ബിജെപിക്ക് 400 സീറ്റ് കിട്ടിയാല്‍ ഗ്യാന്‍വാപിക്ക് പകരം കാശി വിശ്വനാഥ ക്ഷേത്രം നിര്‍മിക്കും; അസം മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞടുപ്പില്‍ 400 സീറ്റുകള്‍ നേടി കഴിഞ്ഞാല്‍ ബി ജെ പി ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 400 സീറ്റ് എന്ന പ്രഖ്യാപിത ലക്ഷ്യം ബി ജെ പിക്കും എന്‍ ഡി എക്കും കൈവരിക്കാനായാല്‍ മഥുരയില്‍ കൃഷ്ണ ജന്മഭൂമി ക്ഷേത്രവും വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന് പകരം കാശി വിശ്വനാഥ ക്ഷേത്രവും നിര്‍മ്മിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭയില്‍ 300 സീറ്റുകള്‍ നേടിയതിന് പിന്നാലെയാണ് ബിജെപി അയോധ്യയില്‍ രാമജന്മഭൂമി ക്ഷേത്രം പണിതതെന്നും ഇപ്പോള്‍ കൃഷ്ണ ജന്മഭൂമിയും ബാബ വിശ്വനാഥ് മന്ദിറും പണിയാന്‍ ബിജെപി 400 സീറ്റുകളില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങള്‍ക്ക് എന്തിനാണ് 400 സീറ്റ് എന്ന് കോണ്‍ഗ്രസ് ചോദിക്കുമ്പോള്‍ 300 സീറ്റ് കിട്ടിയപ്പോള്‍ ഞങ്ങള്‍ രാമക്ഷേത്രം പണിതു, ഇപ്പോള്‍ 400 സീറ്റ് കിട്ടുമ്പോള്‍ കൃഷ്ണ ജന്മഭൂമിയും ഗ്യാന്‍വാപി മസ്ജിദിന് പകരം ബാബ വിശ്വനാഥ് മന്ദിറും പണിയും എന്നുമാണ് ഞങ്ങള്‍ക്ക് മറുപടി പറയാനുള്ളത്,' ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ പാക് അധിനിവേശ കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന മറ്റൊരു റാലിയെ അഭിസംബോധന ചെയ്യവെ, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യുസിസി) ആവശ്യമാണെന്ന് ഹിമന്ത ശര്‍മ്മ പറഞ്ഞിരുന്നു. രാജ്യത്ത് എല്ലാവരും തുല്യരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
'ഒരു ഹിന്ദുവിന് ഒരു ഭാര്യയെ മാത്രമെ അനുവദിക്കൂ എങ്കില്‍ എന്തുകൊണ്ടാണ് മറ്റ് മതങ്ങളില്‍പ്പെട്ടവര്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകുന്നത്. അതിനാല്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ആവശ്യമാണ്,' ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നും അവര്‍ മതപരമായ സംവരണം പ്രോത്സാഹിപ്പിക്കുന്നുവെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു.
ബിജെപിയല്ല, ഭരണഘടനയെ നേര്‍പ്പിച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പലപ്പോഴും മതേതരത്വത്തെക്കുറിച്ച് സംസാരിക്കാറുണ്ട് എന്നാല്‍ ഭരണഘടനയുടെ യഥാര്‍ത്ഥ കരട് രേഖയില്‍ മതേതരത്വം എന്ന വാക്ക് പരാമര്‍ശിച്ചിട്ടില്ല, ഹിമന്ത ശര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications