നരേന്ദ്ര മോദിക്ക് യാത്ര ചെയ്യാന്‍ പുതിയ വിമാനം; വന്‍ സുരക്ഷ, അറിയാം ബോയിങ് 777
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖര്‍ക്ക് യാത്ര ചെയ്യാന്‍ പുതിയ വിമാനം വാങ്ങുന്നു. രണ്ട് ബോയിങ് 777 വിമാനങ്ങളാണ് വാങ്ങുന്നത്. ബോയിങ് കമ്പനി അടുത്ത സപ്തംബറില്‍ വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വിവിഐപി യാത്രകള്‍ക്ക് വേണ്ടി രണ്ടു വിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ നടപടികള്‍ വൈകുകയായിരുന്നു. സപ്തംബറില്‍ ഇവ ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. വ്യോമ സേനയുടെ പൈലറ്റുമാരാണ് ബോയിങ് 777 വിമാനം പറത്തുക. എയര്‍ ഇന്ത്യയുടെ പൈലറ്റുമാരാകില്ല. സാധാരണ വിമാനത്തേക്കാള്‍ വലിപ്പവും സൗകര്യമുള്ളതാകും പുതിയ വിമാനം. എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസ് ലിമിറ്റഡ് ആണ് വിമാനത്തിന്റെ അറ്റക്കുറ്റ പണികള്‍ നടത്തുക.
നിലവില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമെല്ലാം എയര്‍ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ബോയിങ് 747 വിമാനത്തിലാണ് യാത്ര ചെയ്യാറ്. എയര്‍ ഇന്ത്യ വണ്‍ എന്നാണ് ഇതിനെ വിളിക്കുക. എയര്‍ ഇന്ത്യയുടെ പൈലറ്റുമാരാണ് ഈ വിമാനം പറത്തുന്നത്. പുതിയ വിമാനം ലഭിച്ചാല്‍ ഇവ യാത്രാ വിമാനങ്ങളായി എയര്‍ ഇന്ത്യ ഉപയോഗിക്കും. മിസൈല്‍ പ്രതിരോധ സംവിധാനവും സ്വയം രക്ഷാ സ്യൂട്ടുമുള്ളതാണ് പുതിയ വിമാനങ്ങള്‍.
അതേസമയം, 19 കോടി ഡോളര്‍ ചെലവില്‍ രണ്ട് പ്രതിരോധ സിസ്റ്റം അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ നിലവില്‍ 60000 കോടി കടത്തിലാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ നടപടികള്‍ വൈകുകയാണ്.












Click it and Unblock the Notifications