'സ്വർണം മാത്രമല്ല, ഇന്ധനവിലയും ഉയരും', വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധിയെന്ന് സാമ്പത്തിക വിദഗ്ധ
പശ്ചിമേഷ്യയിലെ യുദ്ധഭീഷണിയും കുതിച്ചുയരുന്ന ക്രൂഡ് ഓയിൽ വിലയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്. രൂപയുടെ മൂല്യം ഇടിയുന്നതിനൊപ്പം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇത്തരമൊരു സാഹചര്യത്തിലാണ് സ്വർണ്ണ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തുകയും, പ്രധാനമന്ത്രി ജനങ്ങളോട് താൽക്കാലികമായി സ്വർണ്ണ വാങ്ങൽ നിയന്ത്രിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തത്. ഇന്ധനത്തിനുശേഷം രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശനാണ്യം ചെലവാകുന്നത് സ്വർണ്ണ ഇറക്കുമതിക്കായതിനാൽ, നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധർ പങ്കുവയ്ക്കുന്നത്.അതേസമയം സ്വർണത്തിന് പിന്നാലെ ഇന്ധന വിലയും കുതിച്ചുയരുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സീ ന്യൂസ് മലയാളത്തോട് അവർ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ

"കഴിഞ്ഞ രണ്ടു മാസം കൊണ്ട് നമ്മുടെ ഫോറിൻ എക്സ്ചേഞ്ച് റിസോഴ്സസിൽ ഉണ്ടായിരിക്കുന്ന കുറവ് 38000 കോടിയാണത്രേ. രൂപയുടെ മൂല്യം എപ്പോഴൊക്കെ കുറയുന്നുവോ ആ മൂല്യം പിടിച്ചുനിർത്താൻ വേണ്ടി ഒന്നുകിൽ സ്വർണം അല്ലെങ്കിൽ ഫോറിൻ എക്സ്ചേഞ്ച് വിദേശ വിപണിയിലേക്ക് ഇറക്കണം. വെറുതെ ഇറക്കുകയല്ല ചെയ്യുന്നത്, നമ്മൾ കയറ്റുമതി ചെയ്യുമ്പോൾ കിട്ടുന്ന മൂല്യത്തെക്കാൾ വളരെ കൂടുതലാണ് നാം ഇറക്കുമതി ചെയ്യുന്നവയുടെ മൂല്യം.
നമ്മൾ വിദേശത്ത് നിന്ന് വാങ്ങുന്നതിൽ ഏറ്റവും കൂടുതൽ ചെലവ് വരുന്നത് ഇന്ധനത്തിനാണെങ്കിൽ രണ്ടാമത്തെ ചെലവ് വരുന്നത് സ്വർണത്തിനാണ്. സ്വർണം ഇറക്കുമതി തൽക്കാലത്തേക്ക് നിരുത്സാഹപ്പെടുത്തണം എന്ന് പ്രധാനമന്ത്രി പറയുന്നതിന്റെ പ്രധാനപ്പെട്ട കാരണം തന്നെ ഈ സ്വർണവും അതുപോലെ ഇന്ധനവും ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഈ രണ്ടു മാസം കൊണ്ടുതന്നെ 38000 കോടിയാണ് നമ്മുക്ക് അധികമായി വന്നത്. എന്ന് പറഞ്ഞാൽ ഡോളർ ആണ് നഷ്ടപ്പെടുന്നത്. സ്വർണത്തോടൊപ്പം ഡോളറും ചേർത്തുപിടിച്ചാണ് നമ്മുടെ കറൻസിയെ നമ്മൾ സ്ട്രോങ്ങ് ആക്കുന്നത്.
റെക്കോർഡ് താഴ്ചയിൽ ഇരിക്കുന്ന കറൻസിയെ പുനരുജ്ജീവിപ്പിക്കണം എന്നുണ്ടെങ്കിൽ ഒന്നുകിൽ കമ്മട്ടത്തിലെ സ്വർണം എടുത്ത് ഈ കമ്മി നികത്താൻ ഉപയോഗിക്കണം അല്ലെങ്കിൽ ഡോളർ തന്നെ കമ്മി നികത്താൻ ഉപയോഗിക്കണം. അങ്ങനെ കമ്മി നികത്തിയാൽ മാത്രമാണ് നമുക്ക് മുന്നോട്ടു പോകാൻ പറ്റുക.
വരാനിരിക്കുന്നത് വലിയ പെട്രോൾ ഡീസൽ വിലവർദ്ധനമാണ്. പെട്രോളിയം മന്ത്രി Hardeep Singh Puri പറഞ്ഞിട്ടുണ്ട് മൂന്നു മാസത്തേക്ക് ആവശ്യമുള്ള എൽപിജി സ്റ്റോക്കും ക്രൂഡ് ഓയിൽ സ്റ്റോക്കും ഉണ്ട് എന്ന്. എന്നാൽ ഒരുപക്ഷേ യുദ്ധം അതിലും നീണ്ടുപോയേക്കാം. സ്വർണത്തിന്റെ ഉപയോഗം കുറയ്ക്കാൻ മാത്രമല്ല പ്രധാനമന്ത്രി പറയുന്നത്, ഇന്ധന ഉപയോഗം കുറക്കാനും ആവശ്യപ്പെടുന്നുണ്ട്. ഒരുപക്ഷേ യുദ്ധം നീണ്ടുപോയേക്കാം. നമുക്കിപ്പോൾ മൂന്നു മാസത്തേക്കോ രണ്ടു മാസത്തേക്കോ ഉള്ള സ്റ്റോക്ക് ഉണ്ടെങ്കിൽ ആ സ്റ്റോക്കിന്റെ പീരിയഡ് കഴിഞ്ഞാൽ ഇതേ പ്രതിസന്ധി തുടരുന്ന പക്ഷം നാം വല്ലാത്ത പ്രതിസന്ധിയിൽ ആകും', അവർ പറഞ്ഞു.
റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഫെബ്രുവരി അവസാനത്തോടെ ഏകദേശം 728 ബില്യൺ ഡോളറായിരുന്ന ഇന്ത്യയുടെ വിദേശനാണ്യ ശേഖരം മെയ് തുടക്കത്തോടെ 690 ബില്യൺ ഡോളറിലേക്ക് താഴ്ന്നു. രൂപയുടെ മൂല്യം സംരക്ഷിക്കാൻ ആർബിഐ ഡോളർ വിറ്റഴിച്ചതാണ് പ്രധാന കാരണം.
അതേസമയം, ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതിയും റെക്കോർഡ് നിലയിലെത്തി. 2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 71.98 ബില്യൺ ഡോളറിന്റെ സ്വർണ്ണമാണ് രാജ്യം ഇറക്കുമതി ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് വലിയ വർധനവാണിത്. ഇന്ധനത്തിന് പിന്നാലെ ഏറ്റവും കൂടുതൽ വിദേശനാണ്യം ചെലവാകുന്ന മേഖല ഇപ്പോൾ സ്വർണ്ണമാണെന്നും സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തിന് നിലവിൽ 60 ദിവസത്തിലധികം ക്രൂഡ് ഓയിൽ, എൽഎൻജി സ്റ്റോക്കും 45 ദിവസത്തെ എൽപിജി സ്റ്റോക്കും നിലവിലുണ്ട്. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടാൽ ഇന്ധനവിലയിൽ വലിയ വർധനവിനും ഓയിൽ കമ്പനികൾക്ക് അണ്ടർ റിക്കവറിയും നേരിടേണ്ട സാഹചര്യമുണ്ടാകാമെന്നാണ് മുന്നറിയിപ്പ്.












Click it and Unblock the Notifications