ഡൽഹിയിലെ സ്വിസ് വനിതയുടെ കൊലപാതകം ; പ്രതിയെ പിടികൂടിയത് ഇങ്ങനെ
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ കൊല്ലപ്പെട്ട സ്വിസ് വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ തിലക് നഗർ ഗവൺമെന്റ് സ്കൂൾ പരിസരത്ത് നിന്ന് ലെന ബർഗർ എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. മാലിന്യം കളയുന്ന കറുത്ത ഗാർബേജ് ബാഗിൽ പാതി പൊതിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹമുണ്ടായിരുന്നത്. സംഭവത്തിൽ ഗുർപ്രീത് സിംഗ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വിറ്റ്‌സർലൻഡിൽ വച്ച് ലെനയും ഗുർപ്രീത് സിംഗും പരിചയപ്പെട്ടിരുന്നുവെന്നും ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. ലെനയെ കാണാനായി ഗുർപ്രീത് ഇടക്കിടെ സ്വിറ്റ്സർലാന്റിൽ പോകാറുണ്ടായിരുന്നു. ലെനയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടോയെന്ന് ഗുർപ്രീത് സിങ് സംശയിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഇതിനെത്തുടർന്ന് ലെനയെ കൊലപ്പെടുത്താൻ ഗുർപ്രീത് തീരുമാനിച്ചു. ഇന്ത്യയിലേക്ക് വരാൻ ലെനയെ ക്ഷണിച്ചു. ഗുർപ്രീത് പറഞ്ഞതു പ്രകാരം ലെന ഒക്ടോബർ 11 ന് ഡൽഹിയിലെത്തിയെന്നും ഡെൽഹി പോലീസ് പറഞ്ഞു. ഇവിടെ വന്ന് ദിവസങ്ങൾക്കു ശേഷം ഗുർപ്രീത് ലെനയെ കൊലപ്പെടുത്തി.
മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് കൊലപാതകം നടത്തിയത്. ആദ്യം ഒരു സ്ത്രീയുടെ ഐഡി ഉപയോഗിച്ച് വാങ്ങിയ കാറിലാണ് ലെനയുടെ മൃതദേഹം സൂക്ഷിച്ചത്.എന്നാൽ കാറിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ലെനയുടെ ശരീരം വലിച്ചെറിഞ്ഞ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ലഭിച്ചു. ഇങ്ങനെയാണ് പോലീസ് ഗുർപ്രീതിലേക്ക് എത്തിയത്. മൃതദേഹം സൂക്ഷിച്ചിരുന്ന കാറും ഗുർപ്രീതിന്റെ മറ്റൊരു കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് കൂടാതെ ഗുർപ്രീതിന്റെ വീട്ടിൽ നിന്ന് 2.25 കോടി രൂപയും പോലീസ് പിടിച്ചെടുത്തു.


Click it and Unblock the Notifications