ഇന്ത്യയുടെ ആ സ്വപ്നം നിറവേറാന്‍ യുഎഇയുമായി കൈ കോർക്കണം: കാരണം പണമുള്ളത് അവർക്ക്, ഇന്ത്യയും മോശമല്ല
ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധം അടുത്തകാലത്തായി കൂടുതല്‍ ശക്തപ്പെട്ട് വരികയാണ്. സ്വതന്ത്ര വ്യാപാര കരാർ പ്രബല്യത്തില്‍ വന്നതോടെയാണ് വ്യാപാരം ബന്ധം കൂടുതല്‍ ശക്തമായത്. ഇപ്പോഴിതാ യുഎഇയുമായുള്ള പങ്കാളിത്തത്തോടെ സോളാർ പിവി നിർമ്മാണത്തിൻ്റെ ആഗോള ഹബ്ബായി മാറാനുള്ള നീക്കത്തിലാണ് ഇന്ത്യയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
നിക്ഷേപങ്ങളിലൂടെയും സാങ്കേതിക പങ്കാളിത്തത്തോടെയും സോളാർ ഫോട്ടോവോൾട്ടെയ്ക് (പിവി) നിർമ്മാണത്തിനുള്ള ആഗോള ഹബ്ബായി മാറാനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിന് യുഎഇക്ക് ഇന്ത്യയുമായി സഹകരിക്കാമെന്നാണ് യു എ ഇ - ഇന്ത്യ ബിസിനസ് കൗൺസിലും (യുഐബിസി) നംഗിയ ആൻഡേഴ്സണും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്.

"യു എ ഇ നിക്ഷേപങ്ങൾക്കും സാങ്കേതിക പങ്കാളിത്തത്തിനും സൗരോർജ്ജ നിർമ്മാണത്തിൻ്റെ ഒരു പ്രമുഖ ആഗോള കേന്ദ്രമായി സ്വയം മാറാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങൾ വർദ്ധിപ്പിക്കാൻ കഴിവുണ്ട്. കയറ്റുമതിക്കും ആഭ്യന്തര വിപണിക്കുമായി ഉയർന്ന ക്വാളിറ്റിയുള്ള സോളാർ പാനലുകൾ നിർമ്മിക്കുന്നതിനുള്ള സംയുക്ത സംരംഭങ്ങൾ രൂപീകരിക്കുന്നത് ഗണ്യമായ സാമ്പത്തിക മൂല്യം സൃഷ്ടിക്കും, "റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും അതിൻ്റെ ഭാവി സാധ്യതകളും എടുത്തുകാണിക്കുന്നു. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ശുദ്ധവും സുസ്ഥിരവുമായ ബദലുകളിലേക്കുള്ള മാറ്റത്തിൻ്റെ സമയത്ത് തന്ത്രപരമായ സഹകരണവും അറിവ് പങ്കിടലും പ്രധാനമാണ്. ഊർജ്ജ മേഖലയില്‍ ഇന്ത്യയ്ക്കും യുഎഇയ്ക്കും സുസ്ഥിരമായ ഒരു ഭാവി സൃഷ്ടിക്കാൻ സഹകരണം കൊണ്ട് സാധിക്കും.
ഇന്ത്യയും യുഎഇയും സുസ്ഥിരമായ ഭാവിയുടെ ശക്തമായ വക്താക്കളായി ഉയർന്നുവന്നിട്ടുണ്ടെന്നും റിപ്പോർട്ട് ഈ പങ്കാളിത്തത്തിൻ്റെ സത്ത പരിശോധിക്കുന്നുണ്ടെന്നും നംഗിയ ആൻഡേഴ്സൻ്റെ മാനേജിംഗ് പാർട്ണർ സൂരജ് നംഗിയ അഭിപ്രായപ്പെട്ടു. സോളാർ പിവി നിർമ്മാണത്തിന് പുറമെ, ഹരിത ഹൈഡ്രജൻ, വിന്‍ഡ്, സൗരോർജ്ജം എന്നിവ ഉൽപ്പാദിപ്പിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ സമകാലിക വികസനത്തിൽ തങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിന് പ്രത്യേക ഗവേഷണ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് ഇന്ത്യയ്ക്കും യുഎഇയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാം.
യുഎഇയുടെ സാമ്പത്തിക ശക്തിയും ഇന്ത്യയുടെ ഗവേഷണ വൈദഗ്ധ്യവും ശുദ്ധമായ ഊർജ്ജ നവീകരണത്തെ മുന്നോട്ട് നയിക്കും. മറ്റൊരു നിർണായക മേഖല, ഗ്രീൻ ഹൈഡ്രജൻ മേഖലയായിരിക്കും. "ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം ഹരിത ഹൈഡ്രജൻ വ്യാപാര ഇടനാഴിയുടെ വികസനത്തിൽ നിർണായകമാകും. ഇത് പരിസ്ഥിതി സൗഹൃദ ഇന്ധനത്തിൻ്റെ ഒരു പ്രധാന നിർമ്മാതാവും കയറ്റുമതിക്കാരനുമായി ഇന്ത്യയെ മാറ്റും. അതേസമയം യുഎഇ അതിൻ്റെ നിലവിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളും തന്ത്രപ്രധാനമായ സ്ഥാനവും പ്രയോജനപ്പെടുത്തി ഒരു സുപ്രധാന വിതരണ കേന്ദ്രമായി പ്രവർത്തിക്കും," റിപ്പോർട്ട് പറയുന്നു.
2050-ഓടെ ആഗോളതലത്തിൽ ഗ്രീൻ ഹൈഡ്രജൻ്റെ വിപണി 700 ബില്യൺ ഡോളർ മൂല്യമുള്ളതായിരിക്കുമെന്നാണ് ചില ഗവേഷണങ്ങള്‍ പറയുന്നത്. ഇത് ഇരു രാജ്യങ്ങൾക്കും വലിയ അവസരങ്ങൾ പ്രദാനം ചെയ്യുന്നുവെന്നും റിപ്പോർട്ട് ചൂട്ടിക്കാട്ടി.
അതേസമയം പ്രതിദിനം 22 ദശലക്ഷം ഗാലൻ കുടിവെള്ളം സംസ്‌കരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ ഡീസാലിനേഷൻ പ്ലാൻ്റ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് യു എ ഇ. റാസൽഖൈമ എമിറേറ്റിലെ പുതിയ പ്ലാൻ്റ് 20 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കും. ഉപ്പുവെള്ളത്തിൽ നിന്ന് ഉപ്പും മറ്റ് ധാതുക്കളും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഡീസാലിനേഷൻ.












Click it and Unblock the Notifications