ലോക്സഭ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ ഇന്ത്യ സഖ്യത്തിന് ഭരണം ലഭിക്കുമോ ? സർവ്വെ പറയുന്നത് ഇങ്ങനെ
ഡൽഹി: 400 ഓളം സീറ്റ് പിടിച്ച് അധികാര തുടർച്ച നേടുമെന്നായിരുന്നു ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് എൻ ഡി എയുടെ അവകാശവാദം. തനിച്ച് 370 ഓളം സീറ്റുകൾ നേടുമെന്നും ബി ജെ പി അവകാശപ്പെട്ടു. ദക്ഷിണേന്ത്യയിൽ ഉൾപ്പെടെ നിലംതൊടാൻ കഴിയാതിരുന്ന സംസ്ഥാനങ്ങളിലെല്ലാം കൂറ്റൻ വിജയം സ്വന്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.
എന്നാൽ തിരഞ്ഞെടുപ്പ് ഫലം ബി ജെ പിയെ ഞെട്ടിക്കുന്നതായിരുന്നു. 293 സീറ്റുകളായിരുന്നു എൻ ഡി എയ്ക്ക് ലഭിച്ചത്. ബി ജെ പി വെറും 240 സീറ്റിൽ ഒതുങ്ങി. 2019 നെ അപേക്ഷിച്ച് 63 സീറ്റുകളുടെ നഷ്ടം. അതേ മയം ഇന്ത്യ സഖ്യമാകട്ടെ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ചവെച്ചു. കോൺഗ്രസ് തനിച്ച് 99 സീറ്റ് നേടിയപ്പോൾ സഖ്യത്തിനാകെ 234 സീറ്റുകൾ നേടാനായി.

എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സീറ്റുകൾ മെച്ചപ്പെടുത്തുമെന്നാണ് സർവ്വെ പറയുന്നത്. ആറ് സീറ്റുകള്‍ അധികമായി നേടി 299 സീറ്റിലെത്തുമെന്ന് മൂഡ് ഓഫ് ദി നാഷൻ സർവ്വെ പ്രവചിക്കുന്നു. അതേസമയം പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന് ഒരു സീറ്റ് നഷ്ടപ്പെട്ട് 233 ല്‍ എത്തുമെന്നും എന്നാൽ കോൺഗ്രസ് ഒരു സീറ്റ് മെച്ചപ്പെടുത്തി 100 ലെത്തുമെന്നും സർവ്വെ പ്രവചിക്കുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിക്കുകയാണെന്നും സർവ്വെ ചൂണ്ടിക്കാട്ടുന്നു. മോദി തന്നെയാണ് ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത്. സർവ്വെയിൽ 49.1 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. രാഹുൽ ഗാന്ധിക്ക് 22.4 ശതമാനം പേരുടെ പിന്തുണയും ഉണ്ട്. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മൂഡ് ഓഫ് ദി നാഷൻ സർവ്വെയിൽ 55 ശതമാനം ആളുകളാണ് മോദിയെ പിന്തുണച്ചത്. 14 ശതമാനം പേർ മാത്രമായിരുന്നു രാഹുലിനെ പിന്തുണച്ചിരുന്നത്. അതായത് ആറ് മാസങ്ങൾക്കിപ്പുറം മോദിയുടെ ജനപ്രീതിയിൽ 6 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. രഅതേസമയം രാഹുലിനെ പിന്തുണയ്ക്കുന്നവർ 8 ശതമാനം കൂടി. പാര്‍ട്ടി വ്യത്യാസമില്ലാതെ മോദിക്ക് ശേഷം പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ ആരെന്ന ചോദ്യത്തിന് രാഹുൽ എന്നായിരുന്നു കൂടുതൽ പേരും അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications