'എനിക്ക് ബിജെപിയിലേക്ക് പോകണം, 100 ശതമാനം ഉറപ്പ്'; തൃണമൂൽ നേതാവ് മുകുൾ റോയ്
വീണ്ടും ബിജെപിയിലേക്ക് പോകണമെന്ന താത്പര്യം പ്രകടിപ്പിച്ച് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ്. തനിക്ക് ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ താത്പര്യം ഉണ്ടെന്നും മുകുൾ റായ് പറഞ്ഞു. മുകുൾ റായിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിക്കിടെ കഴിഞ്ഞ ദിവസം അദ്ദേഹം ദില്ലിയിൽ എത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകുടെ ചോദ്യത്തിന് മുകുൾ റോയ് ബിജെപിയിലേക്ക് മടങ്ങി പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.
'ഞാൻ ഒരു ബിജെപി നിയമസഭാംഗമാണ്. എനിക്ക് ബിജെപിക്കൊപ്പം തന്നെ നിൽക്കണം. എനിക്ക് താമസിക്കാൻ വേണ്ട കാര്യങ്ങളെല്ലാം ബിജെപി ഒരുക്കി തന്നിട്ടുണ്ട്. എനിക്ക് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തണം, ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി സംസാരിക്കണം', മുകുൾ റോയ് പറഞ്ഞു.

'തനിക്ക് കുറച്ച് നാളായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോൾ എന്റെ ബുദ്ധിമുട്ടുകളെല്ലാം മാറി. ഇനി ഞാൻ രാഷ്ട്രീയത്തിൽ സജീവമാകും. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യപ്പെട്ടിട്ടില്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്', റോയ് പറഞ്ഞു.
തന്റെ മകനായ സുബരംഗ്ഷുവും ഉടൻ തന്നെ ബി ജെ പിയിൽ ചേരണമെന്നും അവന് പ്രവർത്തിക്കാൻ യോജിച്ച ഇടം ബി ജെ പിയാണെന്നും റായ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ മുകുൾ റോയ് പാർട്ടിയെ ഞെട്ടിച്ച് കൊണ്ടായിരുന്നു 2017 ൽ ബി ജെ പിയിലേക്ക് ചേക്കേറിയത്. തുടർന്ന് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കൂറ്റൻ വിജയം നേടിയ പിന്നാലെ ബിജെപി വിട്ട് മുകുൾ റായ് തൃണമൂലിലേക്ക് തിരിച്ചെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം മുകുൾ റോയിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. ദില്ലിയിലേക്ക് പുറപ്പെട്ട അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നായിരുന്നു അദ്ദേഹം മകൻ സുബ്രംഗ്ഷു പറഞ്ഞത്. എന്നാൽ വൈകാതെ തന്നെ അദ്ദേഹം ദില്ലിയിൽ എത്തിയതായി വാർത്തകൾ വന്നു. തുടർന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ദില്ലിയിൽ എത്തിയതിന് പിന്നിൽ പ്രത്യേക അജണ്ടകൾ ഒന്നും ഇല്ലെന്നായിരുന്നു മുകുൾ റോയ് പ്രതികരിച്ചത്.
'ഞാൻ ദില്ലിയിലേക്ക് വന്നു, പ്രത്യക അജണ്ടയൊന്നുമില്ല. ഞാൻ വർഷങ്ങളോളം പാർലമെന്റ് അംഗമായിരുന്നില്ലേ, എനിക്ക് ദില്ലിയിലേക്ക് വരാൻ പാടില്ലേ? ഞാൻ മുൻപ് നിരന്തരം ദില്ലിയിലേക്ക് വരാറുണ്ടായിരുന്നു. ഞാൻ ദില്ലിയിലെ എംഎൽഎയും എംപിയുമായിരുന്നു', എന്നായിരുന്നു മുകുൾ റോയ് മാധ്യമങ്ങളോട് പ്രതികരിച്ചത്.












Click it and Unblock the Notifications