കോവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി കുട്ടികളുടെ വിൽപ്പന; മൂന്ന് പേർ അറസ്റ്റിൽ, പിന്നിൽ വൻ റാക്കറ്റ്
ഒരു വയസുള്ള ആൺകുട്ടി ഉൾപ്പടെ രണ്ട് കുഞ്ഞുങ്ങളെയാണ് റിസർവ് ലൈനിൽ പ്രവർത്തിക്കുന്ന ഇദയം ട്രസ്റ്റിൽ നിന്നും വിറ്റത്
മധുരൈ: കോവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി കുട്ടികളെ വിറ്റ സംഘം പിടിയിൽ. തമിഴ്നാട്ടിലെ മധുരൈയിലാണ് സംഭവം. ഒരു വയസുള്ള ആൺകുട്ടി ഉൾപ്പടെ രണ്ട് കുഞ്ഞുങ്ങളെയാണ് റിസർവ് ലൈനിൽ പ്രവർത്തിക്കുന്ന ഇദയം ട്രസ്റ്റിൽ നിന്നും വിറ്റത്. കുഞ്ഞുങ്ങളെ അനധികൃതമായി ദത്തെടുത്ത മാതാപിതാക്കളെയും ട്രസ്റ്റ് നടത്തിപ്പുകാരനെയുമാണ് ബുധനാഴ്ച തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹം കഴിഞ്ഞ വർഷങ്ങളായി കുട്ടികളില്ലാതിരുന്ന കണ്ണൻ - ഭവാനി ദമ്പതികളാണ് ജൂൺ 13നും 16നുമായി രണ്ട് കുട്ടികളെ ട്രസ്റ്റിൽ നിന്ന് ദത്തെടുത്തത്. നിയമ നടപടികൾ പാലിക്കാതെ ട്രസ്റ്റിന് വലിയൊരു സംഭാവന നൽകിയായിരുന്നു ഇവർ കുഞ്ഞുങ്ങളെ ദത്തെടുത്തത്. ചൊവ്വാഴ്ച ജിആർഎച്ച് ആശുപത്രിയിൽ ഇദയം ട്രസ്റ്റിന്റെ സംരക്ഷണയിലുണ്ടായിരുന്ന ഒരു വയസുകാരൻ കോവിഡ് ബാധിച്ച് മരിച്ചതായും റിപ്പോർട്ട് വന്നു. ഇതേ തുടർന്നുള്ള അന്വേഷണമാണ് സത്യം പുറത്തുകൊണ്ടുവന്നത്.
പൊലിസും മാധ്യമപ്രവർത്തകരും നടത്തിയ അന്വേഷണത്തിൽ അങ്ങനെ ഒരു മരണം സംഭവച്ചട്ടില്ലെന്ന് വ്യക്തമായി. സമൂഹമാധ്യമങ്ങളിലടക്കം സംഭവം വിവാദമായതോടെയാണ് ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിൽ 21 വയസുകാരിയാണ് കുട്ടികളുടെ അമ്മയെന്ന് മനസിലായി. മാനസിക പ്രശ്നങ്ങളുള്ള ഇവരും ഒരു അഭയ കേന്ദ്രത്തിലാണ് താമസിക്കുന്നത്.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
ഇദയം ട്രസ്റ്റിന്റെ ഫീൽഡ് എഡ്യൂക്കേറ്ററായി പ്രവർത്തിച്ചു വന്നിരുന്ന ശിവകുമാർ ഇവരെ സന്ദർശിക്കുകയും കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തോളാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയുമായിരുന്നു. ദിവസങ്ങൾക്ക് ശേഷം മകനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അമ്മയെ ട്രസ്റ്റ് അധികൃതർ കുട്ടിക്ക് കോവിഡാണെന്നും കാണാൻ പറ്റില്ലെന്നും അറിയിച്ചു. ജൂൺ 29ന് കുട്ടി മരിച്ചതായും ഇവരെ വിശ്വസിപ്പിക്കുകയും കുട്ടിയെ അടക്കിയ സ്ഥലമെന്ന് പറഞ്ഞൊരിടം കാണിച്ചുകൊടുക്കുകയുമായിരുന്നു.
ഇതിന് ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലാണ് മൂന്ന് കുട്ടികളെയും കണ്ടെത്തിയത്. ഇവരെ ശിശു സംരക്ഷണ സമിതി പ്രവർത്തകർ ഏറ്റെടുത്തു. ട്രസ്റ്റിന് പിന്നിൽ ഇത്തരത്തിലുള്ള ഇടപാടുകൾ നടത്തുന്ന വലിയ റാക്കറ്റ് തന്നെയുള്ളതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരാനാണ് പൊലീസ് തീരുമാനം.












Click it and Unblock the Notifications