സുപ്രധാന ചര്‍ച്ചകള്‍; അടിയന്തര യോഗം വിളിച്ച് ഇന്ത്യ സഖ്യം... ഖാര്‍ഗെയുടെ വീട്ടില്‍ ചേരും
ന്യൂഡല്‍ഹി: മുംബൈയില്‍ ചേര്‍ന്ന വിശാലമായ മൂന്നാം യോഗത്തിന് ശേഷം അടിയന്തര യോഗം ചേരാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ. സഖ്യത്തിലെ പ്രധാന നേതാക്കള്‍ മാത്രമാണ് ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ആയിരിക്കും യോഗം എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈയിലെ പ്രതിപക്ഷ നേതൃയോഗത്തില്‍ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക സമിതി രൂപീകരിച്ച് പിരിയുകയാണ് ചെയ്തത്. എന്നാല്‍ ബിജെപി നടത്തുന്ന നീക്കങ്ങളില്‍ പ്രതിപക്ഷ സഖ്യത്തിന് ചില സംശയങ്ങളുണ്ടെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് രാജ്യം മാറണം എന്നാണ് ബിജെപി തീരുമാനം. ഇതുസംബന്ധിച്ച് മാറ്റങ്ങള്‍ക്ക് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എട്ടംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സമിതിയില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താമെന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സമവായമുണ്ടായേല്‍ മാത്രമേ പദ്ധതി നടപ്പാകൂ. അമിത് ഷാ, ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ എട്ടംഗ സമിതിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. പട്‌നയിലും ബെംഗളൂരുവിലും സംഘടിപ്പിച്ച യോഗത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ സമ്മേളനം നടന്നത്. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുതിയ കമ്മിറ്റിയെ സഖ്യം നിയോഗിച്ചിട്ടുണ്ട്. ബംഗാളില്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി ഏറ്റവും ഒടുവില്‍ നടത്തിയ പ്രസംഗത്തില്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു.
സാധ്യമാകുന്ന സീറ്റുകളിലെല്ലാം പ്രതിപക്ഷ സഖ്യത്തിന് ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തണം എന്നാണ് മുംബൈ യോഗത്തിലെ തീരുമാനം. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്ന് നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ബംഗാളില്‍ സീറ്റ് വിഭജനം സഖ്യത്തിന് വെല്ലുവിളിയാണ്. ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലും എങ്ങനെ സീറ്റ് വിഭജിക്കുമെന്ന് അറിയേണ്ടതുണ്ട്. കേരളത്തില്‍ ബിജെപിക്ക് സാധ്യതയില്ലാത്തതിനാല്‍ എല്ലാ പാര്‍ട്ടികളും മല്‍സരിക്കുമെന്നാണ് വിവരം.












Click it and Unblock the Notifications