ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി
ഓഹരി വില കൃത്രിമമായി പെരുപ്പിച്ച് കാണിച്ചുവെന്നാണ് അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ആരോപിച്ചത്.

ദില്ലി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരായ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി. ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. ഫെബ്രുവരി 17നാണ് വാദം കേള്‍ക്കുക. കോണ്‍ഗ്രസ് നേതാവ് ഡോ ജയ താക്കൂറാണ് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ഓഹരി വില കൃത്രിമമായി പെരുപ്പിച്ച് കാണിച്ചുവെന്നാണ് അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ആരോപിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ മുന്നില്‍ അടിയന്തര വാദം കേള്‍ക്കലിനായി കൊണ്ടുവരികയും ചെയ്തു. ഫെബ്രുവരി 24ന് ഈ ഹര്‍ജി പരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ആദ്യം അറിയിച്ചത്.

അതേസമയം ഫെബ്രുവരി 17ന് സമാനമായ മറ്റ് വിഷയങ്ങള്‍ പരിഗണിക്കുന്നത് കൗണ്‍സല്‍ അറിയിച്ചതോടെ അന്ന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ ഹര്‍ജിയില്‍ എല്‍ഐസിയുടെയും, എസ്ബിഐയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
ഇവര്‍ വന്‍ തുക അദാനി എന്റര്‍പ്രൈസില്‍ നിക്ഷേപിച്ചിരുന്നു. ഓഹരിക്ക് 3200 രൂപ നിരക്കിലായിരുന്നു നിക്ഷേപിച്ചത്. എന്നാല്‍ 1800 രൂപ മാത്രമാണ് ഇവരുടെ ഓഹരികള്‍ക്കുണ്ടായിരുന്ന മൂല്യം.
ജനങ്ങളുടെ കോടികളാണ് ഗൗതം അദാനിയും കൂട്ടാളികളും ചേര്‍ന്ന് തട്ടിയെടുത്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ, ഇഡി, ഡിആര്‍ഐ, സെബി, ആര്‍ബിഐ, എസ്എഫ്‌ഐ, എന്നീ ഏജന്‍സികളുടെ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
മറ്റ് രണ്ട് പൊതുതാല്‍പര്യ ഹര്‍ജിയും ഹിന്‍ബന്‍ബര്‍ഗ് വിുഷയത്തില്‍ അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഹരി വിപണിയിലെ നഷ്ടമാണ് ഇവര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത്തരം വിപണിയിലെ പ്രശ്‌നങ്ങളില്‍ നിന്ന് ഇന്ത്യന്‍ സംരംഭകരെ സംരക്ഷിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണവും തേടിയിരുന്നു. സെബിയോട് റെഗുലേറ്ററി നടപടികള്‍ കര്‍ശനമാക്കാനും നിര്‍ദേശിച്ചിരുന്നു. റെഗുലേറ്ററി നിയമങ്ങളുടെ കാര്യത്തില്‍ ഒരു വിദഗ്ധ സമിതിയെ നിയമിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരുന്നു. ഇതിനോട് എതിര്‍പ്പില്ലെന്ന് സോളിസിറ്റര്‍ ജനറലും അറിയിച്ചിരുന്നു.












Click it and Unblock the Notifications