പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മല്‍സരിച്ചാല്‍ മോദി പിന്മാറും; ഒരിക്കലും മടങ്ങി വരില്ലെന്ന് റാഷിദ് ആല്‍വി
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ പ്രമുഖ നേതാക്കള്‍ എവിടെ മല്‍സരിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായി. രാഹുല്‍ ഗാന്ധി ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ മല്‍സരിക്കുമോ അതോ വയനാട്ടില്‍ മാത്രമാകുമോ എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു. പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വാരണാസിയില്‍ മല്‍സരിക്കണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ശിവസേന നേതാക്കളായ പ്രിയങ്ക ചതുര്‍വേദി, സഞ്ജയ് റാവത്ത് എന്നിവര്‍ പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടു. വാരണാസിയില്‍ പ്രിയങ്കയ്ക്ക് വിജയം ഉറപ്പാണെന്നും മോദി പരാജയപ്പെടുമെന്നും അവര്‍ പറയുന്നു. എന്നാല്‍ എന്താണ് ശിവസേനാ നേതാക്കള്‍ക്ക് പ്രിയങ്കയെ വാരണാസിയില്‍ മല്‍സരിപ്പിക്കാന്‍ തിടുക്കം എന്ന ചോദ്യം ബാക്കിയാണ്.

രാഹുല്‍ ഗാന്ധി അമേഠിയില്‍ മല്‍സരിക്കുമെന്നാണ് കോണ്‍ഗ്രസ് യുപി അധ്യക്ഷന്‍ അജയ് റായ് പറയുന്നത്. എന്നാല്‍ 2019ലെ പോലെ രണ്ടിടത്ത് മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്ന് ഹരീഷ് റാവത്ത് പറയുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷിക്കെതിരെ മല്‍സരിക്കരുത് എന്ന വാദം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും മല്‍സരിപ്പിക്കാനുള്ള ശ്രമം തുടങ്ങി എന്നാണ് വാര്‍ത്തകള്‍.
ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് റാഷിദ് ആല്‍വി രംഗത്തുവന്നിരിക്കുന്നത്. വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മല്‍സരിച്ചാല്‍ നരേന്ദ്ര മോദി പിന്മാറുമെന്നാണ് അദ്ദേഹം പറയുന്നത്. മോദി യുപി വിട്ട് ഗുജറാത്തിലേക്ക് മടങ്ങിപ്പോകുമെന്നും റാഷിദ് ആല്‍വി പറയുന്നു. എന്നാല്‍ പ്രിയങ്കയുടെ വിജയം സുനിശ്ചിതമാണ് എന്ന് പറയാനുള്ള കാരണം അദ്ദേഹം വിശദീകരിച്ചില്ല.
രാഹുല്‍ ഗാന്ധി അമേഠിയില്‍ മല്‍സരിച്ചാല്‍ ജയം ഉറപ്പാണെന്ന് പറയുന്ന റാഷിദ് ആല്‍വി, സ്മൃതി ഇറാനിക്ക് കെട്ടിവച്ച കാശ് പോലും നഷ്ടമാകുമെന്നും അവകാശപ്പെടുന്നു. രാഹുല്‍ വന്നാല്‍ സ്മൃതി ഇറാനി അമേഠിയില്‍ നിന്ന് പോകും. അവരെ ഓടിപ്പോകാന്‍ അനുവദിക്കരുത് എന്ന അപേക്ഷ ബിജെപി നേതാക്കളോട് തനിക്കുണ്ടെന്നും റാഷിദ് ആല്‍വി പരിഹസിക്കുന്നു.
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു അമേഠി മണ്ഡലം. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ ജയിച്ച മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മൂന്ന് തവണ വെന്നിക്കൊടി നാട്ടിയിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പില്‍ പക്ഷേ, രാഹുലിനെ മലര്‍ത്തിയടിച്ച് 50000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി ജയിച്ചത്.
ദക്ഷിണേന്ത്യ കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും സുരക്ഷിതമായ ഇടമായിട്ടാണ് വിലയിരുത്തുന്നത്. എന്നാല്‍ രാഹുലും പ്രിയങ്കയും യുപിയില്‍ മല്‍സരിച്ച് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് തരംഗത്തിന് വഴിയൊരുക്കണം എന്ന അഭിപ്രായവും വിവിധ കോണുകളില്‍ നിന്നുയരുന്നു. അതിനിടെയാണ് റാഷിദ് ആല്‍വിയും അജയ് റായിയുമെല്ലാം പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്.
ഉത്തര്‍ പ്രദേശിലെ ബിജ്‌നോറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് റാഷിദ് ആല്‍വി. സ്വാതന്ത്ര്യ സമര സേനാനി മാലിക് ഇര്‍ഫാന്‍ അഹമ്മദ് ആല്‍വിയുടെ മകനാണ്. നേരത്തെ ജനതാദളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഇടക്കാലത്ത് ബിഎസ്പിയില്‍ സജീവമായിരുന്നു. മായവതിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിയിലേക്കും അതുവഴി കോണ്‍ഗ്രസിലേക്കുമെത്തിച്ചത്. ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമായിട്ടുണ്ട്. നിലവില്‍ പ്രത്യേക പദവികളില്ല.












Click it and Unblock the Notifications