാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയില്‍ നാല് ഹര്‍ജികള്‍
അദാനി ഗ്രൂപ്പിന് 100 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായി എന്നും ഇതിന്റെ ഫലമായി കമ്പനിയില്‍ ക്രമക്കേടുകള്‍ നടന്നു എന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട നാല് ഹര്‍ജികള്‍ ആണ് സുപ്രീംകോടതിയില്‍ എത്തിയത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സണും ഇന്ത്യയിലെ അദ്ദേഹത്തിന്റെ സഹായികള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

എസ്ബിഐ, എല്‍ഐസി ഓഹരികളിലെ നിക്ഷേപം പരിശോധിക്കണം
500 കോടിയിലധികം രൂപയുടെ വായ്പകള്‍ അനുവദിക്കുന്നതിനുള്ള നയത്തിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ അദാനി ഗ്രൂപ്പിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും എസ്ബിഐ, എല്‍ഐസി എന്നിവയിലെ ഓഹരികളിലെ നിക്ഷേപം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടും ഹര്‍ജി നല്‍കിയിരുന്നു.

സുപ്രീംകോടതിക്ക് ആശങ്ക
സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനാമിക ജയ്സ്വാള്‍ ആണ് നാലാമത്തെ ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം നേരത്തെ നിക്ഷേപകര്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായതില്‍ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള വീഴ്ചകള്‍ നേരിടാന്‍ സെബി സജ്ജമാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications