മൂന്നാം മോദി സർക്കാരിൽ മൂന്നിൽ രണ്ട് മന്ത്രിമാരും അൻപത് പിന്നിട്ടവർ; 25 പേർ അറുപത് കടന്നവർ
ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിൽ മുതിർന്ന നേതാക്കൾക്ക് നൽകിയ പങ്കിനെ എടുത്തുകാട്ടി പുതിയ റിപ്പോർട്ട് പുറത്ത്. സർക്കാരിൽ അംഗങ്ങളായ മന്ത്രിമാരിൽ ആകെ മൂന്നിൽ രണ്ട് പേരും അൻപത് കടന്നവരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ദേശീയ രാഷ്ട്രീയത്തിൽ പ്രായം എത്രത്തോളം മുഖ്യ ഘടകമാണെന്ന് വരച്ചു കാട്ടുന്നതാണ് എഡിആർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ. 51നും 70നും ഇടയിൽ പ്രായമുള്ളവരാണ് മന്ത്രിസഭയിലെ 66 ശതമാനം അംഗങ്ങളും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റെടുത്തത്.

മന്ത്രിസഭയിലെ അംഗങ്ങളായ 71 പേരുടെ വിവരങ്ങളാണ് വിശകലനം ചെയ്‌തത്. മന്ത്രിസഭയിലെ അംഗങ്ങളായ കൂടുതൽ പേരും 51-70 എന്ന വയസിന് ഇടയിൽ പ്രായമായുള്ളവരാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതായത് കൃത്യമായ കണക്കുകൾ പറയുകയാണെങ്കിൽ ആകെയുള്ള മന്ത്രിമാരിൽ 47 പേരാണ് ഈ പ്രായപരിധിക്ക് ഉള്ളിൽ വരുന്നവർ.
ഇതിനെ ഒന്ന് കൂടി ആഴത്തിൽ പരിശോധിച്ചാൽ 22 മന്ത്രിമാർ 51നും 60നും ഇടയിൽ പ്രായമുള്ളവരാണ്, ബാക്കി 25 പേർ 61നും 70നും ഇടയിൽ പ്രായമുള്ളവരാണ്. ഇത് തന്നെ മന്ത്രിസഭയുടെ ആകെ പരിചയ സമ്പത്തിനെ ഗണ്യമായി ഉയർത്തുന്ന കണക്കുകളാണ്.
കൂടാതെ കുറഞ്ഞ പ്രായമുള്ള മന്ത്രിമാരുടെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. കുറഞ്ഞ പ്രായത്തിലുള്ള മന്ത്രിമാരിൽ 24 ശതമാനവും 31നും 50നും ഇടയിൽ പ്രായമുള്ളവരാണ്. ഈ ഗ്രൂപ്പിൽ ആകെ 17 മന്ത്രിമാർ ഉൾപ്പെടുന്നു. 31-40 പ്രായപരിധിയിലുള്ള രണ്ട് മന്ത്രിമാരും 41-50 പ്രായപരിധിയിലുള്ള 15 മന്ത്രിമാരുമാണ് ആകെയുള്ളത്.
എന്നാൽ കൂടുതൽ പ്രായമുള്ള മന്ത്രിമാരുടെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 71നും 80നും ഇടയിൽ പ്രായമുള്ള ഏഴ് മന്ത്രിമാർ ഉൾപ്പെടുന്നു എന്നതാണ് പ്രധാന കാര്യം. ഇത് ആകെ മന്ത്രിമാരുടെ 10 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. ഇത്തവണ മന്ത്രിസ്ഥാനം വഹിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ റാം മോഹൻ നായിഡുവാണ്, 36 വയസുള്ള അദ്ദേഹം ടിഡിപി പ്രതിനിധിയാണ്.
അതേസമയം, ജൂൺ ഒൻപതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മൂന്നാം മോദി സർക്കാരിലെ 72 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റെടുത്തത്. ഇതിൽ മുപ്പത് മന്ത്രിമാരാണ് ക്യാബിനറ്റ് പദവിയുള്ളവർ. അഞ്ച് പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും ശേഷിക്കുന്നവർ സഹമന്ത്രിമാരുമാണ്. ഇന്നലെയായിരുന്നു ഇവരുടെ വകുപ്പുകൾ സംബന്ധിച്ച പ്രഖ്യാപനം നടന്നത്.
രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്‌കരി, നിർമ്മല സീതാരാമൻ, എസ് ജയശങ്കർ തുടങ്ങിയവർ കഴിഞ്ഞ തവണത്തെ അതേ വകുപ്പുകൾ ഇക്കുറിയും നിലനിർത്തി. കൂടാതെ ജെപി നദ്ദ കൂടി ഇത്തവണ സംഘടനാ തലത്തിൽ നിന്നും തിരികെ മന്ത്രിസഭയിലേക്ക് എത്തി. അദ്ദേഹത്തിന് ആരോഗ്യവകുപ്പാണ് നൽകിയത്.












Click it and Unblock the Notifications