എല്ലാം ഒരാള്‍ കാണുന്നുണ്ട്; കള്ളപ്പണക്കാരുടെ പേര് വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിയ്ക്കും!!
467 കോടി രൂപയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്
ദില്ലി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ ഉയര്‍ന്ന തുക ബാങ്കില്‍ നിക്ഷേപിക്കുന്നവരും കൂടുതല്‍ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവരും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. നവംബര്‍ ഡിസംബര്‍ മാസത്തില്‍ ഇത്തരം ഇടപാടുകള്‍ നടത്തിയവരെയാണ് ആദായനികുതി വകുപ്പ് പ്രത്യേകം നിരീക്ഷിക്കുന്നത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 29 വരെ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 467 കോടി രൂപയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് കള്ളപ്പണക്കാരെ പിടിയ്ക്കുന്നതിനായുള്ള പുതിയ തന്ത്രം.

തട്ടിപ്പ് പൊളിയും
നികുതി വെട്ടിച്ച് മൂല്യമേറിയ സാധനങ്ങള്‍ വാങ്ങുകയോ ഉയര്‍ന്ന തുക നിക്ഷേപിയ്ക്കുകയോ ചെയ്തവരുടെ പേര് വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിവരം. ഇത്തരക്കാര്‍ ഇടപാടുകളില്‍ വിശദീകരണം നല്‍കേണ്ടിവരും.

രേഖകള്‍ യോജിച്ചില്ലെങ്കില്‍
ബാങ്ക് നിക്ഷേപവും വാങ്ങുന്ന വസ്തുക്കളുടെ തുകയും തമ്മില്‍ യോജിക്കാതെ വരുന്നവരുടെ പേരുവിവരങ്ങളാണ് ആദായനികുതി വകുപ്പ് വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിയ്ക്കുക. പാന്‍കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ആദായനികുതി വകുപ്പിന്റെ വെബ്ബ്‌സൈറ്റില്‍ അക്കൗണ്ടുണ്ടാക്കി ലോഗിന്‍ ചെയ്ത് അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഇത്തരക്കാര്‍ ചെയ്യേണ്ടത്.

പരിധി ഏത്
2.5 ലക്ഷത്തിന് മുകളിലുള്ള തുക നിക്ഷേപിക്കുന്നവും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍ വരും. ഫോണ്‍ നമ്പര്‍, വിലാസം, തുടങ്ങിയവ ഉപയോഗിച്ച് ഒരേ കുടുംബത്തിലുള്ളവര്‍ നടത്തുന്ന നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളും വകുപ്പ് കണ്ടെത്തും.

നോട്ട് നിരോധനത്തിന് ശേഷം
നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 29 വരെ ആദായ നികുതി വകുപ്പ് 556 സര്‍വേകളും 245 പരിശോധനകളുമാണ് നടത്തിയത്. ഇതുവഴി 467 കോടി രൂപയാണ് ആദായ നികുതി വരുപ്പ് പിടിച്ചെടുത്തത്. ഇതില്‍ 105 കോടിയോളം വരുന്ന തുക പുതിയ നോട്ടുകളാണ്.

കേസുകള്‍ സിബിഐയ്ക്ക്
ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ 228 കേസുകളാണ് കൂടുതല്‍ അന്വേഷണത്തിന് വേണ്ടി സിബിഐയ്ക്ക് കൈമാറിയിട്ടുള്ളത്.












Click it and Unblock the Notifications